
ഓരോ സെക്കന്‍ഡിലും ഭൂമിയില്‍നിന്ന് യുറോപ്പയില്‍ പതിക്കുന്നത് 30 കോടി കണികകള്‍. ആ യാത്രയിലാണു ചില സൂക്ഷ്‌മാണുക്കളും അവയ്‌ക്കൊപ്പംകൂടുന്നത്. 'യാത്രികരില്‍' ഭൂരിപക്ഷവും ബഹിരാകാശത്തുവച്ച് ഇല്ലാതാകും. അവശേഷിക്കുക ആയിരത്തില്‍ മൂന്നെണ്ണമെന്ന നിരക്കില്‍ ഏതാനും സൂക്ഷ്‌മജീവികള്‍ മാത്രം. ചിലത് യൂറോപ്പയുടെ ഉപരിതലത്തിലെത്തും. പതനത്തിന്റെ ആഘാതത്തില്‍ അവയില്‍ ഭൂരിപക്ഷവും ഇല്ലാതാകും. എന്നാല്‍, ഉപഗ്രഹത്തിന്റെ മഞ്ഞുനിറഞ്ഞ ഉപരിതലം കടന്ന് ചിലതെങ്കിലും ഒളിഞ്ഞിരിക്കുന്ന സമുദ്രത്തിലെത്തും. ആ സമുദ്രത്തില്‍ അവ പരിണമിച്ചാലോ? ജീവന്റെ സാധ്യത പ്രപഞ്ചത്തില്‍ അന്വേഷിക്കുന്ന ഗവേഷകര്‍ക്കു മുന്നില്‍ ഒരു ശാസ്‌ത്രജ്‌ഞന്‍ മുന്നോട്ടുവയ്‌ക്കുന്ന ചിന്തയാണിത്.
****************************************
വ്യാഴത്തിന്റെ ഉപഗ്രഹമാണു യുറോപ്പ. ഭൂമിയില്‍ന്ന് ഏകദേശം 63 മുതല്‍ 94 കോടി കിലോമീറ്റര്‍ അകലെയാണു സ്‌ഥാനം. സൂര്യനില്‍നിന്നു പുറപ്പെടുന്ന പ്രകാശം യുറോപ്പയിലെത്താന്‍ 45 മിനിറ്റെടുക്കും. ആ ഉപഗ്രഹത്തിലേക്കാണു ഭൂമിയില്‍നിന്നു ജീവന്‍ പ്രവഹിക്കുന്നതത്രേ. ജോര്‍ജിയയിലെ ഫ്രീ സര്‍വകലാശാല ഓഫ് ടിബ്ലിസിലെ ഗവേഷകന്‍ സാസ ഒസ്‌മാനോവാണു യുറോപ്പയുടെ ജീവന്റെ സാധ്യതകള്‍ കണക്കുകൂട്ടിയത്. അദ്ദേഹത്തിന്റെ അവകാശവാദത്തിനു തെളിവുകളൊന്നും ലഭ്യമല്ല. തല്‍ക്കാലം യൂറോപ്പയിലെ സമുദ്രത്തില്‍ ജീവന്‍ മറഞ്ഞിരിപ്പുണ്ടെന്നു സ്‌ഥിരീകരിക്കാനും മാര്‍ഗമില്ല. പക്ഷേ, ഇത്തരം കണക്കുകൂട്ടലുകളാണു പിന്നീട് സത്യമായത്. (സൂര്യനോട് ഏറ്റവും അടുത്തുള്ള നക്ഷത്രമായ പ്രോക്‌സിമാ സെന്റൂറിയിലേക്കുള്ള ദൂരം 4.244 പ്രകാശവര്‍ഷമാണെന്ന് കണ്ടെത്തിയത് ചില കണക്കുകൂട്ടലുകളിലൂടെയാണ്. ആ നക്ഷത്രത്തില്‍ മനുഷ്യനിര്‍മിത പേടകങ്ങളെത്താന്‍ കുറഞ്ഞത് 73,000 വര്‍ഷമെങ്കിലുമെടുക്കും)
ബാക്‌ടീരിയകളുടെ യാത്ര
പ്രപഞ്ചത്തിലെ മറ്റെവിടെയെങ്കിലും നിന്നാവാം ഭൂമിയിലേക്ക് ലളിതമായ ജീവരൂപങ്ങള്‍ എത്തിയെന്ന പാന്‍സ്‌പെര്‍മിയ സിദ്ധാന്തത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഭൂമിയില്‍ പതിച്ച പൊടിപടലങ്ങള്‍, ഉല്‍ക്കാശകലങ്ങള്‍, ഛിന്നഗ്രഹങ്ങള്‍, വാല്‍നക്ഷത്രങ്ങള്‍ എന്നിവയിലൂടെ ജീവന്‍ എത്തിയിരിക്കാമെന്നാണ് ഈ സിദ്ധാന്തത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്. പക്ഷേ, പാന്‍സ്‌പെര്‍മിയ ഗവേഷണശാലയില്‍ പരീക്ഷീച്ച് വിജയിച്ച് തെളിയിക്കുക ഏറെക്കുറെ അസാധ്യവും.
