
ബെല്‍ജിയവുമായുള്ള മത്സരത്തിന് ശേഷം ഇറാന് ഫുട്ബോള്‍ ടീം ഡ്രസിങ് റൂമില്‍ കൈപ്പടയില്‍ എഴുതിവച്ച കുറിപ്പ് വൈറലായി. ''എല്ലാ രാജ്യങ്ങള്‍ക്കിടയിലും സമാധാനവും പരസ്പര ബഹുമാനവും സൗഹൃദവും നിലനില്ക്കട്ടെ'' എന്ന് കുറിപ്പില്‍ വ്യക്തമാക്കി.
''അഭിമാനത്തോടെയാണ് ലോസാഞ്ചലസിലേക്കു വന്നത്, അന്തസോടെ മത്സരിച്ചു, മാന്യതയോടെ മടങ്ങുന്നു'' - കുറിപ്പ് തുടരുന്നു. സ്വീകരണത്തിന് നന്ദി. ഒപ്പം ഈ 180 മിനിറ്റുകളിലുടനീളം ഇറാനായി ഹൃദയവും ശബ്ദവും ആത്മാവും നല്കിയ ഓരോത്തര്‍ക്കും നന്ദി.
യു.എസുമായുള്ള സംഘര്‍ഷത്തിന്റെ ആദ്യ ദിവസം മിനാബിലെ പെണ്‍കുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍ 168 പേര് കൊല്ലപ്പെട്ട സംഭവത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. സുരക്ഷാ പ്രശ്നങ്ങളും യാത്രാ നിയന്ത്രണങ്ങളും കാരണം അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇറാന് ലോകകപ്പ് കളിക്കുന്നത്. വിസ വ്യവസ്ഥ പ്രകാരം മത്സരത്തിന് തലേദിവസം മാത്രം യുഎസിലേക്ക് പറക്കാനും മത്സരം കഴിയുന്ന ദിവസം തന്നെ രാജ്യം വിടാനുമാണ് അനുമതിയുള്ളത്. ഈ ലോകകപ്പില്‍ ഏറ്റവും അവഗണന നേരിടുന്ന ടീം തങ്ങളാണെന്ന് ഇറാന് കോച്ച് അമീര്‍ ഖാലെനോയി പ്രതികരിച്ചിരുന്നു. ഇറാന്റെ അവസാന ഗ്രൂപ്പ് മത്സരം 27 ന് ഈജിപ്തിനെതിരേയാണ്്. സിയാറ്റിലാണു വേദി.






