
സാപോപാന്(മെക്സിക്കോ): ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് മെക്സിക്കോ ഈ ഫുട്ബോള്‍ ലോകകപ്പിലെ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ടീമായി. എ ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചാണ് ആതിഥേയരുടെ മുന്നേറ്റം. 50-ാം മിനിറ്റില്‍ ഗോളടിച്ച ലൂയിസ് റോമോയാണ് വിജയ ശില്‍പ്പി. ആദ്യ മത്സരത്തില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചിരുന്നു.
മെക്സിക്കോ ആറ് പോയിന്റും ദക്ഷിണ കൊറിയ മൂന്ന് പോയിന്റും നേടി. ഗ്രൂപ്പിലെ മറ്റു ടീമുകളായ ചെക്ക് റിപ്പബ്ലിക്കിനും ദക്ഷിണാഫ്രിക്കയ്ക്കും ഒരു പോയിന്റ് വീതമാണ്. ഗ്വാഡജാറ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജയിക്കുന്നവര്‍ നോക്കൗട്ടിലെത്തുമെന്ന് ഉറപ്പായിരുന്നു. മെക്സിക്കന്‍ കോച്ച് സാവിയര്‍ അഗ്യൂറോ 4-1-2-3 ഫോര്‍മേഷനും കൊറിയന്‍ കോച്ച് ഹോങ് മ്യുങ് ബോ പ്രസിങ് ഫോര്‍മേഷനായ 3-4-3 ലും താല്പര്യപ്പെട്ടു. 57 ശതമാനം സമയത്തും പന്ത് കൈവശം വച്ച മെക്സിക്കോയ്ക്കു മുന്‍തൂക്കവുമുണ്ടായിരുന്നു. കൊറിയന്‍ ബോക്സിലേക്ക് നിരന്തരം മെക്സിക്കന്‍ തിരമാലയെത്തി. ഗോള്‍ കീപ്പര്‍ കിം സ്യുങ് ഗ്യുവിന്റെ ഇടപെടലുകളാണ് ടീമിനെ രക്ഷിച്ചത്.
സണ്‍ ഹ്യുങ് മിന്നിന്റെ നേതൃത്വത്തിലുള്ള കൊറിയക്കാര്‍ പ്രത്യാക്രമണത്തിലൂടെ മെക്സിക്കോ ഗോള്‍ കീപ്പര്‍ റൗള്‍ റാംഗലിനെയും പ്രതിരോധത്തെയും പരീക്ഷിച്ചു. കളിയുടെ അവസാന മിനിറ്റില്‍ റൗള്‍ റാംഗല്‍ നടത്തിയ ഡബിള്‍ സേവും മെക്സിക്കോയെ സമനില വഴങ്ങാതെ കാത്തു. ഒന്നാം പകുതി ഗോള്‍രഹിതമായിരുന്നു. ലോകകപ്പിലെ കഴിഞ്ഞ 12 മത്സരങ്ങളിലും മെക്സിക്കോ ഒന്നാം പകുതിയില്‍ ഗോള്‍ വഴങ്ങിയില്ലെന്ന അപൂര്‍വതയും പിറന്നു. 50-ാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ ഗോളെത്തി. കൊറിയന്‍ ഗോള്‍ കീപ്പറുടെ പിഴവിലാണു ഗോള്‍ വീണത്. ഉയര്‍ന്നുവന്ന പന്ത് കിം സ്യുങ് ഗ്യു കൈപ്പിടിയിലാക്കിയെങ്കിലും സഹതാരവുമായി കൂട്ടിയിടിച്ചതോടെ കൈവിട്ടു. പാകത്തിനു കിട്ടിയ റോമോ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 75-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ നിന്നുള്ള റൗള്‍ ജിമെനെസിന്റെ തകര്‍പ്പന്‍ ഷോട്ട് ഗോള്‍ കീപ്പര്‍ തട്ടിയകറ്റി. 87-ാം മിനിറ്റില്‍ ചോ ഗ്യൂസങ്ങിന്റെ മിന്നല്‍ ഹെഡര്‍ മെക്സിക്കന്‍ ഗോള്‍ കീപ്പര്‍ അവിശ്വസനീയമായി തട്ടിയിട്ടു. ബി ഗ്രൂപ്പ് മത്സരങ്ങളില്‍ കാനഡയും സ്വിറ്റ്സര്‍ലന്‍ഡും ജയമറിഞ്ഞു. കാനഡ 6-0 ത്തിന് ഖത്തറിനെ തകര്‍ത്തപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് 4-1 നു ബോസ്നിയ ആന്‍ഡ് ഹെര്സഗോവ്നിയയെ തോല്‍പ്പിച്ചു.
കാനഡയ്ക്കായി ജൊനാഥന് ഡേവിഡ് ഹാട്രിക്കടിച്ചു. സൈല്‍ ലാറിന്, നഥാന്‍ സാലിബ എന്നിവര്‍ ഓരോ ഗോള്‍ വീതവുമടിച്ചു. മുഹമ്മദ് മനായിയുടെ സെല്‍ഫ് ഗോളും കനേഡിയന്‍ അക്കൗണ്ടിലെത്തി. ഖത്തറിന്റെ ഹോം അഹമ്മദ്, അസിം മാഡിബോ എന്നിവര്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായിരുന്നു. ബോസ്നിയയ്ക്കെതിരേ സ്വിസുകാര്ക്കായി ജൊഹാന്‍ മാന്‍സാംബി ഇരട്ട ഗോളടിച്ചു. റൂബന്‍ വര്‍ഗാസ്, ഗ്രാനിറ്റ് എക്സാക എന്നിവര്‍ ഒരു ഗോള്‍ വീതമടിച്ചു. ബോസ്നിയയ്ക്കായി എര്‍മിന്‍ മഹ്മിച്ചാണ് ഒരു ഗോളടിച്ചത്.




