
ഡള്ളാസ്: ഒരു പെനാല്‍റ്റി തുലച്ചെങ്കിലും മനോഹരമായ രണ്ടു ഫീല്‍ഡ്‌ഗോളുകള്‍ നേടിക്കൊണ്ട് ലിയോണേല്‍ മെസ്സി നായകനായ മത്സരത്തില്‍ അര്‍ജന്റീന ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്ക് ഓസ്ട്രിയെ തോല്‍പ്പിച്ചു. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും ജയം നേടിയതോടെ അര്‍ജന്റീന രണ്ടാം റൗണ്ട് ഉറപ്പാക്കി. ഈ മത്സരത്തിലെ ഇരട്ടഗോളുകളോടെ ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി മെസ്സി മാറി.
മത്സരത്തിന്റെ തുടക്കത്തില്‍ ലഭിച്ച പെനാല്‍റ്റി ലയണല്‍ മെസ്സി പുറത്തേക്കടിച്ച് പാഴാക്കിയിരുന്നു. എന്നാല്‍ 95-ാം മിനിറ്റില്‍ മെസ്സി തന്റെ രണ്ടാമത്തെയും ലോകകപ്പിലെ പതിനെട്ടാമത്തെയും ഗോള്‍നേടി. ഡാളസില്‍ നടന്ന ഗ്രൂപ്പ് ജെ മത്സരത്തിന്റെ 38-ാം മിനിറ്റിലായിരുന്നു മെസ്സിയുടെ ചരിത്ര നിമിഷം പിറന്നത്.
ഫാകുണ്ടോ മെദീന നല്‍കിയ പാസ് തിയാഗോ അല്‍മാഡ തന്ത്രപരമായി കാലുകള്‍ക്കിടയിലൂടെ വിട്ടുകൊടുത്തപ്പോള്‍, പെനാല്‍റ്റി ബോക്‌സിന് തൊട്ടകത്തുനിന്നും മെസ്സി അത് ഫസ്റ്റ്-ടൈം ഫിനിഷിലൂടെ വലയിലെത്തിക്കുകയായിരുന്നു. ബുധനാഴ്ച 39 വയസ്സ് തികയുന്ന താരം, മത്സരത്തിലെ ആദ്യ ഗോള്‍ നേടിക്കൊണ്ട് ലോകകപ്പിലെ തന്റെ 17-ാം ഗോളോടെ സര്‍വ്വകാല റെക്കോര്‍ഡ് സ്വന്തമാക്കി. ഇഞ്ചുറി ടൈമിലായിരുന്നു മെസ്സിയുടെ രണ്ടാമത്തെ ഗോള്‍. ജൂലിയന്‍ അല്‍വാരസിന്റെ ഷോട്ട് ഓസ്ട്രിയന്‍ ഗോള്‍കീപ്പര്‍ അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍ തടുത്തതിനു പിന്നാലെ, രണ്ട് ഓസ്ട്രിയന്‍ പ്രതിരോധഭടന്മാരെ കാഴ്ചക്കാരാക്കി മെസ്സി കടുപ്പമേറിയ ഒരു ആംഗിളില്‍ നിന്നും പന്ത് വലയിലേക്ക് തൊടുത്തുവിട്ടു.
ആറ് പോയിന്റുമായി അര്‍ജന്റീന ഇപ്പോള്‍ മെക്‌സിക്കോ, അമേരിക്ക, ജര്‍മ്മനി എന്നിവര്‍ക്കൊപ്പം അവസാന 32-ലേക്ക് യോഗ്യത ഉറപ്പാക്കിക്കഴിഞ്ഞു. പിന്നീട് നടക്കുന്ന മത്സരത്തില്‍ ജോര്‍ദാന് അള്‍ജീരിയയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ അര്‍ജന്റീന ഗ്രൂപ്പ് ജെ ജേതാക്കളാകും. ആദ്യ മത്സരത്തില്‍ ജോര്‍ദാനെ തോല്‍പ്പിച്ച ഓസ്ട്രിയ മൂന്ന് പോയിന്റുമായി ഇപ്പോഴും യോഗ്യതാ സാധ്യത നിലനിര്‍ത്തുന്നുണ്ട്.






