ദോഹ: പ്രവാസലോകത്തെ നോവായി ഖത്തറിലെ ബര്‍സാന്‍ ഗ്യാസ് പ്ലാന്റിലെ ദുരന്തവാര്‍ത്ത. 21-ന് വൈകിട്ട് റാസ് ലഫാന്‍ ഇന്‍ഡസ്ര്ടിയല്‍ സിറ്റിയിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 13 പേര്‍ക്കാണ് ജീവന് നഷ്ടമായത്. ഇന്ത്യയില്‍നിന്നും പാകിസ്താനില്‍നിന്നുമുള്ള തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു.
അപകടത്തില്‍ പരുക്കേറ്റ വിവിധ രാജ്യക്കാരായ 66 പേര് നിലവില്‍ ചികിത്സയിലാണ്.
ഖത്തര്‍, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, കെനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് പരുക്കേറ്റവര്‍. ദീര്‍ഘനാളത്തെ അറ്റകുറ്റപ്പണികള്‍ക്കു ശേഷം വെറും രണ്ട് ദിവസം മുമ്പുമാത്രം വീണ്ടും തുറന്ന പ്ലാന്റിലാണ് സ്ഫോടനമുണ്ടായത്. ഇതൊരു അട്ടിമറിയല്ലെന്നും പ്ലാന്റിലെ പ്രവര്‍ത്തനത്തിനിടയിലുണ്ടായ സാങ്കേതിക തകരാറാണെന്നും ഖത്തര്‍ എനര്‍ജി വ്യക്തമാക്കി. സിവില്‍ ഡിഫന്‍സിന്റെയും എമര്‍ജന്‍സി ടീമിന്റെയും സമയോചിതമായ ഇടപെടല്‍ മൂലമാണ് തീ കൂടുതല്‍ പടരാതെ നിയന്ത്രിക്കാനായത്. തൊഴിലെടുക്കുന്നതിനിടെ ജീവന് നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ ഖത്തര്‍ എനര്‍ജി ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. മരിച്ചവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും അധികൃതര്‍ ഉറപ്പുനല്‍കി. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ വിപുലമായ അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ത്യന്‍ എംബസി ഹെല്പ് ഡെസ്കില്‍ 0097455647502,0097455384683 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഷഫീക്ക് അറയ്ക്കല്‍


