
സിഡ്നി: ഓസ്ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയുമായി ന്യൂ സൗത്ത്വെയില്‍സ് പോലീസ്. പടിഞ്ഞാറന്‍ സിഡ്നിയിലെ ഭൂഗര്‍ഭ ബങ്കര്‍ സംവിധാനത്തില്‍നിന്ന് 2.7 ടണ്‍ കൊക്കെയ്നാണ് പിടിച്ചെടുത്തത്. 81 കോടി ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 5,417.33 കോടി രൂപ) വിപണി വിലവരുന്ന മയക്കുമരുന്നാണ് ലണ്ടന്‍ഡെറിയിലെ വസ്തുവില്‍ സൂക്ഷിച്ചിരുന്ന മൂന്ന് ഷിപ്പിങ് കണ്ടെയ്നറുകള്ക്കുള്ളില്നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച കണ്ടെടുത്തത്. കണ്ടെയ്നറുകളുടെ തറഭാഗത്തിന് അടിയിലായി രഹസ്യ അറകള്‍ ഉണ്ടാക്കിയാണ് ഇവ ഒളിപ്പിച്ചിരുന്നത്. റെയ്ഡിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച 21-ഉം 25-ഉം വയസുള്ള രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. മാഫിയാ സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് ക്വീന്‍സ്ലാന്‍ഡിലെ മിഡ്ജ് പോയിന്റ് എന്ന ചെറിയ പട്ടണം വഴിയാണ് ഈ കൊക്കെയ്ന്‍ ഓസ്ട്രേലിയയിലേക്ക് കടത്തിയതെന്ന് പോലീസ് പറയുന്നു. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്ത ഈ രണ്ട് പ്രതികള്‍ക്കും കുറ്റം തെളിയിക്കപ്പെട്ടാല്‍ ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാം. ലണ്ടന്‍ഡെറിയിലെ ഈ റെയ്ഡ് 'ഓപ്പറേഷന് മിന്‍ജിയാങ്' എന്ന ദൗത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ മേയില്‍ മിഡ്ജ് പോയിന്റിലെ ബോട്ട് ജെട്ടിക്ക് സമീപം കടലില്‍ 40 കിലോഗ്രാം കൊക്കെയ്ന്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ അന്വേഷണം ആരംഭിച്ചത്. കൂടുതല്‍ അന്വേഷണങ്ങളുടെ ഭാഗമായി ക്വീന്‍സ്ലാന്‍ഡിലും ന്യൂ സൗത്ത് വെയ്ല്‍സിലുമായി മറ്റ് ആറ് പേരെ കൂടി കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കപ്പല്‍ സോളമന് ദ്വീപുകളില്‍വച്ച് അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