ഭൂമിയില്‍നിന്നുള്ള ബാക്‌ടീരികളുടെ യാത്രയാണു ഒസ്‌മാനോവിന്റെ മനസില്‍. ഒരു മൈക്രോണ്‍ (മീറ്ററിന്റെ പത്തുലക്ഷത്തിലൊന്ന്) വലിപ്പമുള്ള പൊടിപടലങ്ങളില്‍ അതേ വലിപ്പത്തിലുള്ള ബാക്‌ടീരിയകള്‍ അടങ്ങിയിരിക്കാം. കാറ്റിന്റെയും മറ്റും സഹായത്തോടെ അന്തരീക്ഷത്തിന്റെ മുകള്‍ത്തട്ടിലേക്കു പൊടിപടലങ്ങള്‍ ഉയരും. അവയ്‌ക്കൊപ്പം സൂക്ഷ്‌മാണുക്കളും പറന്നുയരും.
150 കിലോമീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ അവ കോസ്‌മിക് കണികകളുമായി കൂട്ടിയിടിക്കും. ആ ഇടി അവയുടെ വേഗംകൂട്ടും. സെക്കന്‍ഡില്‍ 14 കിലോമീറ്റര്‍ വരെയാകും വേഗം. (രാജ്യാന്തര ബഹിരാകാശ നിലയം സെക്കന്‍ഡില്‍ 7.8 മുതല്‍ എട്ട് കിലോമീറ്റര്‍ വേഗത്തിലാണു ഭൂമിയെ ചുറ്റുന്നത്). വേഗം കൂടുമ്പോള്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണം കടന്നുള്ള യാത്ര തുടങ്ങും.
അതിജീവനം
ഭൂമിയുടെ ഭ്രമണപഥം വിട്ടാലും സൂക്ഷ്‌മാണുക്കള്‍ക്ക് വെല്ലുവിളിയുണ്ട്. ആ യാത്രയില്‍ താപനില ഏകദേശം 27 ഡിഗ്രി സെല്‍ഷ്യസില്‍ കൂടാന്‍ പാടില്ല. സൂക്ഷ്‌മാണുക്കള്‍ അതിജീവിച്ചാലും ഇല്ലെങ്കിലും പൊടിപടലങ്ങള്‍ യാത്ര തുടരും. ക്ഷീരപഥത്തിലെ നക്ഷത്രങ്ങളുടെ സ്‌ഥാനം കണക്കിലെടുക്കുമ്പോള്‍ ഓരോ ഗ്രഹത്തില്‍നിന്നും പുറന്തള്ളപ്പെടുന്ന കണികകള്‍ 105 നക്ഷത്രയൂഥങ്ങള്‍ വരെയെത്താമെന്നാണു ഗവേഷകരുടെ കണക്ക്. കണികള്‍ക്കൊപ്പം ജീവനും സഞ്ചരിക്കും. ഈ സാഹചര്യത്തില്‍ യുറോപ്പയില്‍ ജീവനെത്തുക അത്ര പ്രയാസമുള്ള കാര്യമല്ലെന്ന് ഒസ്‌മാനോവ് വിശ്വസിക്കുന്നു.
ലക്ഷ്യത്തിലെത്തിയാലും...
