മുംബൈ: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മുന്‍ നായകന് വിരാട് കോഹ്ലിയും. മൂന്ന് ഏകദിനങ്ങളുടെ പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടില്‍ കളിക്കുന്നത്.
അഫ്ഗാനിസ്ഥാനെതിരേ നടന്ന ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ ഇംഗ്ലണ്ടിലേക്കു പരിഗണിച്ചില്ല. ശനിയാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ ജയ്സ്വാള്‍ 110 റണ്ണെടുത്തു പുറത്താകാതെനിന്നു.
കായിക ക്ഷമത തെളിയിച്ചാലെ കോഹ്ലിയെ കളിപ്പിക്കുയെന്നു സെലക്ഷന് കമ്മിറ്റി വ്യക്തമാക്കി. കാല്‍ക്കുഴയ്ക്കേറ്റ പരുക്കു മൂലം കോഹ്ലി അഫ്ഗാനെതിരേ കളിച്ചില്ല. കോഹ്ലി ബംഗളുരുവിലെ ബി.സി.സി.ഐയുടെ സെന്റര്‍ ഓഫ് എക്സലന്‍സിലേക്കു പോകുമെന്നാണു സൂചന. അടുത്ത വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ തയാറെടുപ്പ്. ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ടീമില്‍ തിരിച്ചെത്തി. 2023 ലെ ലോകകപ്പ് ഫൈനലിനു ശേഷം ബുംറ ഏകദിനത്തില്‍ കളിച്ചില്ല. ഇന്ത്യയുടെ കഴിഞ്ഞ മൂന്ന് ഏകദിന പരമ്പരകളിലും (ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ്, അഫ്ഗാനിസ്ഥാന്) അക്ഷറിനെ കളിപ്പിച്ചുമില്ല. ബുംറയെ ഉള്‍പ്പെടുത്തിയപ്പോള്‍ പ്രിന്‍സ് യാദവിനെ ഒഴിവാക്കി.
ഹര്‍ഷ് ദുബെയ്ക്കാണ് അക്ഷറിനായി വഴിമാറേണ്ടി വന്നത്. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ടീമിലേക്കു പരിഗണിച്ചില്ല. പാണ്ഡ്യ പരുക്കില്‍നിന്നു പൂര്‍ണമായും മോചിതനായില്ല. ഏകദിന പരമ്പര ജൂലൈ 14 നു ബിര്‍മിങാമില്‍ തുടങ്ങും. രണ്ടാം ഏകദിനം 16 നു കാര്‍ഡിഫിലും അവസാന ഏകദിനം 19 നു ലോഡ്സിലും നടക്കും.
ടീം: ശുഭ്മന്‍ ഗില്‍ (നായകന്), രോഹിത് ശര്‍മ, വിരാട് കോഹ്ലി, ശ്രേയസ് അയ്യര്‍, ലോകേഷ് രാഹുല്‍, ഇഷാന് കിഷന്, വാഷിങ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, നിതീഷ് കുമാര്‍ റെഡ്ഡി, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ കൃഷ്ണ, ഹര്‍ഷിത് റാണ, അര്‍ഷദീപ് സിങ്, ഗുര്‍നൂര്‍ ബ്രാര്‍.





