
ബോസ്റ്റണ്‍: എംബാപ്പെ ഹാലന്‍ഡ് ഫൈറ്റ് കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് വിഷ്വല്‍ ട്രീറ്റ് നല്കി ഡെംബെലേ ഷോ. ഫ്രാന്‍സും നോര്‍വേയും തമ്മിലുള്ള ലോകകപ്പിലെ ഗ്ളാമര്‍ പോരാട്ടങ്ങളില്‍ ഒന്നില്‍ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് ഫ്രാന്‍സ് നോര്‍വേയെ തകര്‍ത്തുവിട്ടു. മത്സരത്തില്‍ ഡെംബെലെ ഹാട്രിക് നേടിയപ്പോള്‍ ഡൂവേയുടെ വകയായിരുന്നു ഒരു ഗോള്‍. നോര്‍വേ ആസ്ഗാര്‍ഡിലൂടെ ഒരുഗോള്‍ മടക്കി.
ഹാലന്‍ഡ് ഉള്‍പ്പെടെയുള്ള മെയിന്‍ കളിക്കാര്‍ക്ക് വിശ്രമം നല്കി 10 മാറ്റങ്ങളുമായാണ് നോര്‍വേ ഇറങ്ങിയത്. ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഹാട്രിക്കുമായി ഡെംബെലെ കളം നിറഞ്ഞു. എഴ്, 20, 32 മിനിറ്റുകളില്‍ ഡെംബെലെ സ്കോര്‍ ചെയ്തു. ആദ്യ പകുതിയില്‍ തന്നെ നോര്‍വേ ഡിഫന്‍സിനെ താരം നിലംപരിശാക്കി.
ഏഴാം മിനിറ്റില്‍ എംബാപ്പേ നല്കിയ പാസ് സ്വീകരിച്ച് ബോക്സില്‍ കടന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെ ഡെംബെലെ വല കുലുക്കി. സമാനരീതിയില്‍ തന്നെയായിരുന്നു ഡെംബെലെയുടെ രണ്ടാം ഗോളും വന്നത്. ഇതിന് പിന്നിലും എംബാപ്പേ ആയിരുന്നു. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആസ്ഗാര് നോര്‍വേയ്ക്കായി ഒരുഗോള്‍ മടക്കി. എന്നാല്‍ ഫ്രാന്‍സിന്റെ മൂന്നാം ഗോളിന് ചന്തം ഏറെയായിരുന്നു. ഡെംബെലെയുടെ ഹാട്രിക്കായി മാറിയ ഗോളിനെ ടീംഗോള് എന്ന് പറയേണ്ടി വരും. ടീമിലെ 11 പേരുടേയും സ്പര്‍ശമുണ്ടായി. എല്ലാവരും ചേര്‍ന്ന് നടത്തിയ 17 പാസുകള്‍ക്ക് ശേഷമായിരുന്നു ഡെംബെലെ പന്ത് വലയിലാക്കിയത്.
രണ്ടാം പകുതിയില്‍ നോര്‍വേയ്ക്ക് കളിയിലേക്ക് തിരിച്ചുവരാന്‍ കിട്ടിയ പെനാല്‍റ്റി ജോര്ഗന് ലാര്‍സന്‍ ഫ്രഞ്ച് കീപ്പര്‍ മൈഗ്നാന്റെ കൈകളിലേക്ക് പായിച്ചു. 1986-ന് ശേഷം ലോകകപ്പില്‍ ഒരു പെനാല്‍റ്റി തടുക്കുന്ന ആദ്യ ഫ്രഞ്ച് കീപ്പറായി മൈഗ്നാന് മാറി. കളി തീരാന്‍ സെക്കന്‍ഡുകള്‍ ബാക്കി നില്‍ക്കെ ഡെസിറെ ഡൂവെ ഫ്രാന്‍സിന്റെ നാലാം ഗോളും ഹെഡ്ഡറിലൂടെ വലയിലാക്കി.
നോര്‍വേ തോറ്റെങ്കിലും ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി അവരും അടുത്ത റൗണ്ടിലേക്ക് കയറിയിട്ടുണ്ട്. നോക്കൗട്ടില്‍ ഹാലന്‍ഡ് ഫുള്‍ പവറില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഫ്രാന്‍സ് ആകട്ടെ 1998-ന് ശേഷം ആദ്യമായാണ് ലോകകപ്പില്‍ ഗ്രൂപ്പ് സ്റ്റേജിലെ എല്ലാ കളിയും ജയിക്കുന്നത്.





