ന്യൂഡല്‍ഹി: ഇന്ത്യക്കാരന്റെ കൊലപാതകത്തില്‍ ഒരാഴ്ചയ്ക്ക് ശേഷം മൗനം വെടിഞ്ഞ് വൈറ്റ് ഹൗസ്. കന്‍സാസ് കൊലപാതകം അസ്വസ്ഥജനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്പൈസര്‍ ആണ് പ്രതികരിച്ചത്.
കന്‍സാസ് വെടിവയ്പ്പിനെക്കുറിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ അസ്വസ്ഥജനകമാണ്. സംഭവത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത് വരാനിരിക്കുന്നതേയുള്ളൂവെന്നും സ്പൈസര്‍ പ്രതികരിച്ചു. വിഷയത്തില്‍ ഇന്ത്യന്‍ എംബസി പ്രതികരണം അറിയിച്ചിരുന്നു. വിഷയത്തില്‍ ട്രംപ് പ്രതികരിക്കണമെന്ന് ഹിലരി ക്ലിന്റണും ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കെ. ശ്രീനിവാസ് എന്ന ഇന്ത്യന്‍ ടെക്കിയെ കന്‍സാസില്‍ വെടിവച്ച് കൊന്നത്. യു.എസിലെ മുന്‍ നേവി ഉദ്യോഗസ്ഥനായ ആദം പ്യുരിന്റനാണ് ശ്രീനിവാസിന് നേരെ വെടിയുതിര്‍ത്തത്. സംഭവത്തില്‍ അലോക് മാടസാനി എന്നയാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തീവ്രവാദികളെ എന്റെ രാജ്യത്ത് നിന്ന് പുറത്ത് പോകൂ എന്ന് ആക്രോശിച്ച് കൊണ്ടാണ് അക്രമി ഇന്ത്യക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.
ഹൈദരാബാദ് സ്വദേശിയാണ് കൊല്ലപ്പെട്ട ശ്രീനിവാസ്. തിങ്കളാഴ്ച ഹൈദരാബാദില്‍ എത്തിച്ച മൃതദേഹം ഇന്ന് സംസ്കരിക്കും. കന്‍സാസിലെ ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ ഏവിയേഷന്‍ പ്രോഗ്രാം മാനേജര്മാരായിരുന്നു ശ്രീനിവാസും മാടസാനിയും.






