
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതിഘടന ബജറ്റില്‍ പ്രഖ്യാപിച്ചതിനെച്ചാല്ലിയുള്ള ഭരണ- പ്രതിപക്ഷ പോരിനു വീര്യംകൂടുന്നു. പ്രഖ്യാപനത്തിനെതിരേ പ്രതിപക്ഷവും എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്തെ നടപടികള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷവും രംഗത്തിറങ്ങി. ധനവകുപ്പിനു കീഴിലുള്ള ജി.എസ്.ടി വകുപ്പാണ് നികുതിഘടനയ്ക്കു രൂപംനല്കിയത്. ബജറ്റ് നിര്‍ദ്ദേശമായതിനാല്‍ കോടതി ഇടപെടലിലെ ആശങ്കയും വേണ്ട. അതുകൊണ്ട് തന്നെ എതിര്‍പ്പുയരുമ്പോഴും മുഖ്യമന്ത്രിക്ക് കുലുക്കമില്ല. വീര്യമേറിയ മദ്യം സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ വില്‍ക്കുന്ന സാഹചര്യത്തില്‍ വീര്യം കുറഞ്ഞ മദ്യത്തോടുളള എതിര്‍പ്പ് ജനം അംഗീകരിക്കില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. മാത്രമല്ല, പ്രഖ്യാപനം അഴിമതി ലക്ഷ്യമിട്ടാണെന്ന് സി.പി.എം ആരോപിച്ചു. മദ്യമൊഴുക്കാനുള്ള നീക്കമാണിതെന്ന് മുന്‍ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിലയിരുത്തി. പിന്നാലെ പ്രതിപക്ഷനേതാവ് പിണറായി വിജയനും ടി.എം. തോമസ് ഐസക്കും ഭരണപക്ഷത്തെ കടന്നാക്രമിച്ചു രംഗത്തെത്തി.
2023ല്‍ എല്‍.ഡി.എഫ്. സര്‍ക്കാരാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിര്‍വചനം അബ്കാരി ചട്ടത്തില്‍ ഉള്‍പ്പെടുത്തിയതെന്നു ചൂണ്ടിക്കാട്ടി എക്സൈസ് മന്ത്രി എം. ലിജു തിരിച്ചടിച്ചു. നികുതിഘടന നിശ്ചയിച്ചതിനെ മദ്യം വില്‍ക്കാനുള്ള തീരുമാനമായി വ്യാഖ്യാനിക്കേണ്ടെന്നും അതിനു നയതീരുമാനം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച എല്‍.ഡി.എഫ്. നയം അതേപടി തുടരേണ്ടതില്ലെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്. ഈ മദ്യത്തിനു വില്പനാനുമതി നല്‍കണോയെന്നത് സര്‍ക്കാരിലും യു.ഡി.എഫിലും ചര്‍ച്ച ചെയ്യുമെന്നു കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു. അതിനു ശേഷമേ അന്തിമ തീരുമാനമെടുക്കൂ. യുവാക്കളില്‍ ലഹരിമരുന്ന് ഉപയോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍, അവരെ പിന്തിരിപ്പിക്കാന് താരതമ്യേന ദോഷം കുറഞ്ഞ മദ്യം ലഭ്യമാക്കുന്നതാണ് അഭികാമ്യമെന്ന വാദം മുന്നണിയിലുണ്ട്. സംസ്ഥാനം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോള്‍, വീര്യം കുറഞ്ഞ മദ്യം വഴി ലഭിക്കാവുന്ന വരുമാനം കൈവിടുന്നതു ബുദ്ധിയെല്ലന്ന ചിന്തയുമുണ്ട്.
ഡല്‍ഹി മദ്യനയത്തില്‍ കുടുങ്ങിയാണ് മുഖ്യമന്ത്രിയായിരുന്ന അരവിന്ദ് കെജ് രിവാളിന് സ്ഥാനം നഷ്ടമായി ജയിലില്‍ കഴിയേണ്ടിവന്നത്. വിവാദ മദ്യനയം മന്ത്രിസഭാ അംഗീകാരത്തോടെയാണ് നടപ്പാക്കിയതെന്ന കണ്ടെത്തലാണ് കെജ് രിവാളിനെ കുടുക്കിയത്. എന്നാല്‍ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടനയും വിതരണവും അടക്കമുളളവ ബജറ്റില്‍ ഉള്‍പ്പെടുത്തി ചര്‍ച്ചയ്ക്ക് വിഷയമാക്കിയതോടെ കോടതി ഇടപെടലിന് വഴിയില്ലാതെയായി. ബജറ്റ് ചര്‍ച്ചയില്‍ സ്വാഭാവികമായും മദ്യ നികുതി ഘടനയും ഉള്‍പ്പെടും. നിലവിലെ സാഹചര്യത്തില്‍ അനായാസേന പാസാക്കപ്പെടുകയും ചെയ്യും. നിയമസഭ പാസാക്കിയ വിഷയത്തില്‍ ഇടപെടാന്‍ കോടതികളും തയ്യാറാകില്ല. ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണവും ഉണ്ടയില്ലാ വെടിയാകും.
ബീവ്റേജ് കോര്പ്പറേഷന് നേരിട്ട് തീരുമാനമെടുത്ത് വീര്യം കുറഞ്ഞ മദ്യം വിപണിയിലിറക്കിയാലും അഴിമതി ആരോപണമടക്കം ഉയര്‍ത്താന്‍ സാധിക്കുമായിരുന്നു. മദ്യനയത്തിന് അംഗീകാരം നല്‍കുന്നതിന് സമാനമായി കാബിനറ്റിന്റെ ഇടപെടലുണ്ടാകുന്ന സാഹചര്യമുണ്ടായിരുന്നെങ്കിലും നിയമത്തിന്റെ പിടിവീഴാനുളള സാധ്യതയും നിലനിന്നേനെ. എന്നാല്‍ എല്ലാ പഴുതുമടച്ച് സുതാര്യവും ജനാധിപത്യപരവുമായി നടത്തിയ നികുതി ഘടനാ പ്രഖ്യാപനത്തിനെതിരെയുളള ആരോപണങ്ങളും സുധീരനടക്കമുള്ളവരുടെ പാളയത്തിലെ പടയും, വീര്യം കുറഞ്ഞ് ഏശാതെ പോകുമെന്ന കണക്ക് കൂട്ടലിലാണ് മുഖ്യമന്ത്രി.






