ഹൂസ്‌റ്റണ്‍: സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ചുഗലിന് ഫുട്‌ബോള്‍ ലോകകപ്പില്‍ ഇന്നു രണ്ടാമങ്കം.
ഇന്ത്യന്‍ സമയം വൈകിട്ട് 10.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ ഉസ്‌ബെക്‌്സ്‌ഥാനാണ് പോര്‍ചുഗലിനെ നേരിടുക. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരേ നടന്ന പോര്‍ചുഗലിന്റെ ആദ്യ മത്സരം സമനിലയായിരുന്നു. മത്സരത്തില്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ നിരാശപ്പെടുത്തിയിരുന്നു. 41 വയസുകാരനായ താരം ഇന്നു തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എല്ലാ കണ്ണുകളും ആ ബൂട്ടുകളിലേക്കായിരിക്കും. ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ ഇറങ്ങുമ്പോള്‍ ഒരു സൂപ്പര്‍ നേട്ടവും അദ്ദേഹത്തിനു സ്വന്തമാക്കാം. ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടമാണു ക്രിസ്‌റ്റ്യാനോയെ കാത്തിരിക്കുന്നത്. അഞ്ച് ലോകകപ്പുകളിലും ക്രിസ്‌റ്റ്യാനോ ഗോളടിച്ചു. ആകെ എട്ട് ഗോളുകളാണു നേട്ടം.
2006 ലെ അരങ്ങേറ്റ ലോകകപ്പില്‍ ഒരു ഗോളാണ് അടിച്ചത്. 2010, 2014, 2022 ലോകകപ്പുകളിലും ഓരോ ഗോളുകള്‍ വീതമടിച്ചു. 2018 ലോകകപ്പില്‍ നാല് തവണയും ഗോളടിച്ചു. അഞ്ച് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന നേട്ടം ക്രിസ്‌റ്റ്യാനോ തന്റെ പേരിലാക്കിയിരുന്നു. തന്റെ ആറാം ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ക്രിസ്‌റ്റ്യാനോ നിരാശപ്പെടുത്തി. താരത്തിന് വെറും മൂന്ന് ഷോട്ടുകള്‍ മാത്രമാണ് അടിക്കാന്‍ സാധിച്ചിരുന്നത്.






