
റോം: ജി7 ഉച്ചകോടിക്കിടെ ഒന്നിച്ച് ഫോട്ടോയെടുക്കാൻ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി തന്നോട് "കെഞ്ചിയെന്ന" യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ശക്തമായ പ്രതികരണവുമായി ഇറ്റലി. ട്രംപിന്റെ പ്രസ്താവന പൂർണ്ണമായും വ്യാജമാണെന്നും തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്നും മെലോനി വ്യക്തമാക്കി. ട്രംപ്-മെലോനി തർക്കത്തിനിടയിൽ വീണ്ടും ശ്രദ്ധേയമായി മോദി-മെലോനി ബന്ധം. മോദിയുടെയും മെലോനിയുടെയും ചിത്രങ്ങളും സെൽഫികളും ഇന്റർനെറ്റിൽ തരംഗമാവുന്ന അവസരത്തിലാണ് ഇത്തരത്തിൽ ഒരു ഫോട്ടോ വിവാദം ഉടലെടുത്തിരിക്കുന്നത്.
ഇറ്റാലിയൻ മാധ്യമമായ 'ലാ7' ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് വിവാദ പരാമർശം നടത്തിയത്. ജി7 ഉച്ചകോടിക്കിടെ മെലോനിക്ക് തന്നോടൊപ്പം ഒരു ഫോട്ടോയെടുക്കാൻ വലിയ ആഗ്രഹമായിരുന്നെന്നും, അവരോട് പാവം തോന്നിയത് കൊണ്ടാണ് താൻ അതിന് സമ്മതിച്ചതെന്നുമാണ് ട്രംപ് പറഞ്ഞത്. "അവർക്ക് എന്നോട് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടാകും. എനിക്ക് അവരോട് സംസാരിക്കേണ്ട കാര്യമുണ്ടായിരുന്നില്ല," എന്നും ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതിനു പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെ മെലോനി കടുത്ത ഭാഷയിൽ മറുപടി നൽകി. "ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനകൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണ്, എനിക്ക് വലിയ ഞെട്ടലാണുണ്ടായത്. സ്വന്തം സഖ്യകക്ഷികളോട് അമേരിക്കൻ പ്രസിഡന്റ് എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതാദ്യമായല്ല അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്. പാശ്ചാത്യ രാജ്യങ്ങളുടെയും യുഎസിന്റെയും യഥാർത്ഥ ശത്രുക്കളോട് കാണിക്കാത്ത കടുത്ത നിലപാടുകൾ സഖ്യകക്ഷികളോട് കാണിക്കുന്നത് കഷ്ടമാണ്. എന്നാൽ ഒരു കാര്യം അദ്ദേഹം ഓർക്കണം: ഞാനും ഇറ്റലിയും ഒരിക്കലും ആരുടെയും മുന്നിൽ കെഞ്ചാറില്ല." എന്നാണ് ജോർജിയ മെലോനി എക്സിലൂടെ പറഞ്ഞത്.
വിവാദത്തെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. ട്രംപിന്റെ അപമാനകരമായ പരാമർശത്തിൽ പ്രതിഷേധിച്ച് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആന്റോണിയോ താജാനി തന്റെ ഔദ്യോഗിക യുഎസ് സന്ദർശനം റദ്ദാക്കി. ജൂൺ 21, 22 തീയതികളിൽ നടത്താനിരുന്ന സന്ദർശനമാണ് വേണ്ടെന്നുവെച്ചത്. ട്രംപിന്റെ വാക്കുകൾ മെലോനിയെ മാത്രമല്ല, ഇറ്റലിയെ മുഴുവൻ അപമാനിക്കുന്നതാണെന്ന് താജാനി എക്സിൽ കുറിച്ചു. ഭീഷണിയുടെ നിഴലിൽ ആണെങ്കിൽ പോലും മെലോനി ഒരു ഫോട്ടോയ്ക്കായി ആരുടെയും മുന്നിൽ യാചിക്കില്ലെന്ന് ഇറ്റാലിയൻ പ്രതിരോധ മന്ത്രി പറഞ്ഞു. ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് ലിയോ മാർപ്പാപ്പയെ ട്രംപ് വിമർശിച്ചതിനെ ഈ വർഷം ആദ്യം മെലോനി ചോദ്യം ചെയ്തിരുന്നു. അതിനു മറുപടിയായി മെലോനിക്ക് ധൈര്യമില്ലെന്ന് ട്രംപ് പരസ്യമായി ആക്ഷേപിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഫോട്ടോ വിവാദം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയിരിക്കുന്നത്.
അതേസമയം മോദി - മെലോനി സൗഹൃദം സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെടുകയാണ്. ലോകമെമ്പാടും തരംഗമായ ഒരു ഹാഷ്‌ടാഗ് ആണ് "മെലോഡി" #Melodi. മോദി (Modi), മെലോനി (Meloni) എന്നീ പേരുകൾ ചേർത്താണ് നെറ്റിസൺസ് ഈ പേര് ഉണ്ടാക്കിയത്. ആഗോള ഉച്ചകോടികളിൽ ഇരുവരും തമ്മിൽ നടത്തുന്ന കൂടിക്കാഴ്ചകളുടെ ചിത്രങ്ങളും സെൽഫികളും മെലോനി തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ ജി20, സി.ഒ.പി ഉച്ചകോടികളിലെ ഇവരുടെ സെൽഫികൾ വലിയ രീതിയിൽ വൈറലായിരുന്നു.






