
ഗ്വാഡലൂപ (മെക്‌സിക്കോ): ഫുട്‌ബോള്‍ ലോകകപ്പില്‍ നോക്കൗട്ട് പ്രതീക്ഷകള്‍ സജീവമാക്കി ജപ്പാന്‍. എഫ് ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ജപ്പാന്‍ ട്യുണീഷ്യയെ 4-0 ത്തിനു തോല്‍പ്പിച്ചു.
ജപ്പാനായി അയസെ ഉവേദ ഇരട്ട ഗോളുകളും ഡെയ്‌ചി കമാഡയും ജുനിയ ഇതോയും ഓരോ ഗോള്‍ വീതവുമടിച്ചു. മോണ്ടെറി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജപ്പാന്റെ സമ്പൂര്‍ണ ആധിപത്യമായിരുന്നു. പന്തടക്കത്തിലും വേഗത്തിലും ജപ്പാന്‍ കാണിച്ച ആധിപത്യത്തിന് മുന്നില്‍ ട്യുണീഷ്യ പൂര്‍ണമായി തകര്‍ന്നു. രണ്ട് കളികളും തോറ്റ അവര്‍ നോക്കൗട്ട് കാണില്ലെന്ന് ഉറപ്പായി.
കളിയുടെ നാലാം മിനിറ്റില്‍ ജപ്പാന്‍ മുന്നിലെത്തി. ഇടത് വിങ്ങിലൂടെ കുതിച്ചുപാഞ്ഞ നകാമുറ നല്‍കിയ ക്രോസ് ബോക്‌സിലേക്കു കുതിച്ചെത്തിയ കമാഡ വലയിലാക്കി. തൊട്ടുപിന്നാലെ ജപ്പാന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോള്‍ കീപ്പര്‍ അയ്‌മന്‍ ദഹ്‌മന്റെ മികച്ച സേവുകള്‍ ടുണീഷ്യയെ രക്ഷിച്ചു. 31-ആം മിനിറ്റില്‍ അയസെ ഉവേദയിലൂടെ ജപ്പാന്‍ രണ്ടാം ഗോളടിച്ചു. ബോക്‌സിന്റെ വലതു മൂലയിലേക്ക് പന്തുമായി മുന്നേറിയ ഉവേദ പ്രതിരോധ താരം താല്‍ബിയുടെ കാലുകള്‍ക്കിടയിലൂടെ തൊടുത്ത ഷോട്ട് വലയില്‍ കയറി. രണ്ടാം പകുതിയില്‍ ട്യുണീഷ്യന്‍ കോച്ച് ഹെര്‍വി റെയ്‌നാഡ് പ്രതിരോധം ശക്‌തമാക്കാന്‍ ശ്രമിച്ചു. 50-ാം മിനിറ്റില്‍ ഹാനിബാല്‍ ജാപ്പനീസ് ഗോള്‍ കീപ്പര്‍ സിയോണ്‍ സുസുകിയെ പരീക്ഷിക്കാന്‍ ശ്രമിച്ചു. 69-ാം മിനിറ്റില്‍ ജപ്പാന്റെ മൂന്നാം ഗോളുമെത്തി. ഉവേദയുടെ മനോഹരമായ വണ്‍ ടച്ച് പാസിനെ ടുണീഷ്യന്‍ ബോക്‌സിലേക്കു മിന്നല്‍ വേഗത്തിലെത്തിയ ഇതോ വലയിലാക്കി.
കളി തീരാന്‍ ഏഴ് മിനിറ്റ് ശേഷിക്കേ ഉവേദ തന്റെ രണ്ടാം ഗോളടിച്ചു. സാനോ ബോക്‌സിന്റെ മറുഭാഗത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പന്‍ ഹെഡറിലൂടെയാണ് ഉവേദ ഗോളാക്കിയത്. ജാപ്പനീസ് കോച്ച് ഹാജിമെ മൊറിയാസു ഒരുക്കിയ 3-4-3 ഫോര്‍മേഷനില്‍ ജാപ്പനീസ് താരങ്ങള്‍ കളം നിറഞ്ഞു കളിച്ചു. അവരുടെ വേഗത്തിനു മുന്നില്‍ ട്യുണീഷ്യയുടെ 5-3-2 ഫോര്‍മേഷന്‍ നിലംപരിശായി. എഫ്‌് ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് 5-1 നു സ്വീഡനെ തോല്‍പ്പിച്ചു. ഡച്ചുകാര്‍ക്കായി ബ്രിയാന്‍ ബ്രോബി, കോഡി ഗാക്‌പോ എന്നിവര്‍ ഇരട്ട ഗോളുകളും ൈക്രന്‍സെന്‍സിയോ സമ്മര്‍വീല്‍ ഒരു ഗോളുമടിച്ചു. ആന്റണി എലാങ്കയാണ് സ്വീഡനായി ഒരു ഗോളടിച്ചത്.
നെതര്‍ലന്‍ഡ്‌സിനും ജപ്പാനും രണ്ട് കളികളില്‍നിന്നു നാല് പോയിന്റ് വീതമാണ്. മൂന്നാം സ്‌ഥാനത്തുള്ള സ്വീഡന് മൂന്ന് പോയിന്റാണ്. ടുണീഷ്യക്ക് അക്കൗണ്ട് തുറക്കാനായില്ല. ഇ ഗ്രൂപ്പ് മത്സരങ്ങളില്‍ ജര്‍മനി ഐവറി കോസ്‌റ്റിനെ 2-1 നു തോല്‍പ്പിച്ചു. മറ്റൊരു മത്സരത്തില്‍ ഇക്വഡോറിനെ കുറാകാവോ ഗോള്‍രഹിത സമനിലയില്‍ കുരുക്കി. ഐവറി കോസ്‌റ്റിനെ തോല്‍പ്പിച്ചതോടെ ജര്‍മനി രണ്ട് കളികളില്‍നിന്ന് ആറ് പോയിന്റുമായി നോക്കൗട്ട് ഉറപ്പാക്കി. ടൊറന്റോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ജര്‍മനിക്കായി ഡെനിസ് ഉണ്‍ഡാഫ് ഇരട്ട ഗോളടിച്ചു. 30-ാം മിനിറ്റില്‍ ഫ്രാങ്ക് കെസിയ ഐവറി കോസ്‌റ്റിനെ മുന്നിലെത്തിച്ചിരുന്നു.




