
ഹൂസ്‌റ്റണ്‍: ഫുട്‌ബോള്‍ കളിക്കേണ്ട പ്രായം കഴിഞ്ഞു, ടീമിനു ബാധ്യത... ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയ്‌ക്കെതിരേ നടന്ന കെ ഗ്രൂപ്പ് മത്സരത്തിനു ശേഷം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയെ വിമര്‍ശിച്ചവര്‍ നിരവധി.
ഉസ്‌ബെക്കിസ്‌ഥാനെതിരേ ആറാം മിനിറ്റില്‍ ഗോളടിച്ചതോടെ വിമര്‍ശനങ്ങള്‍ ആവിയായി. ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതിയുമായാണു ഗോളാഘോഷം തുടങ്ങിയത്. 2006 ലോകകപ്പ് മുതല്‍ ഇന്നു വരെ പോര്‍ചുഗലിനായി 144 എണ്ണം പറഞ്ഞ ഗോളുകള്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയും ആറ് ലോകകപ്പുകള്‍ കളിച്ചിട്ടുണ്ട്. പക്ഷേ ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ താരമെന്ന ഖ്യാതി ക്രിസ്‌റ്റ്യാനോയ്‌ക്കു മാത്രം സ്വന്തം. 2006, 2010, 2014, 2018, 2022 ലോകകപ്പുകളിലും സൂപ്പര്‍ താരം ഗോളടിച്ചു. മെസിക്ക് 2010 ലോകകപ്പില്‍ ഗോളടിക്കാനായില്ല. ഇതിഹാസം ഡീഗോ മാറഡോണ കോച്ചായിരുന്ന ആ ലോകകപ്പില്‍ അവരുടെ പ്രകടനം ദയനീയമായിരുന്നു. ലോകകപ്പില്‍ ഗോളടിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണു ക്രിസ്‌റ്റ്യാനോ. 41 വര്‍ഷവും 138 ദിവസവും പ്രായമുള്ളപ്പോഴാണു താരം ഗോളടിച്ചത്.
കാമറൂണിന്റെ റോജര്‍ മില്ല റഷ്യക്കെതിരേ ഗോളടിച്ചത് 42 വര്‍ഷവും 39 ദിവസവും പ്രായമുള്ളപ്പോഴാണ്. ആറാം മിനിറ്റില്‍ ജോയ കാന്‍സെലോയുടെ ക്രോസിനെ ഗോള്‍ കീപ്പര്‍ അബ്‌ദുവാഹിദ് നെമാറ്റോവിന്റെ കൈകള്‍ക്കിടയിലൂടെ ക്രിസ്‌റ്റ്യാനോ ഗോളാക്കി.
അതോടെ ഹൂസ്‌റ്റണ്‍ സ്‌റ്റേഡിയം 41 വയസുകാരനായ സൂപ്പര്‍ താരത്തിനു വേണ്ടി നിര്‍ത്താടെ കൈയടിച്ചു. 17-ാം മിനിറ്റില്‍ ക്രിസ്‌റ്റ്യാനോയുടെ പരിചയ സമ്പത്ത് ലീഡ് ഇരട്ടിയാക്കി. ഉസ്‌ബെക്ക് ബോക്‌സിനു മുന്നില്‍ കിട്ടിയ ഫ്രീകിക്ക് താനെടുക്കാന്‍ പോകുകയാണെന്നു ക്രിസ്‌റ്റ്യാനോ തോന്നിപ്പിച്ചു. പക്ഷേ നുനോ മെന്‍ഡസിന്റെ ഫ്രീകിക്ക് എതിരാളികളെ അമ്പരപ്പിച്ച് വലയിലേക്ക്.
39-ാം മിനിറ്റില്‍ സൂപ്പര്‍ താരത്തിന്റെ രണ്ടാം ഗോളെത്തി. ബ്രൂണോ ഫെര്‍ണാണ്ടസ് തുടങ്ങി വച്ച പ്രത്യാക്രമണത്തെ ക്രിസ്‌റ്റ്യാനോ ഉസ്‌ബെക്ക് പ്രതിരോധക്കാര്‍ക്കിടയിലൂടെ വലയിലാക്കി. അതോടെ കാണികളും താരത്തിനൊപ്പം 'സിയു' ആഘോഷത്തിലേക്ക്. ക്രിസ്‌റ്റ്യാനോയുടെ ലോകകപ്പിലെ പത്താം ഗോള്‍. 18 ഗോളുകളടിച്ച മെസിയാണ് പട്ടികയില്‍ ഒന്നാമത്‌്്. 60-ാം മിനിറ്റില്‍ ഉസ്‌ബെക് ഗോള്‍ കീപ്പറുടെ വക സെല്‍ഫ് ഗോള്‍.
പോര്‍ചുഗല്‍ മുന്നേറ്റം തടുക്കാനുള്ള ശ്രമത്തിനിടെ അബ്‌ദുവാഹിദ് നെമാറ്റോവിന്റെയും സഹതാരം അബ്‌ദുകാദിര്‍ ഖുനാസോവിന്റെയും ദേഹത്തു തട്ടി പന്ത് സ്വന്തം വലയില്‍. 83-ാം മിനിറ്റില്‍ പകരക്കാരനായെത്തിയ റാഫേല്‍ ലിയോ അഞ്ചാം ഗോളടിച്ചു പോര്‍ചുഗലിന്റെ പട്ടിക തികച്ചു.




