
കൊച്ചി: ഭക്തജനത്തിരക്ക് നിയന്ത്രിക്കാന്‍ ശബരിമലയില്‍ ഈ മണ്ഡലതീര്‍ഥാടനകാലം മുതല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) അധിഷ്ഠിത സംവിധാനം ആരംഭിക്കും. തിരക്ക് മുന്‍കൂട്ടി പ്രവചിച്ച് മുന്നൊരുക്കം നടത്തുന്ന അത്യാധുനിക സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കും. മുന്നൊരുക്കമായി ദേവസ്വം ബോര്‍ഡും പോലീസുമായി ചേര്‍ന്നുള്ള പരിശീലന പരിപാടി കൊച്ചി ഐ.എം.എ ഹൗസില്‍ നടന്നു.
നിലയ്ക്കല്‍, പമ്പ, അപ്പാച്ചിമേട്, മരക്കൂട്ടം, ശരംകുത്തി എന്നിവിടങ്ങളെ പ്രത്യേക കേന്ദ്രങ്ങളായി തിരിച്ച് പദ്ധതി നടപ്പാക്കും. ഹൈ-റെസല്യൂഷന്‍ ക്യാമറകള്‍, ഐ.ആര്. സെന്‍സറുകള്‍, ഡ്രോണുകള്‍ എന്നിവ സംയോജിപ്പിച്ച് ശബരിമലയുടെ സമ്പൂര്‍ണ ജി.പി.എസ്. മാപ്പിങ് ആദ്യം തയാറാക്കും. ഇതിലൂടെ രൂപപ്പെടുന്ന ഹീറ്റ് മാപ്പുകള്‍ വിശകലനം ചെയ്ത് എവിടെയൊക്കെയാണു തിരക്ക് വര്‍ധിക്കാന്‍ സാധ്യതയെന്ന് എ.ഐ. സംവിധാനം മുന്‍കൂട്ടി കണ്ടെത്തും. തിരക്കുകൂടുംമുമ്പേ ഡ്യൂട്ടിയിലുള്ള പോലീസുകാരുടെ വാട്ട്സാപ്പിലേക്കും എസ്.എം.എസായും നിര്‍ദേശങ്ങള്‍ നല്‍കും.
കൂട്ടംതെറ്റുന്ന ഭക്തരുടെ ചിത്രം അപ്ലോഡ് ചെയ്യുന്നതിലൂടെ എ.ഐ. ഫേഷ്യല്‍ റെക്കഗ്നിഷന്‍ ക്യാമറകള്‍ വഴി മിനിറ്റുകള്‍ക്കകം അവരെ കണ്ടെത്താനാകും. ക്രിമിനലുകളെ തിരിച്ചറിയാനും എ.ഐ. സംവിധാനം സഹായിക്കും. നിലയ്ക്കലോ പമ്പയിലോ എത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനത്തിന് എത്ര സമയം കാത്തുനില്‍ക്കേണ്ടി വരുമെന്ന കൃത്യമായ വിവരം ഡിജിറ്റല്‍ സ്ക്രീനുകള്‍ വഴിയും മൊബൈല്‍ സന്ദേശങ്ങള്‍ വഴിയും തത്സമയം ലഭ്യമാക്കും.
നിലക്കലിലും പമ്പയിലും അശാസ്ത്രീയമായ പാര്‍ക്കിങ് ഒഴിവാക്കാന്‍ സ്മാര്‍ട്ട് പാര്‍ക്കിങ് മാനേജ്മെന്റ് വരും. തീര്‍ഥാടനപാതയില്‍ മാലിന്യം കുന്നുകൂടുന്നതും പൈപ്പ് പൊട്ടല്‍ ഉള്‍പ്പെടെയുള്ള കണ്ടെത്താനും പെട്ടെന്നുണ്ടാകുന്ന ആരോഗ്യ അടിയന്തരാവസ്ഥ തിരിച്ചറിഞ്ഞ് ആംബുലന്‍സ് സേവനം വേഗത്തിലാക്കാനും എ.ഐ. ക്യാമറകള്‍ സഹായിക്കും.
ടെന്‍ഡര്‍ ഓഗസ്റ്റ് 10 വരെ
എ.ഐ. അധിഷ്ഠിത തിരക്കുനിയന്ത്രണ സംവിധാനത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഓഗസ്റ്റ് 10 ന് പൂര്‍ത്തിയാക്കും. കുംഭമേളയ്ക്ക് സുരക്ഷാ തിരക്ക് സംവിധാനം നിയന്ത്രിച്ച കമ്പനി ഉള്‍പ്പെടെ മൂന്നു കമ്പനികള്‍ പ്ര?പ്പോസല്‍ അവതരിപ്പിച്ചു. പ്ര?പ്പോസല്‍ അംഗീകരിച്ച ശേഷമാവും ടെന്റര്‍ നടപടി. ഹൈക്കോടതി അംഗീകരിച്ച ശബരിമല വിഷന്‍ പ്ലാനിന്റെ ഭാഗമായാണ് മാറ്റങ്ങള്‍. വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കാന്‍ ഇതരസംസ്ഥാന തീര്‍ഥാടകര്‍ക്കായി വിവിധ ഭാഷകളില്‍ ശബരിമല സന്ദേശം എന്ന പേരില്‍ ബോധവത്കരണം നടത്തും.
സീസണ് ആരംഭിക്കാന്‍ കുറഞ്ഞ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ, 90-120 ദിവസത്തിനകം പദ്ധതി സജ്ജമാക്കണം. ഓഫ്-സീസണിലും ക്യാമറകള്‍ക്ക് പ്രത്യേക പരിപാലനം ഉണ്ടാകും.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍, എ.ഡി.ജി.പി: മനോജ് ഏബ്രഹാം, പത്തനംതിട്ട എസ്.പി: ആനന്ദ്, ഉന്നതാധികാര സമിതി ചെയര്മാന് ജസ്റ്റിസ് വി.ജി. അരുണ്‍, ദേവസ്വം കമ്മിഷണര്‍ ബി. സുനില്‍കുമാര്‍ എന്നിവര്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.






