
കടബാധ്യതയും ധനപ്രതിസന്ധിയും നിറഞ്ഞ ഒരു സംസ്‌ഥാനത്ത് വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് എളുപ്പമല്ല. അത്തരം സാഹചര്യത്തില്‍ കേരളത്തിന്റെ പുതിയ സര്‍ക്കാര്‍ അവതരിപ്പിച്ച ബജറ്റ്, സാമ്പത്തിക പരിമിതികളെ സമ്മതിച്ചുകൊണ്ടുതന്നെ പുതിയ വളര്‍ച്ചാമാതൃക മുന്നോട്ടുവയ്‌ക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ ബജറ്റിനെ വിലയിരുത്തുമ്പോള്‍ പ്രഖ്യാപനങ്ങളുടെ എണ്ണമല്ല, അവയുടെ ദിശയും പ്രായോഗികതയുമാണ് പ്രധാനമായും പരിശോധിക്കപ്പെടേണ്ടത്.
ഈ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത, വികസനത്തെക്കുറിച്ചുള്ള ചര്‍ച്ചയെ പരമ്പരാഗത ചട്ടക്കൂടില്‍നിന്ന് പുറത്തുകൊണ്ടുവരുന്നു എന്നതാണ്. റോഡുകളും പാലങ്ങളും കെട്ടിടങ്ങളും നിര്‍മിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന സമീപനത്തില്‍നിന്ന് മാറി സമുദ്രാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥ, വിജ്‌ഞാന സമ്പദ്‌വ്യവസ്‌ഥ, ബഹിരാകാശ സമ്പദ്‌വ്യവസ്‌ഥ, ആരോഗ്യ വ്യവസായം, സില്‍വര്‍ ഇക്കോണമി, ലോജിസ്‌റ്റിക്‌സ്, വ്യോമയാനം തുടങ്ങിയ ഭാവിയിലെ വളര്‍ച്ചാമേഖലകളെയാണ് സര്‍ക്കാര്‍ കേരളത്തിന്റെ സാമ്പത്തിക എന്‍ജിനുകളായി അവതരിപ്പിക്കുന്നത്. ഒരു ചെറിയ സംസ്‌ഥാനത്തിന് പ്രകൃതിവിഭവങ്ങളേക്കാള്‍ മനുഷ്യവിഭവമാണ് ഏറ്റവും വലിയ സമ്പത്ത് എന്ന തിരിച്ചറിവാണ് ഈ സമീപനത്തിന് പിന്നിലുള്ളത്.
അതുകൊണ്ടുതന്നെ മിഷന്‍ സമുദ്ര, കേരള നോളജ് വാലി, ഇന്‍വെസ്‌റ്റ് കേരള, സ്‌പേസ് ഇക്കോണമി, ഹെല്‍ത്ത് ആന്‍ഡ് ലൈഫ് സയന്‍സ് സിറ്റി, സതേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ വികസനദിശയെ പുനര്‍നിര്‍വചിക്കാനുള്ള ശ്രമങ്ങളാണ്.
