
ബ്യൂണസ് ഐറിസ്: അര്‍ജന്റീന ഫുട്ബോള്‍ താരം ലയണല്‍ മെസിയുടെ പിതാവ് 68 വയസുകാരന് യോര്‍ഗെ മെസിയുടെ ആരോഗ്യാസ്ഥിതി മോശമാണെന്നു വെളിപ്പെടുത്തല്‍. അള്‍ജീരിയക്കെതിരായ മത്സരത്തില്‍ ഗോളടിച്ചതിനു പിന്നാലെ മെസി കരഞ്ഞതിനു പിന്നില്‍ പിതാവിന്റെ മോശം ആരോഗ്യാവസ്ഥയാണെന്നും കുടുംബം വ്യക്തമാക്കി. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ഫുട്ബോളുമായി ബന്ധപ്പെട്ട വിഷയമല്ല കരഞ്ഞതിനു പിന്നിലെന്നു മെസി പറഞ്ഞിരുന്നു. വ്യക്തിപരമായ വിഷയമാണെന്ന സൂചന നല്‍കിയെങ്കിലും കാരണം പൂര്‍ണമായി വെളിപ്പെടുത്താന്‍ അദ്ദേഹം വിസമ്മതിച്ചു. ഇപ്പോഴാണ് കുടുംബം യോര്‍ഗെയുടെ ആരോഗ്യാവസ്ഥയെ കുറിച്ച് പ്രതികരിച്ചത്.
നിലവില്‍ അദ്ദേഹം വിദഗ്ധ വൈദ്യപരിശോധനയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും കുടുംബം വ്യക്തമാക്കി. ഔദ്യോഗികമല്ലാത്ത വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ഥിച്ച കുടുംബം സത്യസന്ധമായ വിവരങ്ങള്‍ അറിയിക്കുമെന്ന് ഉറപ്പും നല്കി. യോര്ഗെയ്ക്ക് എന്ത് രോഗമാണ് ബാധിച്ചതെന്നു വ്യക്തമാക്കിയിട്ടില്ല.






