
ചങ്ങനാശ്ശേരി: കെ.ബി ഗണേഷ്‌കുമാറും എൻഎസ്‌എസും തമ്മിലുള്ള അകലം വർദ്ധിക്കുന്നു. ഗണേഷ് കുമാർ ഡയറക്ടർ ബോർഡിൽ നിന്ന് പുറത്തായി. കാലാവധി അവസാനിച്ചതിനാലാണ് പുറത്തായതെങ്കിലും അംഗത്വം പുതുക്കി നൽകാൻ നേതൃത്വം വിസമ്മതിക്കുകയായിരുന്നു. ബി.ആർ.കെ ബാബുവിനെയാണ് പകരം നിയമിച്ചിരിക്കുന്നത്.
ഗണേഷ് കുമാറിനൊപ്പം കാലാവധി കഴിഞ്ഞ ഒൻപത് പേരിൽ എട്ട് പേരുടെയും അംഗത്വം പുതുക്കി നൽകിയിട്ടുണ്ട്. നേതൃത്വവുമായുള്ള ഗണേഷിന്റെ അഭിപ്രായവ്യത്യാസങ്ങളെ തുടർന്നാണ് നടപടിയെന്ന് കരുതുന്നു. അതേസമയം, പുറത്താക്കൽ അല്ല, അംഗത്വം പുതുക്കിയില്ല എന്നു മാത്രമേയുള്ളൂ എന്നാണ് എൻഎസ്‌എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പ്രതികരിച്ചത്.
നേരത്തെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസിഡന്റ് സ്ഥാനത്തു നിന്നും ഗണേഷിനെ ഒഴിവാക്കിയിരുന്നു. ഇത് തന്നെ തകർക്കാനുള്ള രാഷ്ട്രീയക്കളിയാണെന്നായിരുന്നു അന്നത്തെ പ്രതികരണം. പദ്മ കഫെയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിൽ താലൂക്ക് യൂണിയനിൽ നിന്ന് പകുതിയിലധികം അംഗങ്ങൾ രാജിവച്ചതിനെ തുടർന്ന് യൂണിയൻ പിരിച്ചുവിടുകയായിരുന്നു.
തന്റെ പിതാവ് 64 വർഷം കൊണ്ട് കെട്ടിപ്പടുത്തതാണ് പത്തനാപുരം താലൂക്ക് യൂണിയൻ. ആരുടെയും പിരിവെടുത്തല്ല സമ്പന്നമായ താലൂക്ക് യൂണിയൻ ഉണ്ടാക്കിയതെന്നും. 64 വർഷം യൂണിയനെ നയിച്ച പിതാവിന്റെ മകനായ തന്നെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല എന്നും ഗണേഷ് അന്നു പറഞ്ഞിരുന്നു. ഒരു കാലത്ത് എൻഎസ്‌എസ് ജനറൽ സെക്രട്ടറി വരെ ആകുമെന്ന് കരുതിയ ഗണേഷ് കുമാർ ഇപ്പോൾ ഡയറക്ടർ ബോർഡിൽ നിന്നുവരെ പുറത്തായിരിക്കുകയാണ്.