ഭൂമിയെ പൊടിപടലങ്ങളുടെ ഉത്‌ഭവകേന്ദ്രമായാണ് ഒസ്‌മാനോവ് കാണുന്നത്. ലക്ഷ്യസ്‌ഥാനമായ യുറോപ്പയ്‌ക്കുമുണ്ട് പ്രത്യേകതകള്‍. മഞ്ഞിന്റെ കട്ടിയുള്ള പാളിയും അതിനടിയില്‍ സമുദ്രവും എന്നതാണു യുറോപ്പയുടെ ഘടന. ഭൂമിയില്‍ ജീവനുണ്ടായ കാലം മുതല്‍ സൂക്ഷ്‌മാണുക്കളുടെ യാത്ര നടക്കുന്നുണ്ടത്രേ. ആ യാത്ര തുടങ്ങിയിട്ട് 350 കോടി വര്‍ഷമായിട്ടുണ്ടാകാമെന്നാണ് അദ്ദേഹത്തിന്റെ കണക്കുകൂട്ടല്‍. ഭൂമി വിട്ടതിനുശേഷം, മൂന്ന് ശക്‌തികള്‍ ആ പൊടിപടലങ്ങളില്‍ പ്രവര്‍ത്തിക്കും. സൂര്യനില്‍നിന്നുള്ള റേഡിയേഷന്‍ മര്‍ദം, വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ ബലം, സൗരയൂഥത്തിലെ ഗ്രഹാന്തര മാധ്യമത്തിന്റെ സ്വാധീനം. വ്യാഴത്തിന് സമീപമെത്തുമ്പോള്‍ പൊടിപടലത്തിന്റെ വേഗം സെക്കന്‍ഡില്‍ 20.1 കിലോ മീറ്ററായി ഉയരും. അത്രയും വേഗത്തിലാകും പൊടിപടലങ്ങള്‍ യുറോപ്പയിലേക്കു പതിക്കുക. ഉപഗ്രഹത്തിന്റെ ഉപരിതലത്തിലേക്ക് നേരിട്ട് പതിച്ചാല്‍ വലിയ ആഘാതമുണ്ടാകും. യുറോപ്പയുടെ ഉപരിതലവുമായി ഒരു ഡിഗ്രി ചരിവില്‍-വരുന്ന കണികകള്‍ മാത്രമേ ആഘാതത്തെ അതിജീവിക്കൂ. അതായത് ആയിരത്തില്‍ മൂന്ന് ബാക്‌ടീരിയ പാക്കറ്റുകള്‍ മാത്രമേ ലാന്‍ഡിങ്ങിനെ അതിജീവിക്കൂ. സെക്കന്‍ഡില്‍ ഒരു ചതുരശ്ര സെന്റിമീറ്ററിന് ഒരു കണിക എന്ന തോതിലാണു കണികകള്‍ ഭൂമി വിടുന്നത്. ഒസ്‌മാനോവിന്റെ കണക്ക് അനുസരിച്ച് സെക്കന്‍ഡില്‍ 10 ഘാതം 18(10 18) കണികകള്‍ എല്ലാ ദിശകളിലേക്കും തുല്യമായി പുറന്തള്ളപ്പെടുന്നു. അവയില്‍ ചിലത് സെക്കന്‍ഡില്‍ 30 കോടി എന്ന കണക്കില്‍ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ മേഖലയിലേക്ക് പ്രവേശിക്കും. കോടിക്കണക്കിനു വര്‍ഷം നീണ്ട യാത്രയില്‍ സഹസ്രകോടിക്കണക്കിനു ബാക്‌ടീരിയകള്‍ യുറോപ്പയിലെത്തിയിട്ടുണ്ടാകും. അവ നശിച്ചിട്ടില്ലെങ്കില്‍ നിഷ്‌ക്രിയമാക്കലിനു വിധേയമാകും. (അന്റാര്‍ട്ടിക്കയിലെ മഞ്ഞിനടിയില്‍ ആയിരക്കണക്കിനു വര്‍ഷം മുമ്പ് നിഷ്‌ക്രിയമായ ബാക്‌ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്).