ബജറ്റിന്റെ തുടക്കത്തില്‍തന്നെ സംസ്‌ഥാനത്തിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി വിശദമായി വിവരിക്കുന്നു. അഞ്ചു ലക്ഷത്തിലേറെ കോടി രൂപയുടെ കടബാധ്യത, വരുമാനത്തിന്റെ വലിയൊരു പങ്ക് ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്‌ക്കായി ചെലവാകുന്ന അവസ്‌ഥ, മൂലധനെച്ചലവിന്റെ ഇടിവ്, നികുതി വരുമാനത്തിലെ മുരടിപ്പ്, വിവിധ കുടിശികകള്‍-ഇതെല്ലാം പുതിയ സര്‍ക്കാര്‍ നേരിടേണ്ടിവരുന്ന യാഥാര്‍ഥ്യമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇതോടെ സ്വാഭാവികമായി ഉയരുന്ന ചോദ്യം ഒന്നേയുള്ളൂ. ഇത്രയും വലിയ വികസനസ്വപ്‌നങ്ങള്‍ക്ക് പണം എവിടെനിന്ന് ലഭിക്കും? സംസ്‌ഥാനത്തിന്റെ ധനശേഷി പരിമിതമാണെന്ന് സര്‍ക്കാര്‍ തന്നെ സമ്മതിക്കുമ്പോള്‍, വികസനത്തിന്റെ മുഖ്യധാരയിലേക്ക് സ്വകാര്യ നിക്ഷേപത്തെ കൊണ്ടുവരാനുള്ള തീരുമാനമാണ് ബജറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. വികസനത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും സര്‍ക്കാര്‍ മാത്രം ഏറ്റെടുക്കുന്ന പഴയ സമീപനത്തില്‍നിന്ന് ബജറ്റ് മാറിനില്‍ക്കുന്നു. നിക്ഷേപകര്‍ക്ക് ഭൂമി, അനുമതികള്‍, ഏകജാലക സംവിധാനം, പ്രഫഷണല്‍ സഹായം എന്നിവ ഉറപ്പുനല്‍കുന്ന ഇന്‍വെസ്‌റ്റ് കേരള സംവിധാനവും അതിന്റെ ഭാഗമാണ്.
ഈ മാറ്റം സ്വാഗതാര്‍ഹമാണ്. എന്നാല്‍, നിക്ഷേപക സമ്മേളനങ്ങള്‍ നടത്തുന്നതുകൊണ്ട് മാത്രം നിക്ഷേപം വരില്ല. കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഇന്നും ഭൂമിയുടെ ലഭ്യത, നിയമനടപടികളുടെ കാലതാമസം, അനുമതികളുടെ സങ്കീര്‍ണത, നീണ്ടുനില്‍ക്കുന്ന കേസുകള്‍, ഭരണപരമായ അനിശ്‌ചിതത്വം എന്നിവ വലിയ തടസ്സങ്ങളാണ്. ഇവ പരിഹരിക്കാതെ നിക്ഷേപസൗഹൃദ കേരളം എന്ന ആശയം മുദ്രാവാക്യമായി മാത്രം അവശേഷിക്കാന്‍ സാധ്യതയുണ്ട്.
ബജറ്റിലെ മറ്റൊരു ശ്രദ്ധേയമായ മാറ്റം കേരളത്തിന്റെ ജനസംഖ്യാപരമായ യാഥാര്‍ഥ്യത്തെ നേരിട്ട് അഭിമുഖീകരിക്കുന്നു എന്നതാണ്. പ്രായമായവരുടെ എണ്ണം വര്‍ധിക്കുകയും യുവാക്കള്‍ സംസ്‌ഥാനത്തിനു പുറത്തേക്ക് തൊഴില്‍ തേടി പോകുകയും ചെയ്യുന്ന സാഹചര്യത്തില്‍ സില്‍വര്‍ ഇക്കോണമി, കെയര്‍ ഗിവര്‍ പരിശീലനം, ഗേ്ലാബല്‍ ജോബ് വാച്ച് ടവര്‍ തുടങ്ങിയ പദ്ധതികള്‍ ഭാവിയെ മുന്‍കൂട്ടി കണ്ടുള്ള ഇടപെടലുകളാണ്. ഇതുവരെ ക്ഷേമചര്‍ച്ചകളില്‍ ഒതുങ്ങിയിരുന്ന വയോജന പ്രശ്‌നത്തെ സാമ്പത്തിക അവസരമായി കാണാനുള്ള ശ്രമം ശ്രദ്ധേയമാണ്.
