മുസാഫറാബാദ്: പാകിസ്താന് സര്‍ക്കാരിനെതിരേ പാക് അധീന കാശ്മീരില്‍ (പി.ഒ.കെ) ജനകീയ പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. സ്കൂള്‍ കുട്ടികളും സ്ത്രീകളും വന്‍തോതില്‍ തെരുവിലിറങ്ങിയതോടെ പ്രതിഷേധം പുതിയ ഘട്ടത്തിലേക്കു കടന്നു. അവാമി ആക്ഷന്‍ കമ്മിറ്റി (എ.എ.സി) പാക് സര്‍ക്കാരിനു നല്കിയ സമയപരിധി ഇന്നലെ അവസാനിച്ചതോടെ മേഖലയില്‍ ആശങ്കയേറി.
രാവലാകോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് കഴിഞ്ഞ 11 ദിവസമായി ധര്‍ണയും പ്രതിഷേധവും തുടരുകയാണ്. പ്രക്ഷോഭത്തില്‍ എഴുപതിനായിരത്തിലധികം ആളുകള്‍ പങ്കെടുക്കുന്നതായാണു റിപ്പോര്‍ട്ടുകള്‍. പ്ലക്കാര്‍ഡുകളുമേന്തി സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ പ്രതിഷേധത്തില്‍ പങ്കാളികളായി. 'പാക് സൈന്യം പുറത്തുപോകുക', അടിസ്ഥാന അവകാശങ്ങളും സൗജന്യ വിദ്യാഭ്യാസവും നല്‍കുക തുടങ്ങിയ മുദ്രാവാക്യങ്ങളാണു കുട്ടികള്‍ മുഴക്കുന്നത്. പാക് സൈന്യം കാശ്മീരികളെ കൊല്ലുകയാണെന്നും ഭക്ഷണം തടഞ്ഞും ഇന്റര്‍നെറ്റ് വിചേ്ഛദിച്ചും ദ്രോഹിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. ഐക്യരാഷ്ട്ര സംഘടന പ്രശ്നത്തില്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
രാവലാകോട്ടിനു പുറമേ മറ്റു നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും ഇപ്പോള്‍ പ്രതിഷേധം പടര്‍ന്നിട്ടുണ്ട്. സുധ്നോതി ജില്ലയിലെ താരാര്‍ ഖേലിലുള്ള ചത്വരത്തില്‍ കഴിഞ്ഞദിവസം സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടി. സ്വാതന്ത്ര്യത്തിനായി ഇവര്‍ മുദ്രാവാക്യങ്ങളും വിളിച്ചു. മാന്‍ധോളില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരേ നൂറുകണക്കിനു സ്ത്രീകള്‍ പ്രകടനം നടത്തിയതായും മാധ്യമറിപ്പോര്‍ട്ടുണ്ട്. പാകിസ്താന്റേതു നിയമവിരുദ്ധമായ അധിനിവേശമാണെന്നും അതവസാനിപ്പിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.
സമരം നീളുന്നതോടെ മേഖല പൂര്‍ണമായും സ്തംഭിക്കുന്ന അവസ്ഥയാണ്. പ്രധാന പാതകളെല്ലാം പ്രതിഷേധക്കാര്‍ ഉപരോധിച്ചു. അധികൃതര്‍ പലയിടങ്ങളിലും ഇന്റര്‍നെറ്റ് വിചേ്ഛദിച്ചത് ആശയവിനിമയത്തെ ബാധിച്ചു. അവശ്യസാധനങ്ങളുടെ കടുത്ത ക്ഷാമവും മേഖല നേരിടുന്നു.
ആവശ്യങ്ങളില്‍ ജൂണ്‍ 23-നകം തീരുമാനമെടുത്തില്ലെങ്കില്‍ സമരം അടുത്ത ഘട്ടത്തിലേക്കു നീങ്ങുമെന്ന് അവാമി ആക്ഷന്‍ കമ്മിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സമയപരിധി ഇന്നലെ അവസാനിച്ചതോടെ ശക്തമായ സമരത്തിനു തയാറായിരിക്കാന്‍ കമ്മിറ്റി ജനങ്ങള്‍ക്കു നിര്‍ദേശം നല്കി. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണു പാക് ഭരണകൂടം ഇവിടെ നടത്തുന്നതെന്നാണു വിമര്‍ശനം.


