സാന്താ ക്ലാര: പരാഗ്വേയോട് ഏകപക്ഷീയമായ ഒരു ഗോളിനു തോറ്റ തുര്‍ക്കി ഫുട്‌ബോള്‍ ലോകകപ്പ് നോക്കൗട്ട് കാണില്ലെന്ന് ഉറപ്പായി. സാന്‍ ഫ്രാന്‍സിസ്‌കോ ബേ അരീന സ്‌റ്റേഡിയത്തില്‍ നടന്ന ഡി ഗ്രൂപ്പ് മത്സരത്തിലാണു തുര്‍ക്കി തോറ്റത്‌്. കളിയുടെ രണ്ടാം മിനിറ്റില്‍ മത്തിയാസ് ഗലാര്‍സ പരാഗ്വേയ്‌ക്കായി ഗോളടിച്ചു.
ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മിഗ്വേല്‍ അല്‍മിറോണ്‍ ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തായതോടെ പരാഗ്വേ 10 പേരുമായാണു തുടര്‍ന്നു കളിച്ചത്‌്. രണ്ട് കളികളും തോറ്റ തുര്‍ക്കിക്ക് അക്കൗണ്ട് തുറക്കാനായില്ല. രണ്ട് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയ യു.എസ്.എയാണ് ഡി ഗ്രൂപ്പില്‍ ഒന്നാമത്. അവര്‍ നോക്കൗട്ടും ഉറപ്പാക്കി. രണ്ട് കളികളില്‍നിന്നു മൂന്ന് പോയിന്റുള്ള ഓസ്‌ട്രേലിയയാണ് രണ്ടാമത്.
പരാഗ്വേയ്‌ക്കും മൂന്ന് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ പിന്നിലാണ്‌്. പരാഗ്വേയ്‌ക്കെതിരേ 78 ശതമാനം സമയത്തും പന്ത് തങ്ങളുടെ പക്കലായിരുന്നെങ്കിലും ഗോളടിക്കാന്‍ തുര്‍ക്കിക്കായില്ല. 33 ഷോട്ടുകളാണ് അവര്‍ ഗോളിലേക്കു പായിച്ചത്. ഫിഫയുടെ പുതിയ നിയമ പ്രകാരമാണു മിഗ്വേല്‍ അല്‍മിറോണ്‍ ചുവപ്പ് കാര്‍ഡ് കണ്ടത്. എതിരാളിക്കു നേരെ വായ്‌പൊത്തിപ്പിടിച്ചു സംസാരിക്കുന്നതിന് ചുവപ്പ് കാര്‍ഡ് നല്‍കാനാണു പുതിയ നിയമം അനുശാസിക്കുന്നത്.
ഒന്നാം പകുതിയുടെ അവസാന മിനിറ്റുകളില്‍ നാടകീയമായ രംഗങ്ങള്‍ക്കു സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചു. ഇരുടീമുകളും തമ്മില്‍ തര്‍ക്കമുടലെടുക്കുകയായിരുന്നു. ടീമംഗങ്ങള്‍ ചേരിതിരിഞ്ഞ് വാഗ്വാദത്തിലേര്‍പ്പെട്ടു. അതിനിടെ അല്‍മിറോണ്‍ തുര്‍ക്കിയുടെ മെര്‍ട് മുള്‍ഡറിനടുത്തു വന്ന് വായ പൊത്തിപ്പിടിച്ച് സംസാരിച്ചു.
ഉടന്‍ തന്നെ തുര്‍ക്കി താരം ഇത് റഫറിയെ അറിയിച്ചു. റഫറി വാര്‍ പരിശോധിച്ച് അല്‍മിറോണ്‍ വായ പൊത്തിപ്പിടിച്ചാണ് സംസാരിച്ചതെന്ന് ഉറപ്പാക്കി. അതോടെ ചുവപ്പ് കാര്‍ഡ് കാണിച്ചു താരത്തെ പുറത്താക്കി. ലോകകപ്പിനു മുമ്പാണു ഫിഫ ഈ പുതിയ നിയമം കൊണ്ടു വന്നത്‌്. ഈ ലോകകപ്പിലെ ഏഴാമത്തെ ചുവപ്പ് കാര്‍ഡാണിത്. രണ്ടാംപകുതിയില്‍ പത്തു പേരായി കുറഞ്ഞതോടെ പരാഗ്വേ പ്രതിരോധക്കോട്ട കെട്ടി.
തുര്‍ക്കിയുടെ സമനിലയ്‌ക്കായുള്ള എല്ലാ ശ്രമങ്ങളേയും അവര്‍ ചെറുത്തുനിന്നു. അര്‍ദ ഗുലാറുടെ ഫ്രീകിക്കുകളും കെനാന്‍ യില്‍ദിസിന്റെ മുന്നേറ്റങ്ങളും പരാഗ്വേയെ നിരന്തരം ഞെട്ടിച്ചു. മുല്‍ദൂര്‍ തൊടുത്ത ഗോളെന്നുറച്ച ഹെഡര്‍ ക്രോസ് ബാറിലിടിച്ചു തെറിച്ചു. പകരക്കാരനായി വന്ന ഗുലിന്റെ ഹെഡര്‍ ഗോള്‍ കീപ്പര്‍ ഒര്‍ലാന്‍ഡോ ഗില്‍ കഷ്‌ടപ്പെട്ടു രക്ഷപ്പെടുത്തിയതും പരാഗ്വേയ്‌ക്കു തുണമായി. ക്ഷമ കെട്ട തുര്‍ക്കി കോച്ച് വിന്‍സെന്‍സോ മോണ്ടെല്ല റഫറിയോട് തര്‍ക്കിച്ച് മഞ്ഞക്കാര്‍ഡ് കണ്ടു. അവസാന ഘട്ടത്തിലും കനത്ത പോരാട്ടമുണ്ടായി. തുര്‍ക്കിയുടെ പകരക്കാരനായി കളത്തിലിറങ്ങിയ ഉടന്‍തന്നെ എറെന്‍ എല്‍മാലിക്ക് മഞ്ഞക്കാര്‍ഡ് ലഭിച്ചു.





