
ഗ്വാഡലഹാര: ഈ ലോകകപ്പില്‍ തന്റെ രണ്ടാം ഗോള്‍ നേടി കൊളംബിയന്‍ ഡിഫന്‍ഡര്‍ മുനോസ് വീണ്ടും ടീമിനെ രക്ഷിച്ച മത്സരത്തില്‍ ഏകപക്ഷീയമായ ഒരുഗോളിന് കൊളംബിയ കോംഗോയെ തോല്‍പ്പിച്ചു. ഗ്വാഡലഹാരയില്‍ നടന്ന മത്സരത്തില്‍ 76-ാം മിനിറ്റില്‍ ഡാനിയല്‍ മുനോസ് നേടിയ ഗോളാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്. ഈ വിജയം അവരെ രണ്ടാം റൗണ്ടിലേക്ക് കടത്തിവിട്ടു.
ഗ്രൂപ്പ് കെ-യില്‍ രണ്ടാം വിജയം നേടിയ കൊളംബിയ ആറുപോയിന്റ് നേടിയാണ് നോക്കൗട്ടില്‍ എത്തിയത്. ഇതേ ഗ്രൂപ്പില്‍ നിന്ന് ഉസ്‌ബെക്കിസ്ഥാനെ 5-0 ന് തോല്‍പ്പിച്ച പോര്‍ച്ചുഗലും യോഗ്യത നേടിയിട്ടുണ്ട്. മത്സരത്തിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും കൊളംബിയ മുന്നിട്ടുനിന്നെങ്കിലും, ഡിആര്‍ കോംഗോ ഗോള്‍കീപ്പര്‍ ലയണല്‍ എംപാസിയുടെ മികച്ച പ്രകടനം അവരെ ഏറെ നേരം തടഞ്ഞുനിര്‍ത്തി. മത്സരത്തില്‍ 8 മികച്ച സേവുകളാണ് എംപാസി നടത്തിയത്. ഒടുവില്‍ 76-ാം മിനിറ്റില്‍ ഹുവാന്‍ ക്വിന്റേറോയുടെ പാസില്‍ നിന്നും ഡാനിയല്‍ മുനോസ് വിജയഗോള്‍ നേടി.
ഈ ഗോളോടെ ഒരു ലോകകപ്പില്‍ ഒന്നിലധികം ഗോളുകള്‍ നേടുന്ന രണ്ടാമത്തെ കൊളംബിയന്‍ ഡിഫെന്‍ഡറായി ഡാനിയല്‍ മുനോസ് മാറി. 2018ല്‍ മൂന്ന് ഗോളുകള്‍ നേടിയ യെറി മിനയാണ് ആദ്യ താരം. തോറ്റെങ്കിലും ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഉസ്‌ബെക്കിസ്ഥാനെ പരാജയപ്പെടുത്തിയാല്‍ ഡിആര്‍ കോംഗോയ്ക്ക് ഇപ്പോഴും നോക്കൗട്ട് സാധ്യതയുണ്ട്.






