
തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ സംവിധായകന് രഞ്ജിത്തിനെതിരേ എറണാകുളം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്.
സിനിമയില്‍ കൂടുതല്‍ പ്രാധാന്യമുള്ള കഥാപാത്രം നല്‍കാമെന്നു പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി
ലൈംഗികമായി ഉപദ്രവിച്ചെന്നാണ് അതിജീവിതയുടെ പരാതി. കേസില്‍ ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം വിശദമായിപരിശോധിച്ചിരുന്നു. കാരവന് പിടിച്ചെടുത്തും പരിശോധന നടത്തി. കേസില്‍ രഞ്ജിത്ത് ജാമ്യത്തിലാണ്. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യമനുവദിച്ചത്. നടിയുടെ അഭിനയത്തെ സംവിധായകനെന്ന നിലയില്‍ വിമര്‍ശിച്ചതിന്റെ വൈരാഗ്യം മൂലമുള്ള വ്യാജപരാതിയെന്നായിരുന്നു ജാമ്യഹര്‍ജിയില്‍ രഞ്ജിത്തിന്റെ വാദം. എന്നാല്‍, രഞ്ജിത്ത് സമാനമായ കേസില്‍ മുമ്പും പ്രതിയായിരുന്നെന്നു പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാര്‍ച്ച് 31-ന് തൊടുപുഴയില്‍ രഞ്ജിത്ത് സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞാണ് അറസ്റ്റ് ചെയ്തത്.
അന്വേഷണോദ്യോഗസ്ഥന് ബിജു ജോണ്‍ ലൂക്കോസാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ ൈക്രം നമ്പര്‍ 04/2026 കേസില്‍ രഞ്ജിത്ത് ബാലകൃഷ്ണന് എന്ന രഞ്ജിത്തിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. രഞ്ജിത്തിനെതിരേ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊച്ചി ഡി.സി.പി: അശ്വതി ജിജിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘമാണ് കേസ് അന്വേഷിച്ചത്.
കഴിഞ്ഞ ജനുവരി 30-ന് ഉച്ചയ്ക്ക് 12:30-നും 12:45-നുമിടയില്‍ ഫോര്‍ട്ട് കൊച്ചിയിലെ ആസ്പിന്‍വാള്‍ ലൊക്കേഷനിലെ കാരവാനിലായിരുന്നു ലൈംഗികാതിക്രമം. ഭാരതീയ ന്യായ സംഹിത (ബി.എന്‍.എസ്) പ്രകാരമുള്ള വിവിധ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയിട്ടുള്ളത്.
എസ്. നാരായണന്






