ഇസ്ലാമാബാദ്: പാകിസ്താനില്‍ ബലൂചിസ്ഥാന്‍ മനുഷ്യാവകാശ പ്രവര്‍ത്തകയായ മഹ്റംഗ് ബലൂച്ചിന് ജീവപര്യന്തം തടവ് വിധിച്ചതിനെതിരേ വ്യാപക പ്രതിഷേധം. പൊതുസമൂഹവും രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും രാജ്യത്തെ 'ജുഡീഷ്യറിയുടെ മരണ'മെന്ന വിമര്‍ശനവുമായി രംഗത്തെത്തി. പാക് ഭരണകൂടം രാജ്യത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുകയാണെന്നും അവര്‍ ആരോപിച്ചു.
ബലൂചിസ്ഥാനിലെ തിരോധാനങ്ങള്‍ക്കും നിയമവിരുദ്ധ കൊലപാതകങ്ങള്‍ക്കും മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കുമെതിരായ പേരാട്ടത്തിന്റെ പ്രമുഖ മുഖമാണ് ബലൂച് യാക്ജെഹ്തി കമ്മിറ്റി(ബി.വൈ.സി) നേതാവായ മഹ്റംഗ് ബലൂച് (32).
ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളില്‍ ഒരാളായി ടൈം മാഗസിന് മഹ്റംഗിനെ തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനും അവര്‍ നാമനിര്‍ദേശം ചെയ്യപ്പെട്ടു. ബലൂച് ആക്ടിവിസ്റ്റായ അബ്ദുള്‍ ഗഫര്‍ ലാംഗോവിന്റെ മകളാണ്. ലാംഗോവിനെ 2024-ല്‍ പാക് സൈന്യം കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ക്വറ്റയിലെ തീവ്രവാദ വിരുദ്ധ കോടതിയാണ് മഹ്റംഗ് ബലൂച്ചിനും ആക്ടിവിസ്റ്റ് സിബ്ഗത്തുള്ള ഷായ്ക്കും ശിക്ഷ വിധിച്ചത്. ഒരു വര്‍ഷത്തിലേറെയായി മഹ്റംഗ് ബലൂച്ച് ജയിലിലാണ്. വിഘടനവാദ, തീവ്രവാദ സംഘടനകളുമായി ഇവര്‍ക്കു ബന്ധമുണ്ടെന്നാണ് പാക് സര്‍ക്കാരിന്റെ ആരോപണം. അതേ സമയം, ശിക്ഷ ഭരണഘടനയുടെയും നിയമത്തിന്റെയും നീതിയുടെയും ജനാധിപത്യത്തിന്റെയും ശവസംസ്കാരമാണെന്ന് ബലൂചിസ്ഥാന്‍ നാഷണല്‍ പാര്‍ട്ടി പ്രസിഡന്റ് അക്തര്‍ മെംഗല്‍ എക്സില്‍ എഴുതി.


