
ലണ്ടന്‍: യു.കെ. പ്രധാനമന്ത്രിപദവും ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവച്ച് കെയ്ര് സ്റ്റാര്‍മര്‍. സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം രാജിയാവശ്യം ശക്തമായിട്ടും വഴങ്ങാതിരുന്ന സ്റ്റാര്‍മര്‍ ഇന്നലെയാണു പടിയിറക്കം പ്രഖ്യാപിച്ചത്.
പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ പ്രധാനമന്ത്രിസ്ഥാനത്തു തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാവിലെ ബ്രിട്ടീഷ് രാജാവിനെ സന്ദര്‍ശിച്ച് സ്ഥാനത്യാഗം സംബന്ധിച്ച വിവരം ധരിപ്പിച്ചു. ഞാന്‍ കൈക്കൊണ്ട ഓരോ തീരുമാനവും ഞാന്‍ സ്നേഹിക്കുന്ന ഈ രാജ്യത്തെ മുന്‍നിര്‍ത്തിയായിരുന്നു. അതുകൊണ്ടാണു ലേബര്‍ പാര്‍ട്ടി നേതൃപദത്തില്നിന്നും പടിയിറങ്ങുന്നത്. സെപ്റ്റംബറില്‍ വീണ്ടും പാര്‍ലമെന്റ് സമ്മേളിക്കും മുമ്പ് പിന്‍ഗാമി ചുമതലയേല്‍ക്കുമെന്ന് ഉറപ്പാക്കും. പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതിനു സമയക്രമം നിശ്ചയിക്കാന്‍ ലേബര്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയോട് ആവശ്യപ്പെടും. പിന്‍ഗാമിക്ക് എന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുകയും ചെയ്യും-10 ഡൗണിങ് സ്ട്രീറ്റില്‍ രാജിപ്രഖ്യാപനം നടത്തി സ്റ്റാര്‍മര്‍ പറഞ്ഞു. അധികാരത്തിനു വേണ്ടിയല്ല, മറിച്ച് അന്തസുള്ള മികച്ച രാജ്യമായി ബ്രിട്ടനെ പരിവര്‍ത്തനം ചെയ്യുകയെന്ന ലക്ഷ്യത്തിനായിരുന്നു പോയവര്‍ഷങ്ങളില്‍ കഠിനാധ്വാനം ചെയ്തത്.
സമ്പദ്വ്യവസ്ഥ, പ്രതിരോധം, ദേശീയ സുരക്ഷ തുടങ്ങിയവയിലെ വിശ്വാസം വീണ്ടെടുക്കാനായി. അഭിമാനബോധത്തോടെ ദേശീയതയ്ക്കൊപ്പം നിലകൊള്ളുന്ന പാര്‍ട്ടിയായി ലേബര്‍ ഇക്കാലയളവില്‍ മാറുകയും ചെയ്തു-സ്റ്റാര്‍മര്‍ അവകാശപ്പെട്ടു. 2024-ലെ പൊതുതെരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ലേബര്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റി പ്രധാനമന്ത്രിപദത്തില്‍ അവരോധിതനായസ്റ്റാര്മറിന് പിന്നീടുള്ള നാളുകള്‍ വെല്ലുവിളികളുടേതായിരുന്നു. പലവിധ വിവാദങ്ങള്‍ക്കൊപ്പം പാര്‍ട്ടി നയങ്ങളില്‍നിന്നു വ്യതിചലിച്ചുള്ള സഞ്ചാരംകൂടിയായതോടെ സ്വന്തം ചേരിയില്നിന്നുതന്നെഅപ്രീതിക്കു പാത്രമാകേണ്ടിവന്നു. ലേബര്‍ പാര്‍ട്ടിയുടെ ആകെ എം.പിമാരില്‍ നാലിലൊന്നോളം വരുന്ന നൂറോളം പേര്സ്റ്റാര്മറിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തി.
സമ്മര്‍ദം ശക്തമാക്കി മന്ത്രിമാര്‍ ഉള്‍പ്പെടെ പടിയിറങ്ങിയിട്ടും സ്റ്റാര്‍മര്‍ പ്രധാനമന്ത്രിപദമൊഴിയാന് തയാറായില്ല. എന്നാല്‍, ലേബര്‍ പാര്‍ട്ടിയിലെ പ്രധാന എതിരാളിയായ ആന്‍ഡി ബേണ്‍ഹാമിന്റെ പാര്ലമെന്റംഗമായുള്ള തെരഞ്ഞെടുപ്പ് വഴിത്തിരിവായി. ഇതോടെ രാജിക്കായുള്ള മുറവിളി കൂടുതല്‍ കരുത്താര്‍ജിച്ചു.
തന്റെ നേതൃത്വത്തിനെതിരായ വെല്ലുവിളികളെ പ്രതിരോധിക്കാന്‍ കെല്‍പ്പുണ്ടെന്നും ആഭ്യന്തര കലഹങ്ങളിലുടക്കി ലേബര്‍ പാര്‍ട്ടി സ്വയം പടുകുഴിതോണ്ടരുതെന്നും കഴിഞ്ഞദിവസം സ്റ്റാര്‍മര്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സ്ഥാനത്തു കടിച്ചുതൂങ്ങുന്നതു ഗുണം ചെയ്യില്ലെന്ന വിശ്വസ്തരുടേതുള്പ്പെടെയുള്ളവരുടെ ഉപദേശം മാനിച്ച് രാജിപ്രഖ്യാപനത്തിനു നിര്‍ബന്ധിതനാകുകയായിരുന്നു.



