ജനീവ/ടെഹ്‌റാന്‍/വാഷിങ്‌ടണ്‍: സ്വിറ്റ്‌സര്‍ലന്‍ഡിലെ ആദ്യഘട്ട ചര്‍ച്ചയ്‌ക്കു പിന്നാലെ അസംസ്‌കൃത എണ്ണ വില്‍ക്കാന്‍ ഇറാനെ അനുവദിച്ച് അമേരിക്ക. 60 ദിവസത്തേക്ക് എണ്ണ വില്‍ക്കാനാണ് അനുമതി. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പല്‍ ഗതാഗതവും സാധാരണ നിലയിലേക്കു നീങ്ങുകയാണ്. എന്നാല്‍, കരാറിനെ വെല്ലുവിളിച്ച് ഇസ്രയേല്‍ വീണ്ടും രംഗത്തെത്തിയത് സമാധാനത്തിനു ഭീഷണിയായി.
ഓഗസ്‌റ്റ് 21 വരെ ഇറാന്റെ അസംസ്‌കൃത എണ്ണ, പെട്രോകെമിക്കല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ഉത്‌പാദനം, വിതരണം, വില്‍പന എന്നിവയ്‌ക്ക് അനുമതി നല്‍കുന്ന പൊതു ലൈസന്‍സ് ഇന്നലെ യു.എസ്. ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ചു. , ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ ഗതാഗതം ഉറപ്പാക്കാനും രാജ്യാന്തര ആണവോര്‍ജ ഏജന്‍സി ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക് രാജ്യത്ത് പ്രവേശനം നല്‍കാനും ഇറാന്‍ സമ്മതിച്ചിട്ടുണ്ടെന്ന് യു.എസ്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് അറിയിച്ചു.
ഏകദേശം 20 ലക്ഷം ബാരല്‍ എണ്ണയുമായി രണ്ട് എണ്ണക്കപ്പലുകള്‍ ഇന്നലെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിച്ചു. ഇത് ഗതാഗതം വീണ്ടും സജീവമാകുന്നതിന്റെ സൂചനയാണ്. 40 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വഹിക്കാന്‍ ശേഷിയുള്ള രണ്ട് സൂപ്പര്‍ടാങ്കറുകള്‍ കടലിടുക്കിലൂടെ ഗള്‍ഫ് മേഖലയിലേക്ക് പ്രവേശിച്ചതായും, അതിലൊന്ന് ഇറാഖിലെ ബസ്ര തുറമുഖം ലക്ഷ്യമാക്കിയാണ് നീങ്ങുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
ഫെബ്രുവരി 28ന് ഇറാനെതിരേ യു.എസ്- ഇസ്രായേല്‍ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് പ്രതിദിനം ശരാശരി 125 കപ്പലുകളാണു ഹോര്‍മുസിലൂടെ സഞ്ചരിച്ചിരുന്നത്.
അതേ സമയം, ലബനനിലെ തങ്ങളുടെ സൈന്യത്തിന് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. 'തെക്കന്‍ ലബനനിലെ നമ്മുടെ സൈനികള്‍ക്ക്, തങ്ങള്‍ക്കോ വടക്കന്‍ ഇസ്രയേലിലെ താമസക്കാര്‍ക്കോ നേരെയുള്ള ഏത് ഭീഷണിയും തടയാന്‍ പൂര്‍ണമായ പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ട്.'- അദ്ദേഹം പറഞ്ഞു. ആവശ്യമുള്ളിടത്തോളം കാലം തെക്കന്‍ ലബനനിലെ സുരക്ഷാ മേഖലയില്‍ തുടരുമെന്നും അദ്ദേഹം വ്യക്‌മാക്കി.
യു.എസുമായുള്ള ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തങ്ങളുടെ സൈന്യം ജാഗ്രതയിലാണെന്നും ഏത് ഭീഷണിയും നേരിടാന്‍ സജ്‌ജമാണെന്നും ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ഡെപ്യൂട്ടി സെക്രട്ടറി ഗദീര്‍ നെസാമി പ്രതികരിച്ചു. സമാധാന ചര്‍ച്ചകള്‍ക്കിടയിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ യു.എസും ഇസ്രയേലും രണ്ട് തവണ ഇറാനെ ആക്രമിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ചര്‍ച്ചയില്‍ പൂര്‍ണവിശ്വാസമില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഹിസ്‌ബുള്ളയും ഇസ്രയേലും തമ്മില്‍ മൂന്ന് മാസമായി തുടരുന്ന യുദ്ധത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമാധാന അന്തരീക്ഷമാണ് ഇപ്പോള്‍ ലബനനിലുള്ളത്. എങ്കിലും വീണ്ടും സംഘര്‍ഷമുണ്ടാകുമെന്ന ഭീതി കാരണം പലായനം ചെയ്‌തവര്‍ക്ക് വീടുകളിലേക്ക് മടങ്ങാന്‍ കഴിഞ്ഞിട്ടില്ല.
ഹിസ്‌ബുള്ളയ്‌ക്ക് മേല്‍ തങ്ങളുടെ തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ ഇറാന് കഴിഞ്ഞേക്കുമെന്നാണു നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ യു.എസ്. നിര്‍ദേശങ്ങള്‍ ഇസ്രയേലികള്‍ അത് എത്രത്തോളം അനുസരിക്കും എന്നത് കണ്ടറിയണമെന്നാണു പ്രതിരോധ വിദഗ്‌ധര്‍ പറയുന്നത്.

