
ബ്യൂണസ് ഐറിസ്: അര്‍ജന്റീന മിന്നും ജയം നേടിയ മത്സരത്തില്‍ ലയണല്‍ മെസ്സി കണ്ണീര് വാര്‍ത്തത് അദ്ദേഹത്തിന്റെ ആരാധകരെ വിഷമത്തില്‍ ആഴ്ത്തിയിരുന്നു. ഇതിന്റെ കാരണം തേടി അനേകര്‍ സാമൂഹ്യമാധ്യമത്തില്‍ എത്തുകയും പിന്നീട് പിതാവിന്റെ ആരോഗ്യസ്ഥിതിയാണ് സൂപ്പര്‍താരത്തെ കണ്ണീരണിയിച്ചതെന്ന വിവരം പുറത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് യഥാര്‍ത്ഥത്തില്‍ കാരണമായത് അര്‍ജന്റീനയിലെ ഒരു മാധ്യമം പുറത്തുവിട്ട തെറ്റായ വാര്‍ത്തയെ തുടര്‍ന്നായിരുന്നെന്നാണ് വിവരം.
മെസ്സിയുടെയും അദ്ദേഹത്തിന്റെ കുടുംബത്തെയും ഒപ്പം കോടിക്കണക്കിന് വരുന്ന ആരാധകരെയും ഉത്ക്കണ്ഠയിലാക്കിയ കാര്യം മാധ്യമപ്രവര്‍ത്തനത്തിലെ ജാഗ്രതക്കുറവ് മൂലമുണ്ടായ ഈ വലിയ വിവാദമായിരുന്നു. മെസ്സിയുടെ പിതാവിന്റെ ഇല്ലാത്ത മരണവാര്‍ത്ത പുറത്തുവിട്ട അര്‍ജന്റീനന്‍ സ്ട്രീമിംഗ് ചാനലായ 'ലൂസു ടിവി' യാണ് കുഴപ്പമുണ്ടാക്കിയത്. തത്സമയ പരിപാടിക്കിടെ പ്രശസ്ത അവതാരകയും നടിയുമായ ഫ്ലോറന്‍സിയ പെന (51) ഗുരുതരമായ ഈ തെറ്റ് വരുത്തിയത്.
ലയണല്‍ മെസ്സിയുടെ പിതാവ് അന്തരിച്ചുവെന്ന സ്ഥിരീകരിക്കാത്ത വിവരമാണ് യാതൊരു അന്വേഷണവും കൂടാതെ ഇവര്‍ ലൈവായി പ്രഖ്യാപിച്ചത്. വിവരങ്ങളില്‍ കൃത്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അവതാരക പിന്നീട് തിരുത്തുമായി രംഗത്തെത്തിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു. വ്യാജ വാര്‍ത്തകള്‍ അതിരുകടന്നതോടെ വിശദീകരണവുമായി മെസ്സിയുടെ കുടുംബം ഔദ്യോഗിക പ്രസ്താവനയിറക്കി. മെസ്സിയുടെ പിതാവ് ജോര്‍ജ്ജ് മെസ്സി (68) അന്തരിച്ചിട്ടില്ലെന്നും, ചില ആരോഗ്യപ്രശ്നങ്ങള്‍ മൂലം അദ്ദേഹം ചികിത്സയിലാണെന്നും കുടുംബം അറിയിച്ചു.
നിലവില്‍ അദ്ദേഹം മെഡിക്കല്‍ നിരീക്ഷണത്തിലാണ്, ആരോഗ്യം വീണ്ടെടുത്തു വരുന്നു. പിതാവിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റായ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഈ സാഹചര്യത്തില്‍ കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
അള്‍ജീരിയയ്ക്കെതിരെയുള്ള മത്സരത്തില്‍ അര്‍ജന്റീന 3-0 ന് വിജയിച്ചിരുന്നു. കളിയില്‍ ഹാട്രിക് നേടിയ 38-കാരനായ മെസ്സി തന്റെ ജഴ്സി കൊണ്ട് കണ്ണീരൊപ്പുന്ന ദൃശ്യങ്ങള്‍ ലോകമെമ്പാടുമുള്ള ആരാധകരെ സങ്കടത്തിലാഴ്ത്തിയിരുന്നു. കളിക്ക് ശേഷം, ഫുട്ബോളിന് പുറത്തുള്ള ചില വ്യക്തിപരമായ കാരണങ്ങളാല്‍ താന്‍ കഠിനമായ ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് മെസ്സി തുറന്നുപറയുകയും ചെയ്തു.
അവതാരകയുടെ ഭാഗത്തുനിന്നുണ്ടായ ഈ വലിയ വീഴ്ച അര്‍ജന്റീനയില്‍ വലിയ തോതിലുള്ള ജനരോഷത്തിന് കാരണമായി. ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തെ തുടര്‍ന്ന് ഫ്ലോറന്‍സിയ പെനയ്ക്ക് തന്റെ ജോലി രാജിവെക്കേണ്ടി വന്നു. കൃത്യമായ പരിശോധനകളില്ലാതെ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്നത് അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കിയ ലൂസു ടിവി, പ്രേക്ഷകരോട് ക്ഷമ ചോദിക്കുകയും അച്ചടക്ക നടപടികള്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അര്‍ജന്റീനന്‍ പ്രസിഡന്റ് ഹാവിയര്‍ മിലെയ് ഈ സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. എക്സിലൂടെ ഇതിനെ 'ചവറ് വര്‍ത്തമാനം' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, കൈയിലൊരു മൈക്കുണ്ടെന്ന് കരുതി ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ഓര്‍മ്മിപ്പിച്ചു.




