
വാന്‍കൂവര്‍: ഖത്തറും കാനഡയും തമ്മില്‍ നടന്ന ഫുട്ബോള്‍ ലോകകപ്പ് ബി ഗ്രൂപ്പ് മത്സരം ജൊനാഥന് ഡേവിഡിന്റെ ഹാട്രിക്ക് കൊണ്ടു മാത്രമല്ല പരുക്കന്‍ അടവുകളും കൊണ്ടു സജീവമായി.
റഫറി ക്രിസ്റ്റന്‍ ഗാറേയ് ഖത്തറിനെതിരേ രണ്ട് ചുവപ്പ് കാര്‍ഡുകളും ഒരു മഞ്ഞക്കാര്‍ഡും പുറത്തെടുത്തു. കാനഡയും ഒരു മഞ്ഞക്കാര്‍ഡ് കണ്ടു. ഖത്തര്‍ 10 ഫൗളുകള്‍ നടത്തിയപ്പോള്‍ കനേഡിയന്‍ ഭാഗത്തുനിന്ന് ഒന്‍പത് ഫൗളുകള്‍ പിറന്നു. ഗുരുതര ടാക്കിളുകളും ഫൗളുകളുടെ പെരുമഴയും മത്സരത്തിലുണ്ടായി. ലോകകപ്പില്‍ കാനഡയുടെ ആദ്യ ജയമാണിത്. 33-ാം മിനിറ്റില്‍ ഹൊമാം അഹമ്മദ്, 53-ാം മിനിറ്റില്‍ അസിം മാഡിബോ എന്നിവര്‍ ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതോടെ ഖത്തര്‍ ഒന്‍പത് പേരുമായാണു കളി പൂര്‍ത്തിയാക്കിയത്്.
കാനഡ താരങ്ങളുടെ മുന്നേറ്റം തടയാന്‍ ഖത്തറുകാര്‍ കാടന്‍ ഫൗളുകള്‍ പുറത്തെടുത്തു. ടാജോണ്‍ ബുകാനനെ അപകടകരമായി ഫൗള്‍ ചെയ്താണു ഹൊമാം ചുവപ്പ് കാര്‍ഡ് കണ്ടത്. റഫറി ആദ്യം മഞ്ഞക്കാര്‍ഡ് നല്‍കിയെങ്കിലും വാര് പരിശോധിച്ച ശേഷം ചുവപ്പ് കാര്‍ഡാക്കി. ടാജോണ്‍ ബുകാനന്റെ ഗോളടിക്കാനുള്ള അവസരം മനപൂര്‍വം ഇല്ലാതാക്കാനായിരുന്നു ഫൗളെന്നു വാറില്‍ വ്യക്തമായിരുന്നു. കനേഡിയന്‍ മിഡ് ഫീല്‍ഡര്‍ ഇസ്മായില്‍ കോനെയെ ചവിട്ടി വീഴ്ത്തിയാണ് അസിം മാഡിബോ ചുവപ്പ് കാര്‍ഡ് കണ്ടത്. അസിമിന്റെ പിന്നില്‍ നിന്നുള്ള ഫൗളില്‍ കോനെയുടെ ഇടതു കാലിനു ഗുരുതരമായ പരുക്കേറ്റു. ഇടതു കാലിന് ഒടിവുണ്ടെന്നാണു സൂചന. ബി സി വാന്‍കൂവറില്‍ നടന്ന മത്സരത്തിന്റെ 16-ാം മിനിറ്റില്‍ സൈള് ലാറിനാണ് കാനഡയ്ക്കായി ആദ്യ ഗോളടിച്ചത്.
29, 45, 92 മിനിറ്റുകളിലായാണു ലാറിന്റെ ഹാട്രിക്ക് പിറന്നത്. ലോകകപ്പില്‍ ഹാട്രിക്കടിക്കുന്ന രണ്ടാമത്തെ വടക്കേ അമേരിക്കന്‍ താരമാണ് ജോനാഥന് ഡേവിഡ്. 1930 ല്‍ നടന്ന പ്രഥമ ലോകകപ്പില്‍ യു.എസിന്റെ ബെര്‍ട്ട് പാടൗഡ് പരാഗ്വേയ്ക്കെതിരേ ഹാട്രിക്കടിച്ചു മുന്‍ഗാമിയായി. 96 വര്‍ഷങ്ങള്‍ക്കു ശേഷമാണ് അടുത്ത ഹാട്രിക്ക് ജനിച്ചത്്. 1966 ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ ആതിഥ്യം വഹിക്കുന്ന രാജ്യത്തിന്റെ ഒരു താരം ഹാട്രിക്കടിക്കുന്നത്. ഇം?ണ്ടിന്റെ ജെഫ് ഹേഴ്സനായിരുന്നു ഇതിന് മുമ്പ് ഈ നേട്ടം കുറിച്ചത്്. ലോകകപ്പിന്റെ ഫൈനലിലായിരുന്നു ഹേഴ്സന്റെ ഹാട്രിക്ക്. ഡേവിഡിന് പുറമെ സൈല്‍ ലാറില്‍, നഥാന്‍ സാലിബ എന്നിവരും ഗോളടിച്ചു.
മുഹമ്മദ് മനായുടെ സെല്‍ഫ് ഗോളും ഖത്തറിനു തിരിച്ചടിയായി. ഒന്‍പത് താരങ്ങളുമായി കളിച്ച ഖത്തറിന് പൊരുതാനുള്ള അവസരമുണ്ടായില്ല. യൂസഫ് അബ്ദുറിസാഗിനെ മുന്നില്‍ നിര്‍ത്തിയ 4-2-3-1 ഫോര്‍മേഷനിലാണ് ഖത്തര്‍ കോച്ച ജൂലിയന്‍ ലോപ്റ്റെഗുയി താല്പര്യപ്പെട്ടത്. കനേഡിയന്‍ കോച്ച് ജെസ് മാര്‍ഷ് 4-4-2 ഫോര്‍മേഷനിലാണു ടീമിനെ തയാറാക്കിയത്. 25 നു സ്വിറ്റ്സര്ലാന്ഡിനെതിരേയാണ് കാനഡയുടെ അടുത്ത മത്സരം. അതേ ദിവസം നടക്കുന്ന മത്സരത്തില്‍ ഖത്തര്‍ ബോസ്നിയയെ നേരിടും.




