
വാന്‍കുവര്‍ (കാനഡ): ന്യൂസിലന്‍ഡിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കു തോല്‍പ്പിച്ച് ഈജിപ്‌ത് ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ ജയം കുറിച്ചു. കരുത്തരായ ബെല്‍ജിയത്തെ ഇറാന്‍ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. കുഞ്ഞന്‍ രാജ്യമായ കേപ് വെര്‍ദെ സമനിലപ്പൂട്ട് തുടര്‍ന്നു. ഇന്നലെ നടന്ന മത്സരത്തില്‍ അവര്‍ മുന്‍ ചാമ്പ്യന്‍ യുറുഗ്വേയെ 2-2 നാണു കുരുക്കിയത്. വാന്‍കുവറിലെ ബി.സി. പ്ലേസ് സ്‌റ്റേഡിയത്തില്‍ നടന്ന ജി ഗ്രൂപ്പ് മത്സരത്തില്‍ ന്യൂസിലന്‍ഡ് ഒരു ഗോളിനു പിന്നില്‍നിന്ന ശേഷമാണു മൂന്ന് ഗോളുകളുമടിച്ചത്.
മുസ്‌തഫാ സികോ, മുഹമ്മദ് സല, ട്രെസഗ്വറ്റ് എന്നിവരാണു ഗോളടിച്ചത്. ഫിന്‍ സര്‍മാനിലൂടെ ന്യൂസിലന്‍ഡ് 15-ാം മിനിറ്റില്‍ മുന്നിലെത്തിയിരുന്നു. ഗോളടിച്ചും അടിപ്പിച്ചും നിറഞ്ഞുനിന്ന മുഹമ്മദ് സലയാണു ഈജിപ്‌തിന് ലോകകപ്പ് ചരിത്രത്തിലെ ആദ്യ ജയം നേടിക്കൊടുത്തത്. രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് നേടിയ ഈജിപ്‌താണ് ഒന്നാമത്.
ഇറാനും ബെല്‍ജിയവും രണ്ട് പോയിന്റ് വീതം നേടി പിന്നാലെയുണ്ട്. ഒരു പോയിന്റാണ് ന്യൂസിലന്‍ഡിന്റെ അക്കൗണ്ടിലെത്തിയത്. ഈജിപ്‌ത് ആദ്യ മത്സരത്തില്‍ ബല്‍ജിയത്തോട് സമനില കുറിച്ചിരുന്നു. അവസാന മത്സരത്തില്‍ ഇറാനെ തോല്‍പ്പിച്ചാല്‍ ഏഴ് പോയിന്റുമായി അവര്‍ നോക്കൗട്ടില്‍ കടക്കും. 1934 ലോകകപ്പ് മുതല്‍ നടന്ന എട്ട് മത്സരങ്ങളിലും ഈജിപ്‌തിനു ജയിക്കാനായില്ല.
2018 ലോകകപ്പില്‍ കളിച്ച എല്ലാ മത്സരങ്ങളും തോറ്റു. 1990 ലോകകപ്പില്‍ രണ്ടു സമനില നേടിയതാണ് ഏറ്റവും മികച്ച പ്രകടനം. ഇന്നലെ 15-ാം മിനിറ്റില്‍ ടിം പെയ്‌നിന്റെ കോര്‍ണര്‍ കിക്കിനെ ഗോളിലേക്കു വഴിതിരിച്ചാണു ഫിന്‍ സുര്‍മാന്‍ ലക്ഷ്യം കണ്ടത്. രണ്ടാം പകുതിയിലാണ് ഈജിപ്‌തിന്റെ മൂന്ന് ഗോളുകളും വീണത്. തുടര്‍ച്ചയായ ഗോള്‍ ശ്രമങ്ങള്‍ക്കൊടുവില്‍ 58-ാം മിനിറ്റില്‍ ഈജിപ്‌ത് ഒപ്പമെത്തി. മുഹമ്മദ് ഹനിയുടെ അസിസ്‌റ്റിനെ ഹെഡ് ചെയ്‌ത് ഗോളാക്കി മുസ്‌തഫാ സികോ സ്‌കോര്‍ തുല്യമാക്കി. ന്യൂസീലന്‍ഡ് ഗോള്‍ കീപ്പര്‍ മാക്‌സ് ക്രോകോംബെയുടെ കൈയിലുരസിയാണു പന്ത്
വലയില്‍ കയറിയത്. പത്താം മിനിറ്റില്‍ ഈജിപ്‌ത് ലീഡ് നേടി. സൂപ്പര്‍ താരം മുഹമ്മദ് സലായാണു ഗോളടിച്ചത്. സികോയുമായി ചേര്‍ന്ന വണ്‍ ടച്ച് പാസുകള്‍ക്കൊടുവില്‍ സല പന്ത് ലക്ഷ്യത്തിലെത്തിച്ചു. 76-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ ട്രെസഗ്വറ്റ് മിനിറ്റുകള്‍ക്കു ശേഷം ഗോളടിച്ചു. സലയുടെ കോര്‍ണറില്‍ നിന്നാണ് ട്രെസെകെ്വറ്റിന്റെ ഗോള്‍ പിറന്നത്. തുടരെ രണ്ട് സമനിലകള്‍ വഴങ്ങി ബെല്‍ജിയത്തിന്റെ നോക്കൗട്ട് പ്രവേശനം കഠിനമായി. ലൊസാഞ്ചലസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 68 ശതമാനം സമയത്തും പന്ത് കൈവശം വച്ചെങ്കിലും ഇറാനെതിരേ ബെല്‍ജിയത്തിനു ഗോളടിക്കാനായില്ല. ഗോള്‍ കീപ്പര്‍ അലിറേസ ബെയ്‌റാന്‍വാദിന്റെ തകര്‍പ്പന്‍ പ്രകടനമാണു ബെല്‍ജിയത്തിനു ഗോള്‍ നിഷേധിച്ചത്. ഗോളെന്നുറച്ച ഏഴ് സേവുകളാണ് അലിറേസ തടുത്തത്.
67-ാം മിനിറ്റില്‍ നഥാന്‍ എന്‍ഗോയ് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതും ബെല്‍ജിയത്തിനു തിരിച്ചടിയായി. മയാമി സ്‌റ്റേഡിയത്തില്‍ നടന്ന എച്ച് ഗ്രൂപ്പ് മത്സരത്തിലാണ് കേപ് വെര്‍ദെ യുറുഗ്വേയെ 2-2 നു കുരുക്കിയത്. യുറുഗ്വേയ്‌ക്കായി മാക്‌സിമിലിയാനോ അരാഹോ, അഗസ്‌റ്റിന്‍ കാനോബിയോ എന്നിവര്‍ യുറുഗ്വേയ്‌ക്കായും വെര്‍ദെയ്‌ക്കായി കെവിന്‍ പിന, ഹെലിയോ വറേല എന്നിവര്‍ വെര്‍ദെയ്‌ക്കായി ഗോളടിച്ചു. വെര്‍ദെ ആദ്യ മത്സരത്തില്‍ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയിരുന്നു.






