
ലണ്ടന്‍: ബോധമനസിനെക്കുറിച്ച് പുതിയ സിദ്ധാന്തവുമായി ശാസ്ത്രജ്ഞര്‍. രക്തവും മാംസവും മാത്രമുള്ള ശരീരത്തെ ആശ്രയിച്ചല്ല മനസ് നിലനില്‍ക്കുന്നതെന്നും അവര്‍ അവകാശപ്പെട്ടു. അവരുടെ 'കോപ്പര്‍നിക്കന്‍ തത്വം' അനുസരിച്ച്, ബോധമനസ് എന്നത് മനുഷ്യരിലോ അല്ലെങ്കില്‍ സമാനമായ ജൈവഘടനയുള്ള ചുരുക്കം ചില ജീവികളിലോ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേക സവിശേഷതയല്ല. നമ്മുടെ ശരീരത്തില്‍നിന്നും തലച്ചോറില്‍നിന്നും വ്യത്യസ്തമായ ഘടനയുള്ള രൂപങ്ങള്‍ക്കും പ്രപഞ്ചത്തെ നമ്മളെപ്പോലെ തന്നെ അനുഭവിക്കാന്‍ കഴിഞ്ഞേക്കും എന്നാണു കോപ്പര്‍നിക്കന്‍ തത്വം പിന്തുടരുന്നവര് പറയുന്നത്.
ബോധമുള്ള അന്യഗ്രഹ ജീവികള്‍ നമ്മള് വിചാരിക്കുന്ന ജീവന്റെ രൂപങ്ങളുമായി യാതൊരു സാദൃശ്യവുമില്ലാത്തവരായിരിക്കാമെന്നും അവര്‍ പറയുന്നു. നിര്‍മിത ബുദ്ധിക്ക് ബോധമനസ് കൈവരുന്നതിനെ തടയാന്‍ മറ്റൊന്നിനും കഴിയില്ലെന്നും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രഫസറായ എറിക് ഷ്വിറ്റ്സ്ഗെബെല് പറഞ്ഞു. 'നമുക്ക് സങ്കല്പ്പിക്കാന് കഴിയുന്നതിലും വിചിത്രമായ മനസുകള്‍ ഈ പ്രപഞ്ചത്തില്‍ ഉണ്ടായേക്കാം. നിലനില്‍പ്പ് അനുഭവപ്പെടുക എന്ന അവസ്ഥയെയാണ് ബോധമനസ് എന്ന് വിളിക്കാന്‍ സാധിക്കുക. ഉദാഹരണത്തിന്, ഒരു മനുഷ്യനോ നീരാളിയോ ആയിരിക്കുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് ചോദിക്കുന്നത് യുക്തിസഹമാണ്. എന്നാല്‍ ഒരു മേശയോ കപ്പോ ആയിരിക്കുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല'- അദ്ദേഹം വ്യക്തമാക്കി. ഒരു 'കപ്പ്' എന്ന സവിശേഷത ഗ്ലാസ് കൊണ്ടോ പ്ലാസ്റ്റിക് കൊണ്ടോ നിര്‍മിച്ച ഒന്നിന് കൈവരിക്കാന്‍ കഴിയുന്നത് പോലെ, ബോധമനസ് എന്ന സവിശേഷതയും വ്യത്യസ്തമായ പല വസ്തുക്കളിലൂടെ 'സാധ്യമാക്കാന്‍' കഴിയും എന്നാണ് പുതിയ സിദ്ധാന്തം പറയുന്നത്.
പ്രഫസര്‍ ഷ്വിറ്റ്സ്ഗെബെലും പോര്‍ച്ചുഗലിലെ ലിസ്ബണ്‍ സര്‍വകലാശാലയിലെ സഹഗവേഷകനായ ഡോ. ജെറമി പോബറുമാണു പുതിയ സിദ്ധാന്തത്തിനു പ്രചാരം നല്കാന് ശ്രമിക്കുന്നത്. കാലത്തിലും സ്ഥലത്തിലുമായി ചിതറിക്കിടക്കുന്ന ആയിരത്തിലധികം നാഗരികതകള്‍ ഉണ്ടാകും എന്നാണ് അവരുടെ കണക്കുകൂട്ടല്‍. വളരാന്‍ സാധിക്കുന്ന വൈവിധ്യമാര്‍ന്ന സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ആ ജീവികളില്‍ പലതും നമ്മില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കുന്നതില് അത്ഭുതപ്പെടാനില്ല. അന്യഗ്രഹ ജീവികള്‍ക്ക് അവരുടെ പ്രവര്‍ത്തനപരമായ ഘടനയില്‍ മാത്രമല്ല, അടിസ്ഥാന ജൈവരസതന്ത്രത്തിന്റെ കാര്യത്തിലും വലിയ വ്യത്യാസങ്ങള്‍ ഉണ്ടാകാമെന്ന് ഡോ. പോബര് പറഞ്ഞു.
'കാര്‍ബണ്‍ അധിഷ്ഠിതമായ ജീവന് സാധ്യമാണെന്ന് ആസ്ട്രോബയോളജിസ്റ്റുകളും ബയോകെമിസ്റ്റുകളും തെളിയിച്ചിട്ടുണ്ട്, എന്നാല്‍ അവയുടെ ബയോകെമിക്കല്‍ ഘടന നമ്മുടേതില്‍നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും'- ഡോ. പോബര് വ്യക്തമാക്കി. ഉദാഹരണത്തിന്, ശുക്രന്റെ സള്‍ഫ്യൂരിക് ആസിഡ് മേഘങ്ങളില്‍ പരിണമിച്ച ജീവന്റെ ജൈവരസതന്ത്രത്തില്‍, നമ്മുടെ ശരീരത്തിലെ സള്‍ഫറിന്റെ സ്ഥാനം സിലിക്കണ്‍ എടുത്തേക്കാം. നമ്മുടെ പ്രത്യേക തരത്തിലുള്ള ബോധമണ്ഡലവും വളരെ സവിശേഷമോ അതുല്യമോ ആണെന്ന് മനുഷ്യര്‍ വെറുതെ അനുമാനിക്കരുത് എന്നാണ് അവരുടെ നിലപാട്. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലെന്ന് തിരിച്ചറിഞ്ഞ ജ്യോതിശാസ്ത്രജ്ഞനായ നിക്കോളാസ് കോപ്പര്നിക്കസിനാണ് അവര്‍ സിദ്ധാന്തം സമര്‍പ്പിച്ചിരിക്കുന്നത്.



