
ലൊസാഞ്ചലസ്: ഇറാനോടു സമനില വഴങ്ങിയതോടെ ബെല്‍ജിയത്തിന്റെ നോക്കൗട്ട് സാധ്യത നൂല്‍പ്പാലത്തിലൂടെയായി. ഫുട്‌ബോള്‍ ലോകകപ്പ് ജി ഗ്രൂപ്പില്‍ രണ്ട് കളികളില്‍നിന്നു രണ്ട് പോയിന്റുള്ള ബെല്‍ജിയം മൂന്നാമതാണ്‌്.
ഇറാനും അത്രയും പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയിലെ മികവ് രണ്ടാം സ്‌ഥാനത്തെത്തിച്ചു. ലൊസാഞ്ചലസ് സ്‌റ്റേഡിയത്തില്‍ ബെല്‍ജിയം കോച്ച് റൂഡി ഗാഴ്‌സിയ റൊമേലു ലുക്കാക്കുവിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനാണു പരീക്ഷിച്ചത്. ഇറാന്‍ കോച്ച് അമിര്‍ ഘലെനോയ് പരമ്പരാഗത 4-3-3 ഫോര്‍മേഷനും പരീക്ഷിച്ചു.
കളിയുടെ 68 ശതമാനം സമയത്തും പന്ത് ബെല്‍ജിയം താരങ്ങളുടെ പക്കലായിരുന്നു. മത്സരത്തില്‍ ഇരു ടീമുകളുടെയും ഗോള്‍ കീപ്പര്‍മാര്‍ നടത്തിയ മികച്ച സേവുകളാണ് സമനിലയ്‌ക്കു കാരണം. ചരിത്രത്തിലാദ്യമായാണ് ഇറാന്‍ ലോകകപ്പിലെ ആദ്യ രണ്ട് മത്സരത്തില്‍ തോല്‍ക്കാതെ മുന്നേറുന്നത്.
രണ്ടാം പകുതിയില്‍ ഡിഫന്‍ഡര്‍ നഥാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായതോടെ ബെല്‍ജിയം പത്തുപേരായി ചുരുങ്ങി. ഇറാന്റെ ഗോള്‍ കീപ്പര്‍ അലിറേസ ബെയ്‌റന്‍വാദ് ഏഴ് സേവുകളുമായി ടീമിന്റെ രക്ഷകനായി. മാക്‌സിം ഡി ക്യൂപ്പറുടെ രണ്ട് ക്ലോസ് റേഞ്ച് ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി അവസരങ്ങള്‍ അലിറേസ തടഞ്ഞുനിര്‍ത്തി. ബെല്‍ജിയത്തിന്റെ ഗോള്‍ കീപ്പര്‍ തിബൗത്ത് കോര്‍ട്ടോസിസും മികച്ച സേവുകളുമായി തിളങ്ങി.
25-ാം മിനിറ്റില്‍ മെഹ്‌ദി തരാമി കോര്‍ട്ടോസിസിനെ മറികടന്ന് ഗോളടിച്ചെങ്കിലും വാര്‍ പരിശോധനയില്‍ ഓഫ് സൈഡായി. 66-ാം മിനിറ്റില്‍ തരാമി ഫൗള്‍ ചെയ്‌തതിനാണു എന്‍ഗോയ്‌ക്ക് നേരിട്ട് ചുവപ്പ് കാര്‍ഡ് കിട്ടിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ബെല്‍ജിയം ന്യൂസിലന്‍ഡിനെയും ഇറാന്‍ ഈജിപ്‌തിനെയും നേരിടും. നോക്കൗട്ട് പ്രതീക്ഷ നിലനിര്‍ത്താന്‍ ഇരുവര്‍ക്കും ജയം അനിവാര്യമാണ്. 16 നു നടന്ന മത്സരത്തില്‍ ഇറാന്‍ ന്യൂസിലന്‍ഡിനെ 2-2 എന്ന നിലയില്‍ തളച്ചിരുന്നു.
യുദ്ധ പശ്‌ചാത്തലത്തില്‍ പരിശീലനത്തിലും മറ്റ് കാര്യങ്ങള്‍ക്കും ഇറാന്‍ താരങ്ങള്‍ ഏറെ ബുദ്ധിമുട്ടി. മത്സരത്തിന് ഒരു ദിവസം മുമ്പ് മാത്രമാണ് ഇറാന് അമേരിക്കയിലെത്താന്‍ അനുമതിയുള്ളൂ. മത്സരം കഴിഞ്ഞയുടെ ടീം മെക്‌സിക്കോയിലെ ക്യാമ്പിലേക്കു മടങ്ങണം. പക്ഷേ ഇറാനിയന്‍ ഗോള്‍ കീപ്പര്‍ അലിറെസയുടെ മികവ് അതെല്ലാം മറികടന്നു. ലൊറെസ്‌താന്‍ പ്രവിശ്യയിലെ ഖൊറമാബാദില്‍ കുര്‍ദിഷ് - ലാക് നാടോടി കുടുംബത്തിലാണു ജനനം. കടുത്ത ദാരിദ്ര്യത്തിലായിരുന്നു കുട്ടിക്കാലം. മകന്‍ ഫുട്‌ബോള്‍ കളിക്കുന്നതിനെ പിതാവ് ശക്‌തമായി എതിര്‍ത്തിരുന്നു. ഫുട്‌ബോള്‍ ആഡംബരമാണെന്നും ഗോള്‍ കീപ്പിങ് ഗ്ലൗസിനായി പണം ചിലവാക്കുന്നത് വെറുതെയാണെന്നുമാണ് വീട്ടുകാര്‍ കരുതിയിരുന്നത്. ലളിതമായ സാഹചര്യങ്ങളില്‍ വളര്‍ന്ന അലിറെസ തന്റെ സ്വപ്‌നത്തിനായി കൗമാരത്തില്‍ തന്നെ വീടുവിട്ടു. ടെഹ്‌റാനിലേക്കായിരുന്നു യാത്ര.തെരുവുകളിലാണ് അന്തിയുറങ്ങിയത്. ഭക്ഷണത്തിനുള്ള വക കണ്ടെത്താനായി പല ജോലികള്‍ ചെയ്‌തു. ഇറാന്‍ ടീമിലെത്തിയതോടെ കഥ മാറി.
ഫുട്‌ബോളിലെ രണ്ട് ഗിന്നസ് റെക്കോഡുകള്‍ അലിറെസയുടെ പേരിലാണ്. ഫുട്‌ബോളിലെ ഏറ്റവും ദൂരം കൂടിയ ത്രോയ്‌ക്കുള്ള ഗിന്നസ് റെക്കോഡ് അദ്ദേഹത്തിനു സ്വന്തം. 2016 ഒകേ്‌ടാബറില്‍ ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ 200.14 അടി ദൂരത്തേക്കാണ് പന്ത് വലിച്ചെറിഞ്ഞത്. ഏറ്റവും നീളമേറിയ ഡ്രോപ്പ് കിക്കിനുള്ള ഗിന്നസ് റെക്കോഡും ഇദ്ദേഹത്തിന്റെ പേരില്‍ തന്നെ. മൈതാനത്ത് 255.95 അടി ദൂരത്തേക്ക് പന്ത് കിക്ക് ചെയ്‌ത് എത്തിച്ചാണ് രണ്ടാമത്തെ ഗിന്നസ് റെക്കോഡ് സ്വന്തമാക്കിയത്.






