
കുവൈറ്റ് സിറ്റി: കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യന്‍ എംബസിയും പാസ്പോര്‍ട്ട് സേവന നിരക്കുകള്‍ കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി സാധാരണക്കാരായ പ്രവാസികളോട് കാണിക്കുന്ന കടുത്ത അനീതിയാണെന്നും ഇത് അടിയന്തരമായി പിന്‍വലിക്കണമെന്നും ഒ.ഐ.സി.സി (ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്) കുവൈത്ത് നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജനവിരുദ്ധ തീരുമാനം കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന് മേല്‍ വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.
നാട്ടിലേക്ക് പോകാനുള്ള വിമാന ടിക്കറ്റ് നിരക്കുകള്‍ അടിക്കടി വര്‍ദ്ധിക്കുന്നതും, കുവൈറ്റിലെ വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളും കാരണം സാധാരണക്കാരായ പ്രവാസികള്‍ ഇതിനകം തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇതിനിടയിലാണ് ഇടിത്തീപ്പോലെ പാസ്പോര്‍ട്ട് നിരക്കുകളും കുത്തനെ കൂട്ടിയിരിക്കുന്നത്. സാധാരണ പാസ്പോര്‍ട്ട് പുതുക്കുന്നതിനും പുതിയത് എടുക്കുന്നതിനുമുള്ള ഫീസുകളില്‍ വന്‍ വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇത് നാലോ അഞ്ചോ അംഗങ്ങളുള്ള ഒരു പ്രവാസി കുടുംബത്തിന്റെ പാസ്പോര്‍ട്ടുകള്‍ ഒന്നിച്ച് പുതുക്കേണ്ടി വരുമ്പോള്‍ വലിയൊരു തുക ഫീസിനത്തില്‍ മാത്രം അധികമായി കണ്ടെത്തേണ്ടി വരുന്ന സാഹചര്യമുണ്ടാക്കും.
പാസ്പോര്‍ട്ട് നിരക്കുകള്‍ക്ക് പുറമെ മറ്റ് കോണ്‍സുലര്‍ സേവനങ്ങള്‍ക്കും അനുബന്ധ സര്‍വീസ് ചാര്‍ജ് വര്‍ദ്ധനവ് ബാധകമാക്കുന്നത് കുറഞ്ഞ വരുമാനക്കാരായ സാധാരണ തൊഴിലാളികളുടെയും നഴ്‌സുമാര്‍ അടക്കമുള്ള പ്രൊഫഷണലുകളുടെയും പോക്കറ്റ് ചോര്‍ത്തുന്ന നടപടിയാണ്.
പാസ്പോര്‍ട്ട് എന്നത് കേവലമൊരു യാത്രാരേഖ മാത്രമല്ല, ലക്ഷക്കണക്കിന് സാധാരണക്കാരായ ആളുകളുടെ ജീവിതോപാധിക്കുള്ള പ്രധാന മാര്‍ഗ്ഗം കൂടിയാണ്. പണം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം ജനദ്രോഹ നടപടികളില്‍ നിന്നും കേന്ദ്ര സര്‍ക്കാരും ഇന്ത്യന്‍ എംബസിയും പിന്മാറണം. പ്രവാസ ലോകത്തിന്റെ പ്രയാസങ്ങള്‍ കണക്കിലെടുത്ത്, വര്‍ദ്ധിപ്പിച്ച പാസ്പോര്‍ട്ട് ഫീസ് പൂര്‍ണ്ണമായും പിന്‍വലിക്കാനും പ്രവാസികള്‍ക്ക് ആവശ്യമായ സാമ്പത്തിക ആശ്വാസം നല്‍കാനും ഇന്ത്യന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഒ.ഐ.സി.സി കുവൈത്ത് കമ്മിറ്റി സംയുക്ത പ്രസ്താവനയിലൂടെ വര്‍ക്കിംഗ് പ്രസിഡന്റ് ബി എസ് പിള്ളയും ജനറല്‍ സെക്രട്ടറി എം എ നിസാം ആവശ്യപ്പെട്ടു.






