മയാമി: ഫുട്‌ബോള്‍ ലോകകപ്പില്‍ കേപ് വെര്‍ദെ അദ്‌ഭുത പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. എച്ച് ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്‍ സ്‌പെയിനെ ഗോള്‍രഹിത സമനിലയില്‍ കുരുക്കിയ വെര്‍ദെ യുറുഗ്വേയെ 2-2 നാണു കുടുക്കിയത്.
മയാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ 66 ശതമാനം സമയത്തും പന്ത് കൈവശം വച്ചെങ്കിലും യുറുഗ്വേയ്‌ക്ക് വെര്‍ദെയെ തോല്‍പ്പിക്കാനായില്ല. ലോകകപ്പിന്റെ ചരിത്രത്തില്‍ ഒരു എഡിഷനില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ തോല്‍ക്കാതെ നിലനില്‍ക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ ടീം കൂടിയാണ് വെര്‍ദെ. 1982 ലോകകപ്പില്‍ കാമറൂണ്‍ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചപ്പോള്‍ 2002 ല്‍ സെനഗല്‍ ആദ്യ രണ്ട് മത്സരങ്ങളിലായി ജയവും സമനിലയും സ്വന്തമാക്കി. ആദ്യ രണ്ട് മത്സരങ്ങളില്‍ വീഴാതെ പിടിച്ച് നിന്ന മൂന്നാമത്തെ ആഫ്രിക്കന്‍ ടീം ഘാനയാണ്. 2010 ല്‍ ജയവും സമനിലയുമാണ് ആദ്യ രണ്ട് പോരാട്ടത്തില്‍ ഘാന കൈപ്പിടിയിലാക്കിയത്. 16 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ആഫ്രിക്കന്‍ ടീമും കരുത്ത് തെളിയിച്ചു. കളിയുടെ 21-ാം മിനിറ്റില്‍ കെവിന്‍ പിനയിലൂടെ വെര്‍ദെ മുന്നിലെത്തി. പിനയുടെ ഫ്രീകിക്ക് യുറുഗ്വേയുടെ വെറ്ററന്‍ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസിയാലയെ മറികടന്നു. ലോകകപ്പിലെ വെര്‍ദെയുടെ ആദ്യ ഗോളായിരുന്നു അത്. റഷ്യയിലെ എഫ്.സി. ക്രാസ്‌നോദാറിന്റെ താരമാണു പിന.
റഷ്യന്‍ പ്രീമിയര്‍ ലീഗില്‍ ക്രാസ്‌നോദാര്‍ രണ്ടാം സ്‌ഥാനക്കാരായി. വെര്‍ദെയിലെ ചെറിയ പട്ടണമായ പ്രായയിലാണു പിന ജനിച്ചത്. 2018 ല്‍ പോര്‍ചുഗീസ് സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് ഒലിവറീസിനു വേണ്ടി കളിക്കാന്‍ തുടങ്ങി. 44-ാം മിനിറ്റില്‍ മാക്‌സിമിലിയാനോ അരാഹോ യുറുഗ്വേയ്‌ക്കായി സമനില ഗോളടിച്ചു. ഗോള്‍ കീപ്പര്‍ വൊസീഞ്ഞ വഴങ്ങുന്ന ആദ്യ ഗോള്‍. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ അഗസ്‌റ്റിന്‍ കാനോബിയും ഗോളടിച്ചു. യുറുഗ്വേയുടെ പ്രതീക്ഷകള്‍ തകിടം മറിച്ചത് 61-ാം മിനിറ്റില്‍. ഹെലിയോ വറേലയുടെ മിന്നല്‍ ഗോള്‍ വെര്‍ദെയ്‌ക്കു സമനില നേടിക്കൊടുത്തു. വെര്‍ദെയ്‌ക്ക് ഗ്രൂപ്പിലെ ആദ്യ സ്‌ഥാനക്കാരായില്ലെങ്കിലും മികച്ച എട്ട് മൂന്നാം സ്‌ഥാനക്കാരില്‍ ഒന്നായി നോക്കൗട്ടില്‍ കടക്കാനുള്ള സാധ്യതയുണ്ട്.
സൗദി അറേബ്യയെ 4-0 ത്തിനു തോല്‍പ്പിച്ച സ്‌പെയിനാണ് ഗ്രൂപ്പില്‍ ഒന്നാമത്. അറ്റ്‌ലാന്റ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സ്‌പെയിനായി മികേല്‍ ഒയര്‍സബാല്‍ ഇരട്ട ഗോളുകളും ലാമിനെ യമാല്‍ ഒരു ഗോളുമടിച്ചു. സൗദിയുടെ ഹസന്‍ അല്‍താബാകി സെല്‍ഫ് ഗോളുമടിച്ചു. നാല് പോയിന്റ് നേടിയ സ്‌പെയിന്‍ ഒന്നാമതാണ്.






