മനില: ഫിലിപ്പീന്‍സിലെ സ്കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു. സഹപാഠികളായ രണ്ടു കുട്ടികളാണു വെടിവയ്പ്പ് നടത്തിയതെന്നു പോലീസ് പറഞ്ഞു. ടാകേ്ലാബാന് നഗരത്തിലെ സാന്‍ ജോസ് നാഷണല്‍ ഹൈസ്കൂളിലാണു സംഭവം. 14ഉം 15ഉം വയസുള്ള കുട്ടികളാണ് വെടിവയ്പ്പ് നടത്തിയത്. തുടര്‍ച്ചയായി ഭീഷണിപ്പെടുത്തുന്നതിലുള്ള പക മൂലമാണ് ഇവര്‍ സഹപാഠികള്ക്കുനേരേ വെടിവച്ചതെന്നു പോലീസ് പറഞ്ഞു. ആക്രമണം നടത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. രണ്ടാമത്തെയാള്‍ പിന്നീട് പോലീസിനു മുന്നില്‍ കീഴടങ്ങി. ഇവരില്‍നിന്ന്.38 എം.എം. റിവോള്‍വറും 9 എം.എം. പിസ്റ്റളും പിടിച്ചെടുത്തു.
ബന്ധുക്കളുടെ തോക്കുകള്‍ കൈവശപ്പെടുത്തിയാണ് ഇവര്‍ സ്കൂളിലെത്തിയത്. ക്ലാസ് മുറിയിലെത്തിയ ഉടന്‍തന്നെ സഹപാഠികള്ക്കുനേരേ നിറയൊഴിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വെടിയേറ്റ് മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നാലു കുട്ടികള്‍ക്കും പരുക്കേറ്റു.
ഫിലിപ്പീന്‍സില്‍ തോക്ക് ഉപയോഗിച്ചുള്ള അക്രമങ്ങള്‍ അസാധാരണമല്ലെങ്കിലും, സ്കൂളുകളില്‍ വെടിവയ്പ്പ് ഉണ്ടാകുന്നത് അപൂര്‍വമാണ്. പ്രതികളിലൊരാള്‍ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ പെരുമാറ്റത്തിലുണ്ടായ ഇത്തരം ചില 'സൂചനകള്‍' ശ്രദ്ധിക്കപ്പെടാതെ പോയതാണ് കുറ്റകൃത്യം തടയാനുള്ള അവസരം നഷ്ടമാക്കിയതെന്ന് ദേശീയ പോലീസ് വക്താവ് പ്രതികരിച്ചു.
തോക്ക് ലഭ്യമാക്കാന്‍ കാരണക്കാരായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് കൊല്ലപ്പെട്ട 15 വയസുകാരന്റെ അമ്മ ജന്നിലിന് ബഡോറിയ ആവശ്യപ്പെട്ടു.

