
വാഷിങ്ടൺ: കഴിഞ്ഞ ദിവസം ഉസ്ബെക്കിസ്ഥാനെതിരായ ലോകകപ്പിലെ പോർച്ചുഗലിന്റെ രണ്ടാം മത്സരത്തിൽ വിമർശകരുടെ വായടപ്പിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ടഗോളുകൾ നേടി. ഇതോടെ ആറ് ലോകകപ്പുകളിൽ ഗോൾ നേടിയ ഒരേയൊരു താരമെന്ന ചരിത്ര റെക്കോർഡും അദ്ദേഹം സ്വന്തമാക്കി. 41-ാം വയസിലും ഫുട്ബോളിനോടുള്ള തന്റെ അദമ്യമായ പ്രണയം പ്രകടനത്തിലൂടെ ഇതിഹാസ താരം വീണ്ടും തെളിയിക്കുകയായിരുന്നു.
തുടർന്ന് പ്രമുഖ സ്പോർട്സ് ബ്രാൻഡായ നൈക്കി പോർച്ചുഗൽ നായകന് പ്രത്യേക ആദരവുമായി എത്തി. ക്രിസ്റ്റ്യാനോയുടെ 20 വർഷം നീണ്ട ലോകകപ്പ് കരിയറിനെ അനുസ്മരിപ്പിക്കുന്ന പ്രത്യേക ബൂട്ടുകൾ പുറത്തിറക്കിയാണ് കമ്പനി അദ്ദേഹത്തിന്റെ റെക്കോർഡ് ഗോൾ നേട്ടത്തെ ആദരിച്ചത്.
കരിയറിലെ ആറാം ലോകകപ്പാണ് ക്രിസ്റ്റ്യാനോ കളിക്കുന്നത്. 2006, 2010, 2014, 2018, 2022, 2026 ലോകകപ്പുകളിലെല്ലാം താരം ഗോൾ നേടിയിട്ടുണ്ട്. ലോകകപ്പ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു താരം ആറ് വ്യത്യസ്ത പതിപ്പുകളിൽ ഗോൾ നേടുന്ന നേട്ടം സ്വന്തമാക്കുന്നത്. ഈ അപൂർവ റെക്കോർഡിനാണ് നൈക്കി പ്രത്യേക ആദരം അർപ്പിച്ചത്.





