
ഡള്ളാസ്: ഓസ്ട്രിയയ്ക്കെതിരെ ഇരട്ട ഗോള്‍ നേടി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ അവസാന 32-ലേക്ക് നയിച്ച ലയണല്‍ മെസ്സി, ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ഗോള്‍വേട്ടക്കാരനായി മാറി.
ബുധനാഴ്ച 39 വയസ്സ് തികയുന്ന മെസ്സി, ടൂര്‍ണമെന്റുകളിലെ തന്റെ 17, 18 ഗോളുകള്‍ തികച്ചാണ് ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയെ മറികടന്നത്. 2002-നും 2014-നും ഇടയില്‍ 16 ഗോളുകളായിരുന്നു ക്ലോസെയുടെ സമ്പാദ്യം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മെസ്സിക്ക് ഈ റെക്കോര്‍ഡ് ഭേദിക്കാമായിരുന്നു. എട്ടാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിനെ ഓസ്ട്രിയന്‍ ഡിഫെന്‍ഡര്‍ സ്റ്റെഫാന്‍ പോഷ് ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് അര്‍ജന്റീനയ്ക്ക് പെനാല്‍റ്റി ലഭിച്ചെങ്കിലും മെസ്സിയുടെ കിക്ക് പോസ്റ്റിന് പുറത്തേക്ക് പോയി.
ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ അള്‍ജീരിയക്കെതിരെ നേടിയ ഹാട്രിക്കിന് പിന്നാലെ, ഈ മത്സരത്തിലെ ഇരട്ട ഗോളുകളോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് 5 ഗോളുകളുമായി മെസ്സി 2026 ലോകകപ്പിലെ ടോപ്പ് സ്‌കോറര്‍ പദവിയില്‍ തുടരുകയാണ്. എട്ട് തവണ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ മെസ്സി, തന്റെ പ്രായത്തെയും കളിയിലെ സങ്കല്പങ്ങളെയും അപ്രസക്തമാക്കിക്കൊണ്ടാണ് മുന്നേറുന്നത്.
ലോകകപ്പിലെ അദ്ദേഹത്തിന്റെ 18 ഗോളുകളില്‍ 12 എണ്ണവും പിറന്നത് 35 വയസ്സ് തികഞ്ഞതിന് ശേഷമാണ് എന്നതാണ് ശ്രദ്ധേയം. ലോകകപ്പ് ചരിത്രത്തില്‍ തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ ഗോള്‍ നേടുന്ന മൂന്നാമത്തെ താരമായി അദ്ദേഹം മാറി. 1958ല്‍ ഫ്രാന്‍സിന്റെ ജസ്റ്റ് ഫോണ്ടെയ്‌നും, 1970-ല്‍ ബ്രസീലിന്റെ ജെയര്‍സിഞ്ഞോയുമാണ് ഇതിന് മുന്‍പ് ഈ നേട്ടം കൈവരിച്ചത്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 18-ാം വയസ്സില്‍ സെര്‍ബിയ ആന്‍ഡ് മോണ്ടിനെഗ്രോയ്ക്കെതിരെയായിരുന്നു ലോകകപ്പില്‍ മെസ്സിയുടെ ആദ്യ ഗോള്‍. എന്നാല്‍ 2010-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന് ഗോള്‍ നേടാനായിരുന്നില്ല. 2014-ല്‍ നൈജീരിയക്കെതിരായ ഇരട്ട ഗോള്‍ ഉള്‍പ്പെടെ നാലും, 2018-ല്‍ വീണ്ടും നൈജീരിയക്കെതിരെ ഒരു ഗോളും അദ്ദേഹം നേടി. 2022-ല്‍ ക്യാപ്റ്റനായി അര്‍ജന്റീനയെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ലോകകപ്പില്‍ ഫൈനല്‍ മത്സരത്തില്‍ ഫ്രാന്‍സിനെതിരായ രണ്ട് ഗോളുകള്‍ ഉള്‍പ്പെടെ ആകെ 7 ഗോളുകളാണ് അന്ന് അദ്ദേഹം നേടിയത്. നിലവില്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസ്സി, ഈ ടൂര്‍ണമെന്റ് ആരംഭിക്കുമ്പോള്‍ ക്ലോസെയേക്കാള്‍ മൂന്ന് ഗോള്‍ പിന്നിലായിരുന്നു. എന്നാല്‍ അള്‍ജീരിയക്കെതിരായ ഹാട്രിക്കോടെ ജര്‍മ്മന്‍ താരത്തിനൊപ്പമെത്തി.
ഓസ്ട്രിയക്കെതിരായ ഈ ഇരട്ട ഗോളോടെ അദ്ദേഹം റെക്കോര്‍ഡില്‍ ഒറ്റയ്ക്ക് മുന്നിലെത്തി. ഇതോടെ അര്‍ജന്റീനയ്ക്കായി 201 മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ അന്താരാഷ്ട്ര ഗോള്‍ നേട്ടം 122 ആയി ഉയര്‍ന്നു. ജൂണ്‍ 28-ന് നടക്കുന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ അര്‍ജന്റീന ജോര്‍ദാനെ നേരിടുമ്പോള്‍ മെസ്സിക്ക് ഗോള്‍ റെക്കോര്‍ഡ് ഇനിയും ഉയര്‍ത്താനാകും.






