
ഇത്തവണത്തെ ഫുട്‌ബോള്‍ ലോകകപ്പ് ഒരു നേട്ടവും കൂടി കുറിച്ചു. 68 വര്‍ഷത്തിനു ശേഷം ഏറ്റവും വേഗത്തില്‍ നൂറ് ഗോളുകളെന്ന നേട്ടമാണ് ഇത്തവണ പിറന്നത്‌്. സ്വീഡനും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്ന മത്സരത്തോടെയാണു നൂറാം ഗോളിന്റെ പിറവി. ഈ ലോകകപ്പിലെ 33-ാം മത്സരമായിരുന്നു അത്. 1954 ലോകകപ്പിനാണ് റെക്കോഡ്. അന്ന് 20 -ാം മത്സരത്തില്‍ നൂറാം ഗോളെത്തി. 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ നൂറാം ഗോളെത്താന്‍ 36 മത്സരങ്ങള്‍ വേണ്ടി വന്നു. 1982 ലോകകപ്പിലും 36-ാം മത്സരത്തിലാണ് നൂറാം ഗോളെത്തിയത്. 1978, 1994 ലോകകപ്പുകളില്‍ 38 മത്സരങ്ങള്‍ക്കു ശേഷമാണു നൂറ് ഗോളുകള്‍ പൂര്‍ത്തിയായത്. ഈ ലോകകപ്പിലെ ഒരു മത്സരത്തില്‍ ശരാശരി മൂന്ന് ഗോള്‍ എന്ന കണക്കിലാണു മുന്നേറ്റം. അഡിഡാസിന്റെ ''ട്രിയോന്‍ഡ'' പന്താണ് ലോകകപ്പില്‍ ഉപയോഗിക്കുന്നത്‌്.
പന്തിന്റെ ഫ്‌ളൈറ്റ് ഗോള്‍ കീപ്പര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. ബോക്‌സിനു പുറത്തുനിന്ന് പത്തിലധികം ഗോളുകള്‍ വീണത് ഇതിനു തെളിവാണ്. 2010 ലോകകപ്പില്‍ ഉപയോഗിച്ച ''ജാബുലാനി'' പന്തു പോലെ ''ട്രിയോന്‍ഡ'' യും പേടിപ്പെടുത്തുന്നതാണെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ ഗോള്‍ കീപ്പര്‍ ഡേവിഡ് ജെയിംസ് പറഞ്ഞു. ജര്‍മനി കുറാകാവോയെ (7-1) തോല്‍പ്പിച്ചതും കാനഡ ഖത്തറിനെ (6-0) തോല്‍പ്പിച്ചതും ഗോള്‍ മഴ പിറന്ന മത്സരങ്ങളാണ്. നെതര്‍ലന്‍ഡ്‌സും ജപ്പാനും തമ്മില്‍ സമനിലയില്‍ അവസാനിച്ച മത്സരത്തില്‍ പിറന്നത് നാല് ഗോളുകള്‍. രാജ്യാന്തര ഫുട്‌ബോളില്‍ പരിചയ സമ്പത്ത് കുറഞ്ഞ ടീമുകളുടെ സാന്നിധ്യവും ഗോള്‍ മഴയ്‌ക്കു കാരണമാണെന്നു കളിയെഴുത്തുകാര്‍ ചൂണ്ടിക്കാട്ടി. 48 ടീമുകളാണു ലോകകപ്പില്‍ കളിക്കുന്നത്.