ഘര്‍ഷണമുണ്ടാക്കും വ്യാഴം
യുറോപ്പയിലെ മഞ്ഞുപാളികള്‍ക്ക് കോടിക്കണക്കിനു വര്‍ഷമാണു പ്രായം. അവയില്‍ 40 ശതമാനത്തിനും മൂന്നു മുതല്‍ എട്ട് കോടി വര്‍ഷമാണു പഴക്കം. വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണം മഞ്ഞുപാളികളിലും പ്രതിഫലിക്കും(ചന്ദ്രന്റെ ഗുരുത്വാകര്‍ണം മൂലം ഭൂമിയില്‍ വേലിയേറ്റവും വേലിയിറക്കവും ഉണ്ടാകുന്നപോലെ). മഞ്ഞുപാളികളില്‍ ഘര്‍ഷണത്തിനാണു വ്യാഴത്തിന്റെ സ്വാധീനം കാരണമാകുക. ഘര്‍ഷണത്തിന്റെ ചൂടു മൂലം മഞ്ഞുപാളികള്‍ ഉരുകും. ആ ഉരുകല്‍ മൂലം ഉണ്ടാകുന്ന വിള്ളലുകളിലൂടെ നിഷ്‌ക്രിയമായിരുന്ന ബാക്‌ടീരിയകള്‍ യൂറോപ്പയുടെ മഞ്ഞുപാളികള്‍ക്കടിയിലുള്ള സമുദ്രത്തിലെത്തും.
ഭൂമിയില്‍നിന്ന് ഉത്‌ഭവിച്ച ജീവന് അനുയോജ്യമായ ജൈവപരവും രാസപരവുമായ സാഹചര്യങ്ങള്‍ യുറോപ്പയിലെ സമുദ്രത്തിലുണ്ടെങ്കില്‍... ആ ബാക്‌ടീരികള്‍ വീണ്ടും സജ്‌ജീവമാകും. യൂറോപ്പയിലെ ജലത്തില്‍ അവ പരിണമിക്കും എന്നാണ് അദ്ദേഹം പറഞ്ഞുവയ്‌ക്കുന്നത്. കോടിക്കണക്കിനു വര്‍ഷം കൊണ്ട് അവ യുറോപ്പയിലെ കടല്‍ ജീവികളായി മാറിയേക്കാം. ഒസ്‌മാനോവ് ഇത്രയും സാധ്യതകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇനി മറ്റു ഗവേഷകരുടെ ഊഴമാണ്.
യൂറോപ്പിലെ അന്തര്‍ഭാഗത്തെ സമുദ്രത്തില്‍ ജീവനുണ്ടോ എന്നു നിര്‍ണയിക്കാന്‍ തുടര്‍ ഗവേഷണങ്ങള്‍ തന്നെ ആവശ്യമാണ്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ (ഇ.എസ്.എ.) ആണവോര്‍ജ്‌ജത്തില്‍ പ്രവര്‍ത്തിക്കുന്ന യൂറോപ്പ ലാന്‍ഡര്‍ അടുത്ത വര്‍ഷം വിക്ഷേപിക്കും. അതില്‍ ഉപയോഗിക്കുന്ന ഡ്രില്ലുകളുടെ മാതൃക അന്റാര്‍ട്ടിക്കയില്‍ ഗവേഷകര്‍ പരീക്ഷിച്ചു. ആ ഡ്രില്ലുകള്‍ക്ക് 300 ദിവസത്തിനുള്ളില്‍ 30 കിലോമീറ്റര്‍ മഞ്ഞ് തുളച്ചുപോകാന്‍ കഴിഞ്ഞിരുന്നു. യുറോപ്പയുടെ 'പുറംചട്ട'യായ മഞ്ഞുപാളിക്ക് 29 കിലോമീറ്റര്‍ കനമുണ്ടെന്നാണു കണക്ക്. ഇ.എസ്.എയുടെ ഡ്രില്‍ വിജയിച്ചാല്‍ യൂറോപ്പയിലെ സമുദ്രത്തിലേക്ക് നേരിട്ട് പ്രവേശിച്ച് ജീവന്റെ അടയാളങ്ങള്‍ തെരയാനാകും.
