
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ ഭരണസമിതി അപ്പാടെ രാജിവച്ചു. വാര്‍ഷിക പൊതുയോഗത്തിലെ തര്‍ക്കത്തേത്തുടര്‍ന്നാണ് പ്രസിഡന്റ് ശ്വേതാ മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും ഉള്‍പ്പെടെ 17 ഭരണസമിതി അംഗങ്ങളും സ്ഥാനമൊഴിഞ്ഞത്. ശ്വേത പിന്നീട് സംഘടയുടെ പ്രാഥമികാംഗത്വവും രാജിവച്ചു.
ഭരണസമിതി രാജിവച്ചതിനേത്തുടര്‍ന്ന് 'അമ്മ' വീണ്ടും അഡ്ഹോക് കമ്മിറ്റി ഭരണത്തിലാകും. പ്രതിസന്ധി പരിഹരിക്കാന്‍ നടനും എം.എല്‍.എയുമായ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. ശ്വേതയും ഭരണസമിതിയും ഒന്നടങ്കം രാജിവച്ചതിനു പിന്നാലെ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കാന്‍ നടന് ജഗദീഷിനെ ചുമതലപ്പെടുത്തിയിരുന്നു. ജഗദീഷിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പിഷാരടിയെ കമ്മിറ്റി അധ്യക്ഷനായി തെരഞ്ഞെടുത്തത്. മുന്‍മന്ത്രി ഗണേഷ് കുമാറും അഡ്ഹോക്ക് കമ്മിറ്റിയില്‍ അംഗമായിരിക്കും.
നാല് മാസമാണ് കമ്മിറ്റിയുടെ കാലാവധി. അതിനകം പുതിയ ഭരണസമിതിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് താരസംഘടന കടക്കും. ഇന്നലെ രാവിലെ തുടങ്ങിയ പൊതുയോഗത്തില്‍ വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വന്തര്ക്കവും നാടകീയരംഗങ്ങളും അരങ്ങേറി. തര്‍ക്കം രൂക്ഷമായതോടെ, അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കുകയാണെന്നു ശ്വേത വൈകാരികമായി പ്രഖ്യാപിച്ചു. തനിക്കു രാഷ്ട്രീയമില്ലെന്നും എന്നാല്‍ ബി.ജെ.പിക്കാരിയാക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നുവെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് വേദിവിട്ട ശ്വേതയെ നടന് ബാബുരാജിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിക്കാനും തിരികെവിളിക്കാനും ശ്രമിച്ചു. അതിനു പിന്നാലെയാണ് ഭരണസമിതിയാകെ രാജിവച്ചത്.
ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന് അവതരിപ്പിച്ച വരവ് ചെലവ് കണക്കുകളില്‍ വ്യക്തതയില്ലെന്നാരോപിച്ച് സിദ്ധിഖും ബാബുരാജും ഇടവേള ബാബുവും വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാന്‍ സമ്മതിച്ചില്ല. റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ലെന്ന് രഞ്ജി പണിക്കരും വ്യക്തമാക്കിയതോടെ യോഗം കലുഷിതമായി. തുടര്‍ന്ന്, വിഷയം പഠിക്കാന്‍ 45 ദിവസത്തെ സാവകാശം പ്രസിഡന്റ് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പാസാക്കാനുള്ള തീവ്രശ്രമം ഉച്ചകഴിഞ്ഞും തുടരുന്നതിനിടെയാണ് ശ്വേത രാജി പ്രഖ്യാപിച്ചത്.






