
ബോസ്റ്റണ്‍: ലോകകപ്പില്‍ കരുത്തരായ മൊറോക്കോയ്ക്കെതിരെ കേവലം 70 സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഗോള്‍ വഴങ്ങി സ്കോട്ട്ലന്‍ഡ് പരാജയം ഏറ്റുവാങ്ങി. ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ അടുത്ത റൗണ്ടിലേക്ക് മുന്നേറാന്‍ ഒരു പോയിന്റ് മാത്രം മതിയെന്ന ബോധ്യത്തോടെ ഇറങ്ങിയ സ്കോട്ലന്റിന് മേല്‍ വിജയം നേടി നാലു പോയിന്റുമായി ടേബിളില്‍ മൊറോക്കോ രണ്ടാമത് എത്തി.
പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് ഇസ്മായില്‍ സൈബാരി തൊടുത്ത റോക്കറ്റ് ഷോട്ട്, ലോകത്തെ ആറാമത്തെ മികച്ച ടീമും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ചാമ്പ്യന്മാരുമായ മൊറോക്കോയ്ക്ക് ആദ്യ രണ്ട് മിനിറ്റിനുള്ളില്‍ത്തന്നെ അവിശ്വസനീയമായ ലീഡ് സമ്മാനിച്ചു. ശനിയാഴ്ച ഹെയ്തിക്കെതിരെ നേടിയ വിജയത്തില്‍ നിന്ന് ക്ലാര്‍ക്ക് തന്റെ തന്ത്രങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു.
മൊറോക്കോ ക്യാപ്റ്റന്‍ അഷ്റഫ് ഹക്കിമിയെ കൃത്യമായി മാര്‍ക്ക് ചെയ്യുക എന്ന ലക്ഷ്യത്തോടെ കെല്‍റ്റിക് ഡിഫന്‍ഡര്‍ കീരന് ടിയര്‍നിയെ മിഡ്ഫീല്‍ഡിന്റെ ഇടതുഭാഗത്താണ് അദ്ദേഹം കളിപ്പിച്ചത്. എന്നാല്‍, സെന്റര്‍ ബാക്കുകളായ ഗ്രാന്റ് ഹാന്‍ലിയും ജാക്ക് ഹെന്‍ഡ്രിയും സൈബാരിയെ തങ്ങള്‍ക്ക് പിന്നിലൂടെ ഓടിക്കയറാന്‍ അനുവദിച്ചതോടെ ആ പ്ലാന്‍ തകര്‍ന്നുതരിപ്പണമായി. കഴിഞ്ഞ വാരാന്ത്യത്തില്‍ ബ്രസീലുമായി സമനിലയില്‍ പിരിഞ്ഞ മൊറോക്കോ എല്ലാ മേഖലകളിലും വളരെ മുന്നിലായിരുന്നു. മൊറോക്കന്‍ ഗോള്‍കീപ്പര്‍ യാസിന് ബൗനുവിന് വലിയ പരീക്ഷണങ്ങളൊന്നും നേരിടേണ്ടി വന്നില്ല.