ജീവന്‍ നിലനിര്‍ത്താനുള്ള തന്ത്രം
പ്രതികൂല കാലാവസ്‌ഥയെ നേരിടാനുള്ള ബാക്‌ടീരിയകളുടെ കഴിവാണ് അവരെ വിവിധ ഗ്രഹങ്ങളിലേക്കു പടരാന്‍ സഹായിക്കുന്നത്. നിലനില്‍പ് ബുദ്ധിമുട്ടാണെന്നു കണ്ടെത്തിയാല്‍ അവ മാറ്റത്തിനു വിധേയമാകും. അങ്ങനെ നിഷ്‌ക്രിയവും പ്രത്യുല്‍പ്പാദനരഹിതവുമായ ഒരു രൂപത്തിലേക്ക്(സ്‌പോര്‍) അവ മാറും. പ്രത്യേകിച്ച് ബാസിലസ്, കേ്ലാസ്‌ട്രിഡിയം എന്നീ വിഭാഗങ്ങള്‍ക്കാണ് ഈ കഴിവ് കൂടുതലുള്ളത്. പോഷകങ്ങളുടെ കുറവ്, കടുത്ത താപനില, കഠിനമായ വിഷാംശം തുടങ്ങിയ വളര്‍ച്ചയ്‌ക്ക് അനുയോജ്യമല്ലാത്ത സാഹചര്യങ്ങളില്‍പ്പോലും അനന്തകാലം നിലനില്‍ക്കാന്‍ ആ ഘടന അവയെ സഹായിക്കും. സ്‌പോറുകളുടെ സവിശേഷമായ ഘടന അവയ്‌ക്ക് മറ്റെല്ലാ ജീവകോശങ്ങളെക്കാളും മികച്ച പ്രതിരോധശേഷി നല്‍കുന്നു. സാഹചര്യങ്ങള്‍ വീണ്ടും അനുകൂലമാകുന്നത് വരെ അവ ബാക്‌ടീരിയയുടെ ജനിതക ഘടനയെ സുരക്ഷിതമായി സംരക്ഷിക്കും. സ്‌പോര്‍ രൂപീകരിക്കാനുള്ള ബാക്‌ടീരിയയുടെ തീരുമാനത്തെയാണ് 'സ്‌പോറുലേഷന്‍' എന്ന് വിളിക്കുന്നത്. അത്യാവശ്യ പോഷകങ്ങളുടെ കുറവുണ്ടാകുമ്പോഴാണ് ഈ പ്രക്രിയ സാധാരണയായി ആരംഭിക്കുന്നത്. തുടക്കത്തില്‍ ബാക്‌ടീരിയ അസമമായി വിഭജിക്കപ്പെടുന്നു, ഇതിലൂടെ വ്യത്യസ്‌ത വലുപ്പമുള്ള രണ്ട് അറകള്‍ രൂപപ്പെടുന്നു. ഇതില്‍ 'ഫോര്‍സ്‌പോര്‍' എന്ന് വിളിക്കപ്പെടുന്ന ചെറിയ കോശം പിന്നീട് പൂര്‍ണവളര്‍ച്ചയെത്തിയ സ്‌പോറായി മാറുമ്പോള്‍, വലിയ കോശമായ മദര്‍ സെല്‍ അതിന്റെ നിര്‍മാണ പ്രക്രിയകള്‍ കൈകാര്യം ചെയ്യും. വിഭജനത്തിനുശേഷം, മദര്‍ സെല്ലിന്റെ ആവരണം ഫോര്‍സ്‌പോറിനെ ചുറ്റാന്‍ തുടങ്ങും. മദര്‍ സെല്ലിന്റെ കോശദ്രവ്യത്തിനുള്ളില്‍ അതിനെ ഒരു ഇരട്ട ആവരണ പാളിക്കുള്ളിലാക്കി മാറ്റുകയും ചെയ്യുന്നു. തുടര്‍ന്ന്, സ്‌പോറിന്റെ പുറം പ്രതിരോധ ഘടനകളായ സംരക്ഷണ പാളികളുടെ നിര്‍മാണത്തിന് മദര്‍ സെല്‍ സഹായിക്കും.
സ്‌പോര്‍ പൂര്‍ണവളര്‍ച്ചയെത്തുകയും പൂര്‍ണ പ്രതിരോധശേഷി കൈവരിക്കുകയും ചെയ്‌തുകഴിഞ്ഞാല്‍, മദര്‍ സെല്‍ നശിക്കുകയും സ്‌പോറിനെ പുറത്തുവിടുകയും ചെയ്യും.
സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍, നിഷ്‌ക്രിയമായ സ്‌പോറിന് ജെര്‍മിനേഷന്‍' പ്രക്രിയയിലൂടെ അതിന്റെ അതിജീവന അവസ്‌ഥയില്‍നിന്ന് പുറത്തുകടക്കാന്‍ കഴിയും. സ്‌പോര്‍ അതിന്റെ സംരക്ഷണ പാളികള്‍ ഉപേക്ഷിക്കുകയും സജീവമായ ബാക്‌ടീരിയ കോശമായി മാറുകയും ചെയ്യും.




