
ന്യൂഡൽഹി: താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതിയുടെ രാജിയെ തുടർന്ന് ശ്വേതാ മേനോന് പിന്തുണയുമായി തമിഴ്, തെലുങ്ക് വനിതാ താര കൂട്ടായ്മകൾ രംഗത്ത്. ശ്വേതാ മേനോന്റെ പ്രതികരണം ധീരമാണെന്ന് സൗത്ത് ഇന്ത്യൻ സിനിമാ പ്രൊഫഷണൽ കളക്ടീവ് അഭിപ്രായപ്പെട്ടു. കുറ്റാരോപിതരെ സംരക്ഷിക്കാൻ ചിലർ അവരെ ലക്ഷ്യമാക്കി മനപ്പൂർവം വേട്ടയാടിയതായും തമിഴ് വനിതാ സംഘടനയുടെ പ്രസ്താവനയിൽ പറയുന്നു.
തെലുങ്ക് സിനിമാ മേഖലയിൽ നിന്നുള്ള ‘വോയ്സ് ഓഫ് വിമൻ’ സംഘടനയും ശ്വേതയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽ നടന്നത് ഒരു വനിതാ താരത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഉദാഹരണമാണെന്ന് സംഘടന പ്രതികരിച്ചു. സമാനമായ സാഹചര്യങ്ങൾ തെലുങ്ക് സിനിമാ മേഖലയിലും നിലനിൽക്കുന്നുണ്ടെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, ഇന്നലെ നടന്ന യോഗത്തിന് പിന്നാലെ ‘അമ്മ’ സംഘടനയുടെ പ്രസിഡന്റ് ശ്വേതാ മേനോൻ അടക്കം ഭരണസമിതിയിലെ മുഴുവൻ 17 അംഗങ്ങളും രാജിവെച്ചിരുന്നു. കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കി നിൽക്കെയാണ് രാജി. നേരത്തെ ജോയിന്റ് സെക്രട്ടറി അൻസിബ ഹസൻ രാജിവെച്ചിരുന്നു.
അവിശ്വാസ പ്രമേയം നേരിടാതെ തന്നെയാണ് ഭരണസമിതി മുഴുവൻ രാജിവെച്ചത്. തുടർന്ന് ഒമ്പത് അംഗങ്ങളടങ്ങിയ അഡ്ഹോക് കമ്മിറ്റി രൂപീകരിച്ചു. രമേഷ് പിഷാരടി കൺവീനറായ കമ്മിറ്റിയിൽ കെ.ബി. ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ. റോണി, കൃഷ്ണപ്രഭ, ആശാ അരവിന്ദ്, ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അംഗങ്ങൾ.






