
ലീഡ്‌സ്: പാകിസ്‌താനെതിരായ വനിതകളുടെ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് 113 റണ്ണിന്റെ തകര്‍പ്പന്‍ ജയം.
പകലും രാത്രിയുമായി നടന്ന ഗ്രൂപ്പ് 1 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് വനിതകള്‍ ഏഴ് വിക്കറ്റിന് 199 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ 13.4 ഓവറില്‍ 86 റണ്ണിന് ഓള്‍ഔട്ടായി. ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുനീബ അലി (25 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 32) മാത്രമാണു പാക് നിരയില്‍ പൊരുതിയത്. നായിക ഫാത്തിമ സന (12 പന്തില്‍ 17), ഇറാം ജാവേദ് (ഒന്‍പത് പന്തില്‍ 14) എന്നിവരാണു രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഓസീസിനായി അനാബെല്‍ സതര്‍ലന്‍ഡ്, എലിസ പെറി, സോഫി മോളിനസ്‌ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ജോര്‍ജിയ വാറെം ഒരു വിക്കറ്റുമെടുത്തു.
ടോസ് നേടിയ ഓസീസ് നായിക സോഫി മോളിനക്‌സ് ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. എലിസ പെറിയുടെ (48 പന്തില്‍ ഒരു സിക്‌സറും ഒന്‍പത് ഫോറുമടക്കം 71) അര്‍ധ സെഞ്ചുറിയും ഓപ്പണര്‍ ജോര്‍ജിയ വോള്‍ (28 പന്തില്‍ 39), അനാബെല്‍ സതര്‍ലന്‍ഡ് (18 പന്തില്‍ 27), നികോള കാരി (13 പന്തില്‍ പുറത്താകാതെ 26) എന്നിവരുടെ ബാറ്റിങുമാണ് ഓസീസിനെ മികച്ച സ്‌കോറിലെത്തിച്ചത്. സാദിയ ഇഖ്‌ബാല്‍ എറിഞ്ഞ മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബെത് മൂണി പുറത്തായിരുന്നു.




