
ഫിലാഡല്‍ഫിയ: ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോളിന്റെ പിന്‍ബലത്തില്‍ തുര്‍ക്കിയെ കീഴടക്കി പരാഗ്വെയുടെ മുന്നേറ്റം. കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഗോള്‍നേടി മാറ്റിയാസ് ഗലാര്‍സ ചരിത്രം കുറിച്ച മത്സരത്തില്‍ പകുതിസമയവും പത്തുപേരുമായി കളിച്ചാണ് അവര്‍ വിജയം നേടിയെടുത്തത്. ഫിഫയുടെ പുതിയ നിയമത്തിന് കീഴില്‍ ചുവപ്പ് കാര്‍ഡ് കണ്ട ആദ്യയാളും പരാഗ്വേക്കാരനായി.
ശനിയാഴ്ച ഗ്രൂപ്പ് ഡിയില്‍ തുര്‍ക്കിക്കെതിരെ നടന്ന മത്സരത്തിലാണ് പരാഗ്വെയുടെ മാറ്റിയാസ് ഗലാര്‍സ 2026 ഫിഫ ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ സ്വന്തമാക്കി ചരിത്രം കുറിച്ചത്. കളി തുടങ്ങി വെറും 65 സെക്കന്‍ഡുകള്‍ക്കുള്ളില്‍ തന്നെ ഗലാര്‍സയുടെ ഒരു തകര്‍പ്പന്‍ ലോംഗ് റേഞ്ച് പരാഗ്വെയ്ക്ക് ലീഡ് നല്കി. നേരത്തെ സ്കോട്ട്ലന്‍ഡിനെതിരെ വെറും 72 സെക്കന്‍ഡില്‍ ഗോള്‍ നേടി മൊറോക്കോയുടെ ഇസ്മായില്‍ സൈബാരി ഈ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ പരാഗ്വെയുടെ തകര്‍പ്പന്‍ തുടക്കം മുതലെടുത്ത് ഗലാര്‍സ ഗോള്‍ നേടിയതോടെ ആ റെക്കോര്‍ഡിന് അധികം ആയുസ്സുണ്ടായില്ല.
വിജയം അനിവാര്യമായ മത്സരത്തില്‍ ഈ ഗോള്‍ പരാഗ്വെയ്ക്ക് വലിയ ആത്മവിശ്വാസം നല്കി. എന്നാല്‍ കളിയുടെ 45 ാം മിനിറ്റില്‍ അല്മിറോണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് പരാഗ്വേയുടെ ആക്രമണങ്ങളെ ബാധിച്ചു. ബാക്കി സമയത്ത് പ്രതിരോധക്കോട്ട കെട്ടി കളിക്കേണ്ട സ്ഥിതിയില്‍ പരാഗ്വേയെ ഇത് എത്തിച്ചു. ഫിഫയുടെ പുതിയ നിയമപ്രകാരം കളിക്കളത്തിലെ തര്‍ക്കത്തിനിടെ വായ മൂടിയതിന് പുറത്താക്കപ്പെടുന്ന ആദ്യ കളിക്കാരനായി മാറിയതോടെ, പരാഗ്വെയുടെ മിഗുവേല്‍ അല്മിറോണ് വെള്ളിയാഴ്ച ഫുട്ബോള്‍ ചരിത്രത്തില്‍ തനിക്ക് ഒട്ടും താല്പര്യമില്ലാത്ത ഒരു റെക്കോര്‍ഡ് സ്വന്തമാക്കി. തുര്‍ക്കിയുടെ മെര്‍ട്ട് മുല്ദൂറിന് നേരെ എന്തോ പറയുന്നതിനിടെ വായ മൂടിപ്പിടിച്ചതിനെ തുടര്‍ന്നാണ് മുന്‍ ന്യൂകാസില്‍ താരം കൂടിയായ അല്‍മിറോണിന് ആദ്യ പകുതിയുടെ അധിക സമയത്ത് പുറത്തുപോകേണ്ടി വന്നത്.
വി.എ.ആര് പരിശോധനയ്ക്ക് ശേഷം അല്മിറോണ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താകുമ്പോള്‍ പരാഗ്വെ 1-0 ന് മുന്നിലായിരുന്നു. എതിരാളികളുമായുള്ള തര്‍ക്കത്തിനിടയില്‍ വായ മൂടുന്ന കളിക്കാര്‍ക്ക് ചുവപ്പ് കാര്‍ഡ് നല്‍കുമെന്ന് കഴിഞ്ഞ ഏപ്രിലില്‍ ഫിഫ പ്രഖ്യാപിച്ചിരുന്നു.
വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ നിയമം ലോകകപ്പില്‍ നടപ്പിലാക്കുന്നതെന്ന് ഫിഫ വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം ഫെബ്രുവരിയില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ റയല്‍ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിനെ ബെന്‍ഫിക്ക വിംഗര്‍ ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി വംശീയമായി അധിക്ഷേപിച്ചെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് ഫിഫ ഈ പുതിയ നിയമം കൊണ്ടുവന്നത്.






