വാഷിങ്ടണ്‍/ടെഹ്റാന്: ഇറാനെതിരായ ഉപരോധങ്ങള്‍ 60 ദിവസത്തേക്കു പിന്‍വലിച്ച് അമേരിക്ക. അന്തിമ സമാധാനക്കരാര്‍ ഒപ്പിടുന്നതു സംബന്ധിച്ച് സ്വിറ്റ്സര്‍ലാന്‍ഡില്‍ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും ഇറാന് അധികൃതരുമായി നടന്ന ഒന്നാംഘട്ടചര്ച്ചയ്ക്കുശേഷമാണു താത്കാലികമായി ഉപരോധം പിന്‍വലിച്ചത്. അന്തിമകരാറിനുള്ള നല്ല അടിത്തറയായിരുന്നു ചര്‍ച്ചയെന്ന് ജെ.ഡി. വാന്‍സ് പ്രതികരിച്ചു.
അതേസമയം, കരാറില്‍ ഇറാന് ഉറച്ചുനിന്നില്ലെങ്കില്‍ തനിക്കു ചെയ്യാന്‍ പറ്റുന്നതു ചെയ്യുമെന്ന് യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭീഷണി മുഴക്കി.
എന്നാല്‍, ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ചകളിലേക്കു കടന്നിട്ടില്ലെന്നും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ) പരിശോധകരെ രാജ്യത്തേക്കു ക്ഷണിച്ചിട്ടില്ലെന്നും ഇറാന് അറിയിച്ചു. ഐ.എ.ഇ.എ. മേധാവി റാഫേല്‍ ഗ്രോസ്സിയുമായി സ്വിറ്റ്സര്‍ലാന്‍ഡില്‍ കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് ഇറാന് വിദേശകാര്യവക്താവ് ഇസ്മയില്‍ ബാഘെയ് വ്യക്തമാക്കി.
ഇറാനിലെ നശിപ്പിക്കപ്പെട്ട ആണവകേന്ദ്രങ്ങളില്‍ ഐ.എ.ഇ.എയുടെ പരിശോധന അനുവദിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഓഗസ്റ്റ് 21 വരെയാണ് ഇറാനുമേലുള്ള സാമ്പത്തിക ഉപരോധം യു.എസ്. പിന്‍വലിച്ചത്. ഇക്കാലയളവില്‍ എണ്ണയും അനുബന്ധ ഉത്പന്നങ്ങളും മറ്റ് രാജ്യങ്ങള്‍ക്കു വില്ക്കാന് ഇറാന് തടസമില്ല.
ഇതോടെ, ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞുതുടങ്ങി. കഴിഞ്ഞയാഴ്ച ഓണ്‍ലൈനായി ഒപ്പിട്ട ഇടക്കാല കരാര്‍ അന്തിമമാക്കുന്നതു സംബന്ധിച്ചാണ് നിലവില്‍ യു.എസും ഇറാനുമായി ചര്‍ച്ച നടക്കുന്നത്. 60 ദിവസത്തിനുള്ളില്‍ അന്തിമകരാറിലെത്തുകയാണ് ലക്ഷ്യമെന്നു ചര്‍ച്ചകള്‍ക്കു മധ്യസ്ഥത വഹിക്കുന്ന ഖത്തറും പാകിസ്താനും വ്യക്തമാക്കി.
യു.എസിന്റെ സഖ്യകക്ഷിയായ ഇസ്രയേലും ഇറാന് പിന്തുണയ്ക്കുന്ന ലെബനനിലെ ഹിസ്ബുള്ളയും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കുന്നതും ഹോര്‍മുസ് കടലിടുക്കിലൂടെ ചരക്കുനീക്കം സുഗമമാക്കുന്നതും സംബന്ധിച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ചകളുടെ ഭാഗമാണ്. യു.എസുമായുള്ള ചര്‍ച്ചയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഇറാന് അംബാസഡര്‍ അലി ബഹ്റൈനി പറഞ്ഞു.
ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചര്‍ച്ചകളിലേക്കു കടക്കുന്നതിനു മുമ്പ് പ്രാഥമിക കരാറിലെ അഞ്ച് കാര്യങ്ങള്‍ പൂര്‍ണമായി നടപ്പാക്കും. ലെബനന്-ഇസ്രയേല്‍ വിഷയവും ഇടക്കാലകരാറിന്റെ അവിഭാജ്യഘടകമാണെന്നു ബഹ്റൈനി അവകാശപ്പെട്ടു.


