
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലെ മലയാളി പ്രാതിനിധ്യമായ ജോര്‍ജ് കുര്യന്‍(65) രാജിവച്ചു. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു രാജി സ്വീകരിച്ചതായി രാഷ്‌ട്രപതി ഭവന്‍ അറിയിച്ചു. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാ എം.പിയായിരുന്നു കുര്യന്‍. ഇത്തവണ സംസ്‌ഥാനത്തുനിന്ന് തരുണ്‍ ചുഗിനെയും രജനീഷ് അഗര്‍വാളിനെയുമാണ് ബി.ജെ.പി. രാജ്യസഭയിലേക്ക് അയച്ചത്. രാജ്യസഭാ എം.പിയെന്ന നിലയില്‍ ജോര്‍ജ് കുര്യന്റെ കാലാവധി അവസാനിച്ചതോടെ രാജി അനിവാര്യമായി മാറുകയായിരുന്നു. കോട്ടയം സ്വദേശിയായ ജോര്‍ജ് കുര്യനെ ക്രിസ്‌ത്യന്‍ സമൂഹത്തിന്റെ വോട്ട് ആകര്‍ഷിക്കുക എന്ന ദൗത്യമാണു പാര്‍ട്ടി ഏല്‍പ്പിച്ചിരുന്നത്. സിറോ മലബാര്‍ സഭയിലെ അംഗമാണ് അദ്ദേഹം. 1980ല്‍ ബി.ജെ.പി. രൂപീകൃതമായത് മുതല്‍ അദ്ദേഹം പാര്‍ട്ടിക്കൊപ്പമുണ്ട്. നേരത്തെ സംസ്‌ഥാന ജനറല്‍ സെക്രട്ടറി, യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി, പാര്‍ട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് സമിതി അംഗം എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയിലും 2026-ല്‍ കാഞ്ഞിരപ്പള്ളിയിലും മത്സരിച്ചു പരാജയപ്പെട്ടു. ഈ വര്‍ഷം രാജ്യസഭയിലേക്ക് വീണ്ടും നാമനിര്‍ദേശം ചെയ്യപ്പെടില്ല എന്ന കാര്യം പാര്‍ട്ടി അദ്ദേഹത്തെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ല എന്നാണു സൂചന.






