
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് മഞ്ഞ അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യത. നാളെ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഞ്ഞ അലെര്‍ട്ട് നിലനില്ക്കും. ജനം ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണം കണ്ടാല്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. മരച്ചുവട്ടില്‍ നില്ക്കുന്നതും തുറസായ സ്ഥലങ്ങളില്‍ തുടരുന്നതും ഒഴിവാക്കണം. ഇടിമിന്നല്‍ സമയത്ത് വൈദ്യുതോപകരണങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം. കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയവ നിര്‍ത്തി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദേശമുണ്ട്. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലെ യാത്രയും ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിര്‍ദേശിച്ചു.






