
കൊച്ചി: സി.എം.ആര്.എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് വീണ്ടും ഇ.ഡി. സമന്‍സ്. 29-ന് ഹാജരാകണം. കോടതി നിര്‍ദേശപ്രകാരം സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്.എഫ്.ഐ.ഒ) കൈമാറേണ്ട കേസ് രേഖകള്‍ ഇ.ഡിക്കു ലഭിച്ചിട്ടില്ല. കോടതി അനുവദിച്ച 10 ദിവസം കാലാവധി 17-ന് കഴിഞ്ഞു. രേഖകള്‍ക്കായി എസ്.എഫ്.ഐ.ഒ. അന്വേഷണസംഘവുമായി ഇ.ഡി. ചര്‍ച്ച നടത്തും. 134 രേഖകളാണ് ലഭിക്കേണ്ടത്.താത്കാലിക കണ്ടുകെട്ടലിന്റെ തെളിവ് സമാഹരണമാണ് നിലവില്‍ ഇ.ഡി. നടത്തുന്നത്. 242 അക്കൗണ്ടുകളിലായി 18 കോടി രൂപ മരവിപ്പിച്ചതില്‍ വീണയുടെ രണ്ട് അക്കൗണ്ടും എക്സാലോജിക്കിന്റെ ഒരു അക്കൗണ്ടും ഉള്‍പ്പെടുന്നു. വീണയുടെ ബാങ്ക് ലോക്കര്‍ പരിശോധിച്ച ഇ.ഡിക്ക് സി.എം.ആര്.എലുമായുള്ള ഇടപാടിന്റെ രേഖകളൊന്നും കിട്ടിയില്ലെന്നാണ് സൂചന.
തിരുവനന്തപുരത്ത് എച്ച്.ഡി.എഫ്.സി. ബാങ്ക് ശാഖയിലെ ലോക്കറാണ് ഇ.ഡി. തുറന്ന് പരിശോധിച്ചത്.






