
തിരുവനന്തപുരം: സംസ്‌ഥാനത്ത് രാത്രിയിലെ കടുത്ത വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെ.എസ്.ഇ.ബിയുടെ മുന്നറിയിപ്പ്.
നിലവില്‍ വൈദ്യുതി വാങ്ങാന്‍ യൂണിറ്റിന് 10 രൂപയെന്ന ഉയര്‍ന്ന പരിധി നിയന്ത്രണമുണ്ടെങ്കിലും വേണ്ടിവന്നാല്‍ അതു മറികടന്നും വാങ്ങേണ്ടി വരുമെന്ന് വൈദ്യുതി റഗുലേറ്ററി കമ്മിഷനെ കെ.എസ്.ഇ.ബി. അറിയിച്ചു. ഇല്ലെങ്കില്‍ ഈമാസം 30 വരെ ഏര്‍പ്പെടുത്തിയിരിക്കുന്ന വൈദ്യുതി നിയന്ത്രണമെന്ന പേരിലുള്ള ലോഡ് ഷെഡിങ് കൂടുതല്‍ സമയം തുടരേണ്ടിവരും.
ഈമാസം 30 വരെ അടുത്ത ഓരോ മാസവും ആവശ്യമായ വൈദ്യുതിക്കായി ഡീപ് പോര്‍ട്ടലില്‍ കെ.എസ്.ഇ.ബി. ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഈ മാസത്തേക്ക് ആരും ബിഡ് നല്‍കിയില്ല. ഇ-ലേലത്തില്‍ ജൂലൈയിലേക്ക് യൂണിറ്റിന് 10.99 രൂപവരെ നിരക്ക് കമ്പനികള്‍ രേഖപ്പെടുത്തിയെങ്കിലും ചര്‍ച്ചയിലൂടെ ഇത് 9.99 രൂപയായി കുറച്ചു. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള നിരക്ക് കമ്പനികള്‍ 9.07 രൂപയും 9.02 രൂപയുമാക്കിയിരുന്നത് 8.89 രൂപയായി കുറച്ചു. സെപ്‌റ്റംബറില്‍ യൂണിറ്റിന് 12.98 രൂപ എന്ന ഉയര്‍ന്ന നിരക്ക് വന്നതിനാല്‍ വീണ്ടും ടെന്‍ഡര്‍ ചെയ്യാനും കെ.എസ്.ഇ.ബി. തീരുമാനിച്ചു.
വേനല്‍ക്കാലത്ത് വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ മറ്റു സംസ്‌ഥാനങ്ങളില്‍നിന്നു ബാങ്കിങ് കരാറിലൂടെ വായ്‌പയായി വാങ്ങിയ വൈദ്യുതി സെപ്‌റ്റംബര്‍ 30 വരെയുള്ള കാലയളവിലാണ് കൊടുത്തു തീര്‍ക്കേണ്ടത്. റിസര്‍വോയറുകളില്‍ വെള്ളം തീരെ കുറഞ്ഞതിനൊപ്പം കൊടുത്തുതീര്‍ക്കേണ്ട ഈ കടം കൂടിയായതോടെയാണ് സംസ്‌ഥാനം രൂക്ഷമായ പ്രതിസന്ധിയിലായത്. പകല്‍ സമയത്ത് സോളര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്നുണ്ട്. പക്ഷേ, രാത്രികാലത്തെ ഉപയോഗത്തിന് ആവശ്യമായ ബാറ്ററി സ്‌റ്റോറേജ് സംവിധാനം സംസ്‌ഥാനത്തില്ല.






