
വാന്‍കൂവര്‍: ബ്രസീല്‍ ഇതിഹാസം ''സീക്കോയുടെ'' പേര് മകനിട്ട ആ മാതാപിതാക്കള്‍ ഇപ്പോള്‍ സന്തോഷിക്കുകയാണ്്. മകന് മുസ്തഫ സീക്കോ ഫുട്ബോള്‍ ലോകകപ്പിലെ ഗോളടിക്കാരുടെ പട്ടികയില്‍ തന്റെ പേരും കൂട്ടിചേര്‍ത്തു.
ന്യൂസിലന്ഡിനെതിരേ നടന്ന മത്സരത്തില്‍ മുസ്തഫ ഗോളടിക്കുകയും അടിപ്പിക്കുകയും ചെയ്തു. സെന്റര്‍ ഫോര്‍വേഡ്, അറ്റാക്കര്‍, വിങര്‍ ഏത് പൊസിഷനിലും കളിക്കാന്‍ പറ്റിയ താരമാണു മുസ്തഫ സീക്കോ. ടീമില്‍ ഇടംകിട്ടില്ലെന്ന ധാരണയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയ മുസ്തഫ സീക്കോയെ കോച്ച് ഹൊസം ഹസന്റെ ഫോണ്‍ കോളാണു തിരിച്ചു വിളിച്ചത്്.
വടക്കന്‍ ഈജിപ്തിലേക്കായിരുന്നു മുസ്തഫ അവധി ആഘോഷിക്കാന്‍ പോയത്. കളിക്കളത്തില്‍ തിരിച്ചെത്തിയ താരം സൗഹൃദ മത്സരങ്ങളില്‍ ഗോളടിച്ചു കോച്ചിന്റെ പ്രതീക്ഷ കാത്തു.
29 വയസുകാരനായ മുസ്തഫ 2022 ല്‍ കാര്‍ലോസ് ക്വീറോസ് കോച്ചായിരിക്കേയാണ് ആദ്യമായി ദേശീയ ടീമില്‍ കളിക്കുന്നത്. ഇതുവരെ നാല് കളികളിലായി മൂന്ന് ഗോളുകളടിച്ചു. ഈജിപ്ഷ്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ് പിരമിഡിന്റെ പ്രധാന താരവുമാണ്്. ന്യൂസിലന്ഡിനെതിരേ ഒന്നാം പകുതിയില്‍ ഒരു ഗോള്‍ വഴങ്ങി പിന്നിലായ ഈജിപ്ത് രണ്ടാം പകുതിയില്‍ മൂന്നു ഗോളുകള്‍ തിരിച്ചടിച്ചു. ഗോളടിച്ചും അടിപ്പിച്ചും കളംനിറഞ്ഞ സൂപ്പര്‍ താരം മുഹമ്മദ് സലായാണ് ഹീറോ. ആദ്യ മത്സരത്തില്‍ ബല്‍ജിയത്തോട് സമനില വഴങ്ങിയ ടീം നാലു പോയിന്റുമായി ജി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്.