എന്നാല്‍, ഈ ബജറ്റിന്റെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണം മറ്റൊന്നാണ്. വികസനത്തിന്റെ പുതിയ മേഖലകള്‍ കണ്ടെത്തുക എന്നത് ഒരു കാര്യം;അവയില്‍നിന്ന് സംസ്‌ഥാനത്തിന് സ്‌ഥിരമായ വരുമാനവും തൊഴിലവസരങ്ങളും സൃഷ്‌ടിക്കുക എന്നത് മറ്റൊന്നാണ്. സമുദ്രാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥ, വിജ്‌ഞാന സമ്പദ്‌വ്യവസ്‌ഥ, വ്യോമയാന ലോജിസ്‌റ്റിക്‌സ്, ആരോഗ്യ സേവനങ്ങള്‍, വിനോദസഞ്ചാരം എന്നിവയെ വളര്‍ച്ചയുടെ പുതിയ കേന്ദ്രങ്ങളായി ബജറ്റ് കാണുന്നു. ഈ മേഖലകളില്‍ കേരളത്തിന് യഥാര്‍ഥ മത്സരശേഷി സൃഷ്‌ടിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്‌ഥാനത്തിന്റെ വരുമാന ഘടനയിലും ഗുണപരമായ മാറ്റമുണ്ടാക്കും. അല്ലാത്തപക്ഷം ഇവയും മുന്‍കാലങ്ങളില്‍ കേട്ട അനേകം വികസന ആശയങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെടുമെന്ന ആശങ്ക തള്ളിക്കളയാനാവില്ല.
അതുപോലെ, സംസ്‌ഥാനത്തിന്റെ സാമ്പത്തിക പുനരുജ്‌ജീവനം പുതിയ നികുതികളിലൂടെയല്ല, സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വ്യാപനത്തിലൂടെയാണെന്ന സന്ദേശവും ഈ ബജറ്റ് നല്‍കുന്നുണ്ട്. കൂടുതല്‍ നിക്ഷേപം, കൂടുതല്‍ സംരംഭങ്ങള്‍, കൂടുതല്‍ തൊഴില്‍, അതുവഴി ഉയരുന്ന നികുതി വരുമാനം-ഇതാണ് ബജറ്റ് മുന്നോട്ടുവയ്‌ക്കുന്ന അടിസ്‌ഥാന യുക്‌തി. കേരളത്തിന്റെ ധനകാര്യ സാഹചര്യത്തില്‍ ഇതൊരു യാഥാര്‍ഥ്യബോധമുള്ള സമീപനമാണ്. എന്നാല്‍, അതിന് അനുകൂലമായ ഭരണപരിസരവും നയസ്‌ഥിരതയും സമയബന്ധിതമായ നടപ്പാക്കലും ഉറപ്പാക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ സമീപനം ഫലപ്രദമാകൂ. ഈ ബജറ്റ് കേരളത്തിന്റെ മുന്നില്‍ വയ്‌ക്കുന്നത് ഒരു തെരഞ്ഞെടുപ്പാണ്. സാമ്പത്തിക പരിമിതികളെ ചൂണ്ടിക്കാട്ടി നിശ്‌ചലമായി നില്‍ക്കണോ, അതോ പുതിയ സാധ്യതകള്‍ കണ്ടെത്തി വളര്‍ച്ചയുടെ പാത തേടണോ എന്ന തെരഞ്ഞെടുപ്പ്. രണ്ടാമത്തെ വഴിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. ആ വഴിയുടെ ശരിതെറ്റ് തീരുമാനിക്കുന്നത് ബജറ്റ് പ്രസംഗത്തിലെ വാഗ്‌ദാനങ്ങളല്ല, ഭരണത്തിന്റെ പ്രവര്‍ത്തനക്ഷമതയാണ്. അതുകൊണ്ട് ഈ ബജറ്റിന്റെ യഥാര്‍ഥ വിലയിരുത്തല്‍ നിയമസഭയിലെ ചര്‍ച്ചകളിലല്ല, വരും വര്‍ഷങ്ങളിലെ കേരളത്തിന്റെ സമ്പദ്‌വ്യവസ്‌ഥയിലായിരിക്കും എഴുതപ്പെടുക.




