ദോഹ: ഖത്തറിലെ റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലുള്ള ബര്‍സാന്‍ പ്രാദേശിക ഗ്യാസ് വിതരണ കേന്ദ്രത്തില്‍ വന്‍ സ്ഫോടനവും തീപിടിത്തവും.
സംഭവത്തില്‍ 18 പേരെ കാണാതായതായും 54 പേര്‍ക്ക് പരുക്കേറ്റതതായും ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകുന്നേരമുണ്ടായ അപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇന്നലെ പുലര്‍ച്ചെ സമൂഹമാധ്യമത്തിലൂടെയാണു മന്ത്രാലയം പുറത്തുവിട്ടത്. ബര്‍സാന്‍ ഗ്യാസ് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭ ഘട്ടത്തിലായിരുന്നപ്പോഴാണു സ്ഫോടനമുണ്ടായതെന്ന് ഖത്തര്‍ എനര്‍ജി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തെത്തുടര്‍ന്ന് പ്ലാന്റില്‍ വന്‍ തീപിടിത്തവുമുണ്ടായി. ഉടനടി രംഗത്തിറങ്ങിയ അടിയന്തര വിഭാഗം (എമര്‍ജന്‍സി റെസ്പോണ്‍സ് ടീം) കഠിനശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുന്നു. ആഭ്യന്തര സുരക്ഷാ സേനയുടെ (ലഖ്വിയ) കീഴിലുള്ള 'ഖത്തരി ഇന്റര്‍നാഷണല്‍ സേര്‍ച്ച് ആന്‍ഡ് റെസ്ക്യൂ ഗ്രൂപ്പും സിവില്‍ ഡിഫന്‍സ് ടീമുകളും സംയുക്തമായാണു തെരച്ചില്‍ നടത്തുന്നത്. അപകടത്തിന്റെ കാരണത്തെക്കുറിച്ചോ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.




