
മുത്തച്ഛന്റെയും അച്ഛന്റെയും പാത പിന്തുടർന്ന് അഭിനയ രംഗത്തെത്തിയ അഭിനേത്രിയാണ് നടൻ സായ്കുമാറിന്റെ മകൾ വൈഷ്ണവി സായ്കുമാർ. സായ്കുമാറിന്റെയും ആദ്യ ഭാര്യ പ്രസന്നയുടെയും മകളാണ് വൈഷ്ണവി. നായകവേഷത്തിലാണ് തുടക്കം കുറിച്ചതെങ്കിലും സിനിമയിലെ വില്ലൻ വേഷങ്ങളിലൂടെയാണ് സായ് കുമാർ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. എന്നാല്‍ മിനിസ്ക്രീനിലെ വില്ലത്തിയായിട്ടാണ് വൈഷ്ണവി തിളങ്ങിയത്. ‘കൈയ്യെത്തും ദൂരത്ത്‘ പരമ്പരയിലൂടെയാണ് അഭിനയ രംഗത്തെത്തിയ വൈഷ്ണവി, പിന്നീട് നിരവധി സീരിയലുകളുടെ ഭാഗമായി ടെലിവിഷന്‍ രംഗത്തെ നിറ സാന്നിധ്യമായി.
ഇപ്പോഴിതാ താനങ്ങനെ മനഃപൂര്‍വ്വം അച്ഛനെ അനുകരിക്കാറില്ലെന്ന് പറയുകയാണ് വൈഷ്ണവി സായ്കുമാര്. അച്ഛനൊക്കെ വലിയ ലെജന്ഡ്സാണെന്നും അവര്‍ ചെയ്തു വച്ചിരിക്കുന്നത് തന്നെക്കൊണ്ട് ഒരിക്കലും ചെയ്യാനാവില്ലെന്നുമാണ് വൈഷ്ണവി പറയുന്നത്.
‘‘സത്യം പറഞ്ഞാൽ എന്നെ സംബന്ധിച്ച് ഈ എന്റെ അടുത്ത് പലരും ചോദിച്ചിട്ടുണ്ട്, അച്ഛന്റെ മാനറിസം എവിടെയെങ്കിലുമൊക്കെ ആക്ടിങ്ങിൽ വരുമ്പോള്‍ അച്ഛനെ അനുകരിക്കുന്നുണ്ടോ എന്ന്? ഒന്ന്, എന്റെ അച്ഛനാണ്. എനിക്ക് അനുകരിക്കേണ്ട ആവശ്യമില്ല. പിന്നെ എന്നെ സംബന്ധിച്ച് ആക്ഷൻ പറഞ്ഞു കഴിഞ്ഞാൽ ഒരാളെ തിങ്ക് ചെയ്തിട്ട് അദ്ദേഹത്തെ പോലെ അഭിനയിക്കാം എന്നുള്ളതാണ് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടുള്ള കാര്യം. അതൊന്നും നടക്കുന്ന കാര്യമല്ല.
സീരിയലുകളിൽ, സിനിമയിലെ പോലെ അത്രയും റിഹേഴ്സൽസ് കൊടുത്ത്, നമ്മൾ ഡയലോഗ്സ് കാണാപാഠം പഠിച്ച്, അങ്ങനെയല്ല പറയുന്നത്. ചിലപ്പോൾ ആ സമയത്തായിരിക്കും നമുക്ക് സീൻ കൈയില്‍ കിട്ടുന്നത്, അപ്പോള്‍ എടുക്കാം എന്ന് പറഞ്ഞിട്ടായിരിക്കും ഷൂട്ട് പോകുന്നത്. ആ സമയത്ത് ഈ സീൻ എങ്ങനെ അനുകരിക്കണം എന്ന് പ്രിപ്പെയർ ചെയ്യാൻ പോലുമുള്ള സമയം കാണില്ല.
അച്ഛൻ നോട്ടം അവിടെ കൊടുത്തിട്ടുണ്ടല്ലോ, അത് ഈ സീനില്‍ ഈ എക്സ്പ്രെഷനൊപ്പം കൊടുക്കാമെന്നുള്ളത് നടക്കുന്ന കാര്യമല്ല. അവരൊക്കെ ലെജൻഡ്സ് ആണ്. അവരൊക്കെ ചെയ്തിരിക്കുന്ന ഒരു സംഭവം, മോളാണെന്ന് പറഞ്ഞ് എനിക്ക് കേറി ചെയ്യാനൊന്നും പറ്റുകയൊന്നുമില്ല. പിന്നെ, അങ്ങനെ ആളുകൾ ചോദിക്കുന്നതിനകത്ത് എനിക്ക് ഒരു വല്ലായ്മ തോന്നിയിട്ടുണ്ട് പലപ്പോഴും....’’ എന്നാണ് വൈഷ്ണവി പറയുന്നത്.






