
ലോകകപ്പില്‍ ഇറാന് ഫുട്ബോള്‍ ടീമിന് ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. അവസാന ഗ്രൂപ്പ് മത്സരത്തിനായി രണ്ട് ദിവസം മുമ്പ് അമേരിക്കയില്‍ പ്രവേശിക്കാന്‍ ടീമിന് അനുമതി ലഭിച്ചു.
ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കായി മത്സരത്തിന്റെ തലേന്ന് മാത്രമേ അമേരിക്കയിലെത്താവൂ എന്നായിരുന്നു ഇറാന് ടീമിന് നല്‍കിയിരുന്ന നിര്‍ദേശം. വെടിനിര്‍ത്തല്‍ കരാര്‍ നിലവിലുണ്ടായിരുന്നെങ്കിലും അതിന്റെ പ്രതിഫലനം ഈ യാത്രാ ക്രമീകരണങ്ങളില്‍ ഉണ്ടായിരുന്നില്ല.
മെക്സിക്കോയില്‍ തങ്ങിയിരുന്ന ഇറാന് ടീം ഓരോ മത്സരത്തിനും തലേന്ന് അമേരിക്കയിലെത്തി കളിച്ചശേഷം ഉടന്‍ തന്നെ തിരിച്ചുപോകേണ്ട സാഹചര്യമുണ്ടായിരുന്നു. ദീര്‍ഘദൂര യാത്രയും മതിയായ വിശ്രമം ലഭിക്കാത്തതും ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് പരിശീലകന് അമീര്‍ ഗാലെനോയി ഉള്‍പ്പെടെയുള്ളവര്‍ പരാതിപ്പെട്ടിരുന്നു.
ഇതിനെ തുടര്‍ന്നാണ് അവസാന ഗ്രൂപ്പ് മത്സരത്തിന് ഇളവ് അനുവദിച്ചത്. ജൂണ്‍ 27ന് സിയാറ്റിലില്‍ ഈജിപ്തിനെതിരായ മത്സരത്തിനായി ഇറാന് ടീമിന് രണ്ട് ദിവസം മുമ്പ് അമേരിക്കയിലെത്താമെന്ന് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം നേടിയാല്‍ ഇറാന് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറും. എന്നാല്‍ മത്സരം കഴിഞ്ഞ ഉടന്‍ തന്നെ ടീം മടങ്ങണമെന്ന സുരക്ഷാ നിബന്ധനയില്‍ മാറ്റമില്ല.





